തോൽവിക്ക് പിന്നാലെ സഹതാരങ്ങളുമായുള്ള വാട്സ് ആപ് ചാറ്റ് പുറത്തുവിട്ട് നെയ്മർ

ക്രൊയേഷ്യക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ സഹതാരങ്ങളായ തിയാഗോ സിൽവ, മാർക്വിഞ്ഞോസ്, റോഡ്രിഗൊ എന്നിവരുമായുള്ള സ്വകാര്യ വാട്സ് ആപ് ചാറ്റ് പുറത്തുവിട്ട് സൂപ്പർ താരം നെയ്മർ. മത്സരത്തിൽ മാർക്വിഞ്ഞോസ്, റോഡ്രിഗൊ എന്നിവർ കിക്ക് പാഴാക്കിയതോടെയാണ് ബ്രസീൽ പുറത്തായത്. ടീമിൽ അസ്വാരസ്യം ഉണ്ടെന്ന പ്രചാരണത്തിന് പിന്നാലെയാണ് തങ്ങൾ എത്രമാത്രം ഒരുമയോടെയാണ് നിലകൊള്ളുന്നതെന്ന് തെളിയിക്കാൻ വൈകാരികമായ മെസേജുകൾ പുറത്തുവിട്ടത്. തോൽവിയോടെ താൻ മാനസികമായി ആകെ തകർന്നെന്ന് നെയ്മർ നേ​രത്തെ പ്രതികരിച്ചിരുന്നു. അതോടൊപ്പം പരിശീലകൻ ടിറ്റെക്കെതിരായ വിമർശനത്തിനെതിരെയും താരം രംഗത്തുവന്നിരുന്നു.

മാർക്വിഞ്ഞോസിന് അയച്ച ​സന്ദേശം ഇങ്ങനെയായിരുന്നു, ''എന്തൊക്കെയുണ്ട്? ഞാൻ നിങ്ങളുടെ ആരാധകനാണെന്ന് പറയാൻ ഇവിടെയുണ്ട്. ഒരു പെനാൽറ്റി കൊണ്ട് എനിക്ക് നിന്നോടുള്ള വികാരം മാറില്ല. ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്, അത് നിങ്ങൾക്കറിയാം, ഞാൻ നിന്നെ സ്നേഹിക്കുന്നു''.

മാർക്വിനോസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''സഹോദരാ, ഞാൻ ക്രമേണ മുക്തനായി വരികയാണ്. ഇതിൽനിന്ന് കരകയറാൻ സമയമെടുക്കും. നിങ്ങൾക്ക് എങ്ങനെയുണ്ട്? സന്ദേശം അയച്ചതിനും എന്നെക്കുറിച്ച് ചിന്തിച്ചതിനും നന്ദി. നിങ്ങൾ ഒരു വിസ്മയമാണ്. എല്ലാം നന്നായി നടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു''.

തിയാഗോ സിൽവക്ക് അയച്ച നെയ്മറിന്റെ സന്ദേശം ഇങ്ങനെയായിരുന്നു, ''ഈ ലോകകപ്പ് നിങ്ങൾക്ക് നൽകാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു. നീയും ഡാനി ആൽവസും ഞാനുമെല്ലാം അതിന് വളരെ അർഹരാണ്. എന്നാൽ, ദൈവത്തിന് നമ്മെ സംബന്ധിച്ച് ഒരു തീരുമാനമുണ്ട്, അവൻ എല്ലാം അറിയുന്നു''.

സിൽവയുടെ മറുപടി ഇങ്ങനെ: ''സഹോദരാ, യഥാർഥത്തിൽ ഇത് ഞാൻ സങ്കൽപിച്ചതിലും പ്രയാസകരമാണ്. എനിക്കത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. നമ്മൾ തോറ്റെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഓർക്കുമ്പോഴെല്ലാം കരച്ചിൽ വരും. പക്ഷെ ഞാൻ ഇതിൽനിന്ന് മുക്തനാകും''.

റോഡ്രിഗോക്കയച്ച സന്ദേശം ഇങ്ങനെയായിരുന്നു, ''സഹോദരാ, നിങ്ങളുടെ കരിയറിന്റെ ഭാഗമാകാൻ കഴിഞ്ഞതും നിങ്ങൾ എന്നെ നിങ്ങളുടെ ആരാധനാപാത്രം എന്ന് വിളിക്കുന്നതും നിങ്ങൾ ബ്രസീലിന്റെ ഒരു ചരിത്ര താരമായി ഉയരുന്നത് കാണുന്നതും ഒരു ബഹുമതിയാണ്. പെനാൽറ്റികൾ എടുക്കാൻ മുന്നിട്ടിറങ്ങുന്നവർക്ക് മാത്രമേ അത് നഷ്‌ടമാകൂ. എന്റെ കരിയറിൽ നിരവധി പെനാൽറ്റികൾ ഞാൻ നഷ്‌ടപ്പെടുത്തി, എന്നാൽ, അവയിൽ നിന്നെല്ലാം കൂടുതൽ പഠിച്ചിട്ടുണ്ട്. എന്നാൽ, ഞാൻ ഒരിക്കലും പിന്തിരിഞ്ഞിട്ടില്ല. ഞാൻ എപ്പോഴും നല്ലത് നോക്കി എല്ലാ കാര്യങ്ങളിലും എന്നെത്തന്നെ മെച്ചപ്പെടുത്താൻ പോരാടി. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്, കരുത്തനായിരിക്കുക''.

റോഡ്രിഗോ മറുപടി നൽകിയതിങ്ങനെ: ''എന്റെ ആരാധനാപാത്രത്തിന് ഹൃദയത്തിൽ നിന്നുള്ള നന്ദി. ഞാൻ കാരണമുണ്ടായ എന്തിനും നിങ്ങളുടെ സ്വപ്നം വൈകിപ്പിച്ചതിനും ഞാൻ ഖേദിക്കുന്നു. നിങ്ങൾക്ക് ദേശീയ ടീമിനൊപ്പം തുടരാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനാൽ നമുക്ക് ഒരുമിച്ച് വിജയിക്കാൻ കഴിയും. തുടരുന്നത് നിങ്ങൾക്ക് ഗുണകരമാണെങ്കിൽ മാത്രം. സ്നേഹത്തിന് നന്ദി''.

Tags:    
News Summary - After the defeat, Neymar released his WhatsApp chat with his teammates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.