ദോഹ: ഫോട്ടോയെടുക്കാൻ ശ്രമിച്ച യുവാവിനെ ആക്രമിച്ചതിന് കാമറൂൺ സോക്കർ ഫെഡറേഷൻ പ്രസിഡന്റും മുൻ സൂപ്പർ താരവുമായ സാമുവൽ എറ്റൂ മാപ്പുപറഞ്ഞു. ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രീക്വാർട്ടർ ഫൈനലിനുശേഷം 974 സ്റ്റേഡിയത്തിന് പുറത്തായിരുന്നു സംഭവം. യുവാവുമായി ഉടക്കിയ ഏറ്റൂവിനെ നിരവധിപേർ പിടിച്ചുവെക്കുന്നതും കുതറിയ താരം യുവാവിനെ ചവിട്ടുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
താനും അൽജീരിയൻ ടീമിന്റെ ആരാധകനെന്ന് കരുതുന്ന യുവാവും തമ്മിൽ അക്രമാസക്തമായ വഴക്കുണ്ടായതായി എറ്റൂ ട്വിറ്ററിൽ കുറിച്ചു. സംയമനം നഷ്ടമായി, തന്റെ വ്യക്തിത്വത്തിന് ചേരാതെ പെരുമാറിയതിൽ മാപ്പുചോദിക്കുന്നതായി എറ്റൂ പറഞ്ഞു.
അതേസമയം, താനാണ് ആക്രമണത്തിനിരയായതെന്ന് അൽജീരിയക്കാരനും സമൂഹമാധ്യമ ആക്ടിവിസ്റ്റുമായ സെയ്ദ് മാമൗനി പറഞ്ഞു. അൽജീരിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ജയിക്കാൻ കൈക്കൂലി കൊടുത്തില്ലേയെന്ന ചോദ്യമാണ് എറ്റൂവിനെ പ്രകോപിപ്പിച്ചത്.
മാർച്ചിൽ നടന്ന ലോകകപ്പ് പ്ലേഓഫിൽ അൽജീരിയയെ തോൽപിച്ചാണ് കാമറൂൺ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇതിനുശേഷം ഇരുരാജ്യങ്ങളിലെയും ഫെഡറേഷനും ആരാധകരും തമ്മിൽ അത്ര നല്ല രസത്തിലല്ല. റഫറിക്ക് പിഴവ് സംഭവിച്ചെന്നും വീണ്ടും മത്സരം നടത്തണമെന്നും അൽജീരിയ ആവശ്യപ്പെട്ടിരുന്നു. യോഗ്യത പണം കൊടുത്ത് വാങ്ങിയതല്ലേയെന്ന് അൽജീരിയൻ ജേണലിസ്റ്റുകൾ കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ കാമറൂൺ കോച്ച് റിഗോബർട്ട് സോങ്ങിനോട് ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.