ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും. ഇരുടീമും എതിരില്ലാത്ത രണ്ട് ഗോളിന് യഥാക്രമം ന്യൂകാസിലിനോടും ഇപ്സ്വിച് ടൗണിനോടുമാണ് നാണംകെട്ടത്. പ്രീമിയർ ലീഗിൽ തുടർച്ചയായ തോൽവിയാണ് യുനൈറ്റഡിന്റെത്. കൂടാതെ, സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ 45 വർഷത്തിനിടെ ആദ്യമായി തുടർച്ചയായി മൂന്നു മത്സരങ്ങളിൽ ചുവന്ന ചെകുത്താന്മാർ പരാജയം രുചിച്ചു. 1972നുശേഷം രണ്ടാം തവണ മാത്രമാണ് ന്യൂകാസിൽ ഓൾഡ് ട്രാഫോർഡിൽ ജയിക്കുന്നത്. ഇവർക്കായി അലക്സാണ്ടർ ഇസാകും (4) ജോയലിന്റണും (19) ഗോൾ നേടി.
ലീഗ് പട്ടികയിൽ നിലവിൽ 14ാം സ്ഥാനത്താണ് യുനൈറ്റഡ്. തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് ഏഴു പോയന്റ് മാത്രം അകലെ. ഇനിയും തിരിച്ചുവന്നില്ലെങ്കില്‍ പ്രീമിയര്‍ ലീഗിൽ നിന്നുതന്നെ പുറത്താകേണ്ടിവരും. നിലവില്‍ റെലഗേഷന് സോണില്‍ 18ാം സ്ഥാനത്തുള്ള ഇപ്സ്വിച് ടൗണിന് 15 പോയന്റാണ്. 1979ലാണ് സ്വന്തം തട്ടകത്തിൽ ഇതിനു മുമ്പ് യുനൈറ്റഡ് മൂന്നു മത്സരങ്ങളിൽ തുടർച്ചയായി തോൽക്കുന്നത്.
അതേസമയം, ചെൽസിക്കെതിരെ ഇപ്സ്വിച് ടൗണിനായി ലിയാം ഡെലാപും (12, പെനാൽറ്റി) ഹച്ചിൻസണും (53) വല ചലിപ്പിച്ചു. ആസ്റ്റൻ വില്ലയെ 2-2ന് ബ്രൈറ്റൻ തളച്ചു. 18 മത്സരങ്ങളിൽനിന്ന് 45 പോയന്റുമായി ലിവർപൂളാണ് ലീഗിൽ ഒന്നാമത്. രണ്ടാമതുള്ള നോട്ടിങ്ഹാം ഫോറസ്റ്റിന് 19 മത്സരങ്ങളിൽനിന്ന് 37 പോയന്റും. ചെൽസി (35) ആഴ്സനലിന് (36) പിന്നിൽ നാലാമതാണ്. ന്യൂകാസിൽ (32) മാഞ്ചസ്റ്റർ സിറ്റിയെ (31) ആറാമതാക്കി അഞ്ചിലേക്ക് കയറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.