കളിയൊഴിഞ്ഞ വെള്ളിയാഴ്ച. വൈകീട്ട് കോർണിഷിലെ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലേക്ക് വെച്ചുപിടിച്ചു. കളികളേറെക്കണ്ട മഹാന്മാർ കളത്തിലിറങ്ങുന്നുണ്ട്. ലോകകപ്പിനോടനുബന്ധിച്ച വിഖ്യാത താരങ്ങളുടെ മത്സരം. ഫിഫ ലെജൻഡ്സ് കപ്പ് എന്നപേരിൽ രണ്ടു ദിവസത്തെ ടൂർണമെന്റ്. അഞ്ചുപേർ വീതമുള്ള ടീമുകളായാണ് മത്സരങ്ങൾ. വൻകരാടിസ്ഥാനത്തിലാണ് ടീമുകളെ നിശ്ചയിച്ചത്. ഓരോ ടീമിലും ഓരോ വനിതാ താരവും കളത്തിലുണ്ടാകും.
കാണികൾ നേരത്തേ ടിക്കറ്റെടുക്കണം. പക്ഷേ, കാശൊന്നും കൊടുക്കേണ്ട. ഖത്തറിലെ അവധിദിനമായതിനാൽ നീണ്ട ക്യൂവുണ്ട്. ഏറെയും മലയാളികൾ. സകുടുംബമാണ് പലരും. രണ്ടാം സെമി ഫൈനൽ തുടങ്ങാനിരിക്കുന്നു. ചെങ്കുപ്പായത്തിലിറങ്ങിയ സൗത്ത് അമേരിക്കൻ പാന്തേഴ്സും ചാരക്കളർ ജഴ്സിയണിഞ്ഞ അറബ് ഫാൽക്കൻസും തമ്മിലാണ് മത്സരം. സൗത്ത് അമേരിക്കൻ താരങ്ങളുടെ പേരുകൾ അനൗൺസ് ചെയ്തപ്പോഴേ നിറഗാലറി ആവേശത്തിലാണ്ടു. കഫു, റോബർട്ടോ കാർലോസ്, യാവിയർ സനേറ്റി, കക്ക, ഡീഗോ ഫോർലാൻ, ദിദ, മാക്സി റോഡ്രിഗ്വസ്, പാബ്ലോ സബലേറ്റ, മിലിറ്റോ... കേരളത്തിലെ ഫാൻപോരിൽ ഇഞ്ചോടിഞ്ചു പോരടിക്കുന്ന അർജന്റീനയുടെയും ബ്രസീലിന്റെയും താരങ്ങൾ ഒരേ ജഴ്സിയിൽ ഒരു മനസ്സോടെ. സനേറ്റിയും കക്കയും ഇഴയടുപ്പത്തോടെ പാസ് ചെയ്ത് മുന്നേറുന്നു. അർജന്റീന, ബ്രസീൽ കാണികൾ ഒരുമിച്ച് കൈയടിക്കുന്നു. 15 മിനിറ്റ് വീതമുള്ള രണ്ട് പകുതികളാണ് കളി. ത്രോ ഇന്നും ഗോൾ കിക്കും കോർണറും ഓഫ്സൈഡും ഒന്നുമില്ല. ക്ലോസ്റേഞ്ചിൽനിന്ന് കക്കയുടെ തകർപ്പൻ ഫിനിഷിങ്ങിൽ തെക്കനമേരിക്കക്കാരാണ് മുന്നിലെത്തിയത്. വൈകാതെ വനിതാതാരം സാറയിലൂടെ അറബ് സംഘം തിരിച്ചടിച്ചു. പഴയ താരങ്ങളുടെ മൂർച്ചയൊട്ടും ചോർന്നിട്ടില്ല. കക്ക ഉൾപ്പെടെ പലർക്കും കോംപിറ്റേറ്റിവ് ഫുട്ബാളിൽ കളിക്കാൻപറ്റുന്ന ഫിറ്റ്നസ് ഉള്ളതുപോലെ തോന്നിച്ചു. ടെന്നിസ് കോർട്ട് ടർഫ് വിരിച്ച് പാകമാക്കിയ കൊച്ചു ഫുട്ബാൾ മൈതാനത്ത് പഴയകാല താരങ്ങളുടെ പന്തടക്കവും പാസിങ്ങുമൊക്കെ വിസ്മയിപ്പിക്കുന്നതുതന്നെയായിരുന്നു.
കരക്കിരുന്നവരാണ് ഇടവേളക്കുശേഷം കളത്തിലെത്തിയത്. തെക്കനമേരിക്കൻ നിരയിൽ കഫു, ഫോർലാൻ, സബലേറ്റ, മിലിറ്റോ എന്നിവർ. കളി തുടങ്ങിയപാടെ കഫുവിന്റെ ഗോളിൽ തെക്കനമേരിക്കൻ സംയുക്ത മുന്നണിക്ക് ലീഡ്. എന്നാൽ, രണ്ടു ഗോളുമായി ഫാൽക്കനുകൾ ശൗര്യം കാട്ടി. സൗഹൃദ മത്സരത്തിനപ്പുറത്ത് കഫുവിന്റെ നേതൃത്വത്തിൽ വീറും വാശിയുമൊക്കെ പുറത്തുവന്നതോടെ ഫൗളും പരിക്കുമൊക്കെയുണ്ടായിരുന്നു കളത്തിൽ. കളിക്കരുത്തർ തോറ്റെന്നുറപ്പിച്ചുനിൽക്കേ അവസാന നാഴികയിൽ ഫോർലാന്റെ ഗോൾ. സ്കോർ: 3-3. വിധി നിർണയം ടൈബ്രേക്കറിലേക്ക്. മൂന്നു കിക്കാണ് ഒരു ടീമിന്. കക്കയും ഫോർലാനും ഗോൾനേടിയ ശേഷം കഫു എടുത്ത മൂന്നാം കിക്ക് പോസ്റ്റിനിടിച്ച് വഴിമാറി. എന്നാൽ, അടുത്ത ഷോട്ട് ദിദ സേവ് ചെയ്തതോടെ 2-2 ൽ വിധി സഡൻ ഡെത്തിൽ. സഡൻ ഡെത്തിൽ കിക്കെടുക്കാൻ താരങ്ങൾ മടിച്ചുനിന്നതോടെ നിലത്തിരിക്കുകയായിരുന്ന മാക്സി റോഡ്രിഗ്വസിനെ പിടിച്ചു വലിച്ചെഴുന്നേൽപിച്ച് പറഞ്ഞയച്ചു. മാക്സിയും ഇരുഭാഗത്തെയും വനിതാതാരങ്ങളും ലക്ഷ്യം കണ്ടു. പിന്നാലെ മിലിറ്റോയും സബലേറ്റയും ലക്ഷ്യം കണ്ടതോടെ 6-5ന് തെക്കനമേരിക്ക മുന്നിൽ. അടുത്ത കിക്ക് തടഞ്ഞിട്ട് ദിദ ടീമിനെ ഫൈനലിലേക്ക് നയിക്കുന്നു. അടുത്ത കിക്കെടുക്കാൻ ടീമംഗങ്ങൾ നിർബന്ധിച്ചുകൊണ്ടിരിക്കെ മടി പ്രകടിപ്പിച്ചുകൊണ്ടിരുന്ന റോബർട്ടോ കാർലോസിനായിരുന്നു സന്തോഷം കൂടുതൽ.
യഥാർഥ ലോകകപ്പിൽ ബ്രസീൽ ഷൂട്ടൗട്ടിൽ അടിപതറിയെങ്കിൽ ബ്രസീലും അർജന്റീനയും ഖത്തറിൽ മറ്റൊരു ഷൂട്ടൗട്ട് ജയിച്ചപ്പോൾ അതിന് ഗാലറിയിൽ ആവേശവും ആഹ്ലാദവും അകമ്പടിയായുണ്ടായിരുന്നു. ഫൈനലിലും സൗത്ത് അമേരിക്കൻ പാന്തേഴ്സ് കരുത്തുകാട്ടി. കോൺകാകാഫ് ടീമിനെ 5-3ന് മറികടന്ന് ഫിഫ ലെജൻഡ്സ് കപ്പ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.