'ദൈവത്തിൽനിന്നുള്ള വരദാനം, നിങ്ങളുടെ സംഭാവന ഒരു ട്രോഫി കൊണ്ട് അളക്കാനാവില്ല'; ക്രിസ്റ്റ്യാനോക്ക് പിന്തുണയുമായി കോഹ്‍ലി

മുംബൈ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഫുട്‌ബാളിനും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കും നിങ്ങൾ നൽകിയത് ഒരു ട്രോഫി കൊണ്ട് അളക്കാനാവില്ലെന്നും കോഹ്‌ലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ഫുട്‌ബാളിലെ ഇതിഹാസതാരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ ഇത്തരമൊരു യാത്രയയപ്പല്ല അർഹിച്ചിരുന്നത് എന്ന അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് കോഹ്‌ലി പിന്തുണയുമായി രംഗത്തെത്തിയത്.

''സ്​പോർട്സിനും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കും വേണ്ടി നിങ്ങൾ ചെയ്തതിനെ ഒരു ട്രോഫിയോ ഏതെങ്കിലും പദവിയോ കൊണ്ട് അളക്കാനാവില്ല. എനിക്കും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എന്ത് തോന്നുന്നുവെന്നും ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനമെന്തെന്നും ഒരു നേട്ടത്തിനും വിശദീകരിക്കാൻ കഴിയില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്. കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ഏതൊരു കായികതാരത്തിനും പ്രചോദനം ആവുക എന്നതാണ് ഒരു മനുഷ്യനെ യഥാർഥത്തിൽ അനുഗൃഹീതനാക്കുന്നത്. നിങ്ങൾ എനിക്ക് എക്കാലത്തെയും വലിയവനാണ്''-കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ കണ്ണീരോടെ ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം കായിക പ്രേമികൾക്ക് നൊമ്പരമായിരുന്നു. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തിയ കോച്ചിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്. മൊറോക്കൊക്കെതിരായ ക്വാർട്ടർ ഫൈനലിൽ ആദ്യ ഇലവനിൽ ക്രിസ്റ്റിയാനോയെ ഉൾപ്പെടുത്താത്തതിനെതിരെ പോർച്ചുഗീസ് ഇതിഹാസ താരം ലൂയിസ് ഫിഗോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോയെ ബെഞ്ചിൽ ഇരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ടീം മാനേജ്‌മെന്റിന് ഒഴിയാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു ഫിഗോയുടെ പ്രതികരണം.

'ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി നിങ്ങൾക്ക് ലോകകപ്പ് ജയിക്കാനാകില്ല. സ്വിറ്റ്‌സർലാൻഡിനെതിരായ വിജയം ഗംഭീരമായിരുന്നു. എന്നാൽ, അത് എല്ലാ കളിയിലും ആവർത്തിക്കാനാകുമോ? ഇല്ല. ക്രിസ്റ്റ്യാനോയെ ബഞ്ചിലിരുത്തിയത് തെറ്റായിരുന്നു. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കോച്ചിനും മാനേജ്‌മെന്റിനുമാണ്' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags:    
News Summary - 'A gift from God, your contribution cannot be measured by a trophy'; Virat Kohli supports Cristiano

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.