മുഹമ്മദ് സലാഹിനെ ലയണൽ മെസ്സിയുമായും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും താരതമ്യം ചെയ്തതിനെ ചിരിച്ചു തള്ളി മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം പോൾ മേഴ്സൺ. മൂന്ന് വർഷത്തെ കരാർ സലാഹിന് നൽകിയേക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് താരം എതിർത്തത്. താരത്തിന് ആറ് മാസം കൂടിയാണ് ലിവർപൂളുമായി കരാറുള്ളത്.
അടുത്ത സീസണിൽ ലിവർപൂളിൽ നിന്നും താൻ മാറിയേക്കുമെന്ന് സലാഹ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കാലാവധി കൂട്ടാത്തതിനെ കുറിച്ച് സംസാരമൊന്നുമില്ലാത്തത് കാരണമാണ് അദ്ദേഹം ഇതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ ലിവർപൂൾ മൂന്ന് വർഷത്തെ കരാർ സലാഹിന് നൽകുമെന്ന് സ്കൈ സ്പോർട്സ് അവതാരകൻ ക്രിസ് ബോയഡ് പറഞ്ഞു. ഇതിനെതിരെയാണ് മേഴ്സൺ വാദിച്ചത്.
'നിങ്ങളെന്താണ് തമാശ പറയുകയാണോ? ഇപ്പോൾ തന്നെ അവന് 33 ആവാറായി മൂന്ന് വർഷം കഴിയുമ്പോൾ 36 ആകും,' എന്നായിരുന്നു മേഴ്സൺ വാദിച്ചത്. എന്നാൽ ഇതിന് മറുപടിയായി അവതാരകൻ മെസ്സി, റൊണാൾഡോ എന്നിവർ 30 വയസ്സിന് ശേഷം കളിക്കുന്നതിനെ പറ്റി പറയുകയായിരുന്നു. ഇത് ഭൂലോക മണ്ടത്തരമാണെന്നും ഒരിക്കലും റൊണാൾഡോ മെസ്സി എന്നിവരുമായി സലാഹിനെ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് മേഴ്സൺ അഭിപ്രായപ്പെട്ടു.
'റൊണാൾഡോ? നിന്നെയും നിന്‍റെ മകനെയും തമ്മിൽ താരതമ്യം ചെയ്യുന്നത് പോലെയാണ് അത്. നിങ്ങൾക്ക് റൊണാൾഡോയെ ഉപയോഗിക്കാൻ സാധിക്കില്ല. മെസ്സിയെയും. അവർ വേറൊരു തരമാണ്. സലാഹ് ഒരു ടീം പ്ലെയറാണ് എന്നാൽ മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം ടോപ് ലെവലിൽ ഉണ്ടാകില്ലെന്ന് ഉറപ്പാണ്,' മേഴ്സൺ പറഞ്ഞു.
ഈ വർഷം എല്ലാ കോമ്പിറ്റേഷനിൽ കൂടി 19 മത്സരത്തിൽ നിന്നും 12 ഗോളും പത്ത് അസിസ്റ്റും സലാഹ് സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത വർഷം സലാഹ് സൗദി പ്രോ ലീഗിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്ന് വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.