ദോഹ: ലോകകപ്പ് അരങ്ങേറ്റത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, വാനോളം പ്രതീക്ഷയുമായി ദേശീയ ടീം പരിശീലകൻ ഫെലിക്സ് ബാസ് സാഞ്ചസ്. ഖത്തറിനെ സംബന്ധിച്ച് അമിത പ്രതീക്ഷകളില്ലെന്നും എന്നാൽ സ്വന്തം നാട്ടിൽ ടീമിന് മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും സ്പാനിഷ് പത്രമായ 'മാർക'ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ഫൈനൽ വരെയെത്തിയവരെയും ആഫ്രിക്കയിലെ ചാമ്പ്യന്മാരെയുമാണ് ഞങ്ങൾ നേരിടാനുള്ളത്. ലോകകപ്പ് കളിച്ച, ചാമ്പ്യൻസ് ലീഗ് പരിചയസമ്പത്തുള്ള, കളിക്കളത്തിലെ അവരുടെ സ്ഥാനത്ത് മികച്ച പ്രകടനം നടത്തുന്നവരും എതിർവശത്തുണ്ട് -സാഞ്ചസ് ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ റോൾ എന്താണെന്ന് ഞങ്ങൾക്കറിയാം. കിരീട ഫേവറിറ്റുകളായിരിക്കില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. എന്നിരുന്നാലും സാധ്യതകൾക്കുള്ളിൽ ഉയർന്ന പ്രതീക്ഷകളും ഉന്നത ലക്ഷ്യങ്ങളുമാണ് ടീം സെറ്റ് ചെയ്തത്. അതോടൊപ്പം കഴിവിന്റെ പരമാവധി ഞങ്ങൾ പരിശ്രമിക്കും.
അന്നാബികളുടെ (മറൂൺസ്) ആക്രമണത്തെയും പ്രതിരോധത്തെയും ഉദ്ധരിച്ച്, മത്സരങ്ങളിലെ തന്ത്രപരമായ നീക്കങ്ങൾക്ക് ഖത്തർ പരിശീലകൻ ടീമിനെ പ്രശംസിച്ചു. 'മികച്ച കളിക്കാർ ഞങ്ങൾക്കൊപ്പമുണ്ട്. ഒരു യൂനിറ്റായി കളിക്കാൻ ശ്രമിക്കുന്നുണ്ട്. കൗണ്ടറിൽ ഞങ്ങൾ അപകടകാരികളായേക്കാം, പന്ത് കൈവശമുള്ളപ്പോൾ അത് കൈകാര്യംചെയ്യാനും ശ്രമിക്കുന്നു. ഈ നിലയിൽ എതിരാളികൾക്കെതിരെ പോരാടുന്നത് പ്രയാസകരമാണെങ്കിലും അതിനോട് പൊരുത്തപ്പെടേണ്ടി വരും'-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തർ ദേശീയ ടീമിന്റെ മുൻകാല നേട്ടങ്ങൾ പരാമർശിച്ച്, അത് അവരെ ഇന്നത്തെ ഉന്നത നിലയിലേക്ക് നയിച്ചുവെന്നും 2017 മുതൽ ഖത്തറിന്റെ പരിശീലക സ്ഥാനം വഹിക്കുന്ന സാഞ്ചസ് വ്യക്തമാക്കി.
'ഞങ്ങൾ ഖത്തറാണ്. വളരെയധികം അനുഭവ സമ്പത്തില്ലാത്ത ഒരു കൊച്ചു രാജ്യം. ചെറു ലീഗിൽ കളിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തി വലിയ തയാറെടുപ്പുകൾ ലോകകപ്പിനായി നടത്തിയിട്ടുണ്ട്. കോപ അമേരിക്കയും കോൺകകാഫ് ഗോൾഡ് കപ്പും പോലെയുള്ള ടൂർണമെന്റുകളും സൗഹൃദ മത്സരങ്ങളും കളിക്കുന്നതിലൂടെ ടീമംഗങ്ങൾക്ക് അന്താരാഷ്ട്ര അനുഭവം നൽകാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ലോകകപ്പ് എന്നത് സമാന അനുഭവമായിരിക്കില്ലെന്നും അല്ലെങ്കിൽ അതുപോലെയുള്ളവയായിരിക്കില്ലെന്നും ഞങ്ങൾക്കറിയാം'-കോച്ച് പറയുന്നു.
ലോകകപ്പിൽ എക്വഡോറിനെതിരായ അന്നാബികളുടെ ആദ്യ മത്സരത്തിൽ തുടക്കക്കാരുടെ പതർച്ചയുണ്ടാകുമെങ്കിലും അതൊന്നും കാര്യമാക്കാതെ യുവ പ്രതിഭകളിൽ പ്രതീക്ഷയർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞങ്ങൾക്കൊരു ദിനചര്യയുണ്ട്. നമുക്കു ചുറ്റുമുള്ള ശബ്ദങ്ങളിൽനിന്ന് സ്വയം ഒറ്റപ്പെടാനും മികച്ച പ്രകടനം നടത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. കളത്തിലേക്കിറങ്ങുമ്പോൾ 60,000ത്തിലധികം വരുന്ന കാണികളെയാണ് നിങ്ങൾ കാണാനിരിക്കുന്നത്. അതിനാൽ ഇത് പ്രയാസമേറിയ കാര്യംതന്നെയാണ്. ആദ്യ ലോകകപ്പ് മത്സരമാണ്. പക്ഷേ, ആ അനുഭവം അവർക്ക് പിന്നീട് മുതൽക്കൂട്ടാകും'-സാഞ്ചസ് പറഞ്ഞവസാനിപ്പിച്ചു.
ലോകകപ്പിന്റെ അവസാനവട്ട തയാറെടുപ്പിനായി സ്പെയിനിൽ പരിശീലനത്തിലാണ് ഖത്തർ ടീമും പരിശീലക സംഘവും. നിരവധി പരിശീലന, സൗഹൃദ മത്സരങ്ങളിൽ കളിച്ചാണ് നവംബർ രണ്ടാം വാരത്തോടെ ആതിഥേയ സംഘം ലോകകപ്പ് വേദിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.