ദോഹ: ഉദ്ഘാടന മത്സരം മുതൽ ഫൈനൽ വരെയുള്ള ലോകകപ്പ് മത്സരവേദികളിൽ ഈ അഞ്ചുപേരുടെ സംഘത്തെക്കണ്ട് നന്ദനത്തിലെ ഇന്നസെൻറ് സ്റ്റൈലിൽ ‘അവിടെയും കണ്ടു ഇവിടെയും കണ്ടു; കുമ്പിടി ഡബ്ളാ..’എന്ന് ആരെങ്കിലും പറഞ്ഞാലും അത്ഭുതമില്ല. ദോഹ നഗരം കേന്ദ്രീകരിച്ച് എട്ടു വേദികളിൽ 64 മത്സരം പൊടിപൊടിക്കുേമ്പാൾ അവിടെയും ഇവിടെയുമെല്ലാമായി എല്ലാ വേദികളിലും ഓടിയെത്തി ഒരിക്കലും മായ്ക്കാനാവാത്ത അഞ്ചുപേരുടെ സംഘമായിരുന്നു ഈ ലോകകപ്പിലെ യഥാർഥ ‘കുമ്പിടി’കൾ.
മെക്സികോയിൽ നിന്നുള്ള മേഴ്സിഡസ് റോവ, ബ്രസീലുകാരി ഗാബി മാർട്ടിൻസ്, നെതർലൻഡ്സിലെ റൂബൻ േസ്ലാട്ട്, ഇംഗ്ലണ്ടിൽ നിന്നുള്ള ബെൻ ബ്ലാക്ക്, കാനഡക്കാരി ഒസി മർവ എന്നിവരായിരുന്നു ലോകകപ്പ് വേദികളിൽ എല്ലായിടത്തുമായി പ്രത്യക്ഷപ്പെട്ട കുമ്പിടികൾ. നവംബർ 20ന് അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഖത്തർ-എക്വഡോർ ഉദ്ഘാടന മത്സരം മുതൽ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയം സാക്ഷിയായ അർജൻറീന-ഫ്രാൻസ് ഫൈനൽവരെ 64 മത്സരങ്ങൾക്കുമായി ഗാലറിയിലെത്തിയ അപൂർവ റെക്കോഡാണ് ഇവർ സ്വന്തമാക്കിയത്. 92 വർഷത്തെ ലോകകപ്പ് ചരിത്രത്തിലും ഇനി വരാനിരിക്കുന്ന ലോകകപ്പുകളുടെ സമീപകാല ചരിത്രത്തിലും ഭേദിക്കാൻകഴിയാത്ത റെക്കോഡിന് ഉടമകൾ എന്ന് ഇവരെ വിശേഷിപ്പിക്കാം.
സാധാരണ ഒരു കാണിക്കും പ്രാപ്യമല്ലാത്ത റെക്കോഡിലേക്ക് ഖത്തർ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസിയാണ് അഞ്ചുപേരെയും നയിച്ചത്. സുപ്രീംകമ്മിറ്റിയുെട പ്രത്യേക അതിഥികളായാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളെത്തിയത്. ചരിത്രത്തിലെ കോമ്പാക്ട് (ഒതുക്കമുള്ള) ടൂർണമെൻറ് എന്ന റെക്കോഡുള്ള ഖത്തറിൽ കാണികൾക്കുള്ള സാധ്യതകൾ ലോകത്തെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം. ഫലമായി വിവിധ യാത്രാ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവർ 64 മത്സരങ്ങളും കണ്ടു. ഗ്രൂപ് റൗണ്ടിൽ നാലു മത്സരങ്ങൾവരെ നടന്ന നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ 11 ദിവസം ഉറക്കംപോലും മാറ്റിവെച്ചായിരുന്നു സ്റ്റേഡിയങ്ങളിൽനിന്നും സ്റ്റേഡിയങ്ങളിലേക്കുളള ഓട്ടം.
അവസാന റൗണ്ടിൽ ഒരേസമയം രണ്ട് മത്സരങ്ങൾ നടന്നപ്പോഴും ഹാഫ് ടൈം ഇടവേളയിൽ ഇവർ വിവിധ സ്റ്റേഡിയങ്ങളിൽ ഓടിയെത്തി. 1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിൽ ആർക്കും സ്വന്തമാക്കാനാകാത്ത റെക്കോഡിലേക്കാണ് ഇവരെ സംഘടകർ നയിച്ചത്.
ജീവിതത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്നായിരുന്നു എല്ലാ മത്സരങ്ങൾക്കുമായി ഓടിയെത്തുകയെന്നതെന്ന് 50 ലക്ഷം ടിക്ടോക് ഫോളോവേഴ്സ് ഉള്ള ബെൻ ബ്ലാക് പറയുന്നു. ‘ആദ്യ ദിനം എളുപ്പമായിരുന്നു. എന്നാൽ, അടുത്ത ദിവസം മുതൽ വാനിൽ ഉറങ്ങിപ്പോകുന്ന വിധത്തിലായി ഞങ്ങളുടെ യാത്രകൾ. ഏറ്റവും ഒടുവിൽ എല്ലാം പൂർത്തിയാക്കി റെക്കോഡ് കുറിച്ചപ്പോൾ അഭിമാനം’-ബെൻ ബ്ലാക്ക് പറയുന്നു.
നേരത്തേ പരിചയമില്ലാത്തവരായിരുന്നു അഞ്ചു പേരും. ലോകകപ്പിൽ തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി ഒന്നിച്ചപ്പോൾ മാത്രമാണ് പരിചയപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു. എല്ലാ മത്സരങ്ങളും കാണുകയെന്ന ദൗത്യത്തിൽ പങ്കാളിയായത് ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായെന്ന് ഗാബി മാർട്ടിൻസ് സാക്ഷ്യപ്പെടുത്തുന്നു. ‘തീർത്തും ആസ്വദിച്ച ദിനങ്ങളായിരുന്നു. തെക്കൻ അമേരിക്കൻ രാജ്യക്കാർക്ക് പരിചയമില്ലാത്തൊരു സംസ്കാരം ലോകകപ്പിലൂടെ എത്തിക്കാൻ കഴിഞ്ഞുവെന്ന് ബ്രസീലിൽനിന്നുള്ള ഗാബി മാർട്ടിൻസ് പറയുന്നു.
തുമാമ സ്റ്റേഡിയത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ തദ്ദേശീയർ ഈത്തപ്പഴവും പഴങ്ങളും നൽകി കാണികളെ സ്വീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ വലിയ സ്വീകാര്യത ലഭിച്ചതായും ഇവർ പറയുന്നു. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലുമായി ദശലക്ഷം പേർ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളാണ് അഞ്ചുപേരും. ഓസിയെ 57 ലക്ഷം പേരും മേഴ്സിഡസിനെ 78 ലക്ഷം പേരും ടിക്ടോകിൽ പിന്തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.