മിന്നിത്തിളങ്ങി മെസ്സിയും കൂട്ടരും; ആസ്ട്രേലിയയെ തകർത്ത് അർജന്‍റീന ക്വാർട്ടറിൽ

ദോഹ: ആസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്നു. മെസ്സി (35ാം മിനിറ്റിൽ), ജൂലിയൻ അൽവാരസ് (57ാം മിനിറ്റിൽ) എന്നിവരാണ് അർജന്‍റീനക്കായി വലകുലുക്കിയത്.

എൻസോ ഫെർണാണ്ടസിന്‍റെ സെൽഫ് ഗോളാണ് (77ാം മിനിറ്റിൽ) ഓസീസിന്‍റെ ആശ്വാസ ഗോൾ. എട്ടു വർഷത്തിനുശേഷമാണ് അർജന്‍റീന ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്. ഡിംസബർ ഒമ്പതിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അർജന്‍റീന നെതർലൻഡ്സിനെ നേരിടും. പന്തടകത്തിലും പാസ്സിങ്ങിലും മുന്നിട്ടുനിന്നെങ്കിലും ഹൈ പ്രസിങ് ഗെയിമിലൂടെ ഓസീസ് പല തവണ അർജന്‍റീനയുടെ ഗോൾമുഖം വിറപ്പിച്ചു. ഓസീസ് വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് അർജന്‍റീന അഞ്ചു തവണയാണ് ഷോട്ട് തൊടുത്തത്. ഓസീസിന്‍റെ കണക്കിലുള്ളത് ഒന്നുമാത്രം.

മെസ്സിയാണ് അർജന്‍റീനക്കായി ആദ്യം വലകുലുക്കിയത്. ബോക്സിന്‍റെ വലതുവിങ്ങിൽനിന്നുള്ള ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. മെസ്സിയുടെ കിക്ക് ബോക്സിനുള്ളിൽ ആസ്ട്രേലിയൻ താരം ക്ലിയർ ചെയ്തെങ്കിലും വന്നെത്തിയത് അലിസ്റ്ററിന്‍റെ കാലിൽ. നിക്കോളാസ് ഒടാമെൻഡിക്ക് കൈമാറിയ പന്ത് വീണ്ടും മെസ്സിയിലേക്ക്. താരത്തിന്‍റെ നിലംപറ്റെയുള്ള ഇടങ്കാൽ ഷോട്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളി റയാനെയും മറികടന്ന് പോസ്റ്റിന്‍റെ ഇടതുമൂലയിൽ. അഹമദ് ബിൻ അലി സ്റ്റേഡിയത്തിൽ ആവേശം വാനോളം.

മെസ്സിയുടെ കരിയറിലെ 1000ാമത്തെ മത്സരത്തിന് ഗോൾ തിളക്കം. ലോകകപ്പ് നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ഗോളും. ഇതോടെ ഖത്തർ ലോകകപ്പിലെ മെസ്സിയുടെ ഗോൾ നേട്ടം മൂന്നായി. ഓസീസ് താരങ്ങളുടെ പിഴവ് മുതലെടുത്താണ് അൽവാരസിലൂടെ അർജന്‍റീന 57ാം മിനിറ്റിൽ ലീഡ് ഉയർത്തിയത്. ഗോൾമുഖത്തുനിന്ന് പന്ത് അടിച്ച് ഒഴിവാക്കുന്നതിലെ പ്രതിരോധ താരങ്ങളുടെയും ഗോളിയുടെയും പിഴവാണ് ഗോളിലെത്തിയത്. പ്രതിരോധക്കാർ തട്ടിക്കളിച്ച പന്ത് ഗോളിക്ക് കൈമാറിയെങ്കിലും വേഗത്തിൽ ക്ലിയർ ചെയ്യാതെ ഡ്രിബിളിങ്ങിന് ശ്രമിച്ചു. ഓടിവന്ന് പന്ത് റാഞ്ചിയ അൽവാരസ് അവസരം മുതലെടുത്ത് ഗോളിയില്ലാത്ത പോസ്റ്റിലേക്ക് തട്ടിയിട്ടു.

എൻസോ ഫെർണാണ്ടസിന്‍റെ സെൽഫ് ഗോളിലൂടെ ആസ്ട്രേലിയ 77ാം മിനിറ്റിൽ മത്സരത്തിലേക്ക് തിരിച്ചെത്തി. ഓസീസ് താരം ക്രെയ്ഗ് ഗുഡ്‌വിന്റെ 25 വാര അകലെനിന്നുള്ള ലോങ്‌ റേഞ്ചര്‍ ഫെർണാണ്ടസിന്‍റെ മുഖത്ത് തട്ടി വ്യതിചലിച്ച് അർജന്‍റീനയുടെ വലയിലേക്ക്. ഗോളി മാർട്ടിനെസിന് കാഴ്ചക്കാരനായി നിൽക്കാനെ കഴിഞ്ഞുള്ളു. അവസാന മിനിറ്റുകളിൽ സമനില പിടിക്കാനുള്ള ഓസീസ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

മത്സരത്തിന്‍റെ ആദ്യ പത്തു മിനിറ്റിൽ ഭൂരിഭാഗം സമയവും അർജന്‍റീനയുടെ കാലുകളിലായിരുന്നു പന്ത്. എന്നാൽ, ഗോളിലേക്കെന്ന് തോന്നിക്കുന്ന നീക്കങ്ങളൊന്നും പിറന്നില്ല. ആസ്ട്രേലിയൻ പ്രതിരോധ നിരയെ മറികടന്ന് മുന്നേറാനുള്ള അർജന്‍റീനയുടെ നീക്കങ്ങളൊന്നും വിജയിച്ചില്ല. മൈതാനത്തിന്‍റെ മധ്യത്തിൽതന്നെയായിരുന്നു പന്തുണ്ടായിരുന്നത്. 15ാം മിനിറ്റിൽ അക്യൂനയെ ഫൗൾ ചെയ്തതിന് ആസ്ട്രേലിയൻ താരം അലക്സാണ്ടർ ഇർവിന് മഞ്ഞകാർഡ്. 17ാം മിനിറ്റിലാണ് ഓഫ് ടാർഗറ്റിലേക്കാണെങ്കിലും ആദ്യ ഷോട്ട് തൊടുക്കുന്നത്.

ബോക്സിനു പുറത്തുനിന്നുള്ള അക്യൂനയുടെ ഷോട്ട് അസ്ട്രേലിയൻ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. ഇരു ടീമുകൾക്കും കാര്യമായ ചലനങ്ങളുണ്ടാക്കാതെയാണ് ആദ്യ 20 പിന്നിട്ടത്.

രണ്ടാം പകുതിയിൽ ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. 50ാം മിനിറ്റിൽ അർജന്‍റീന ഗോമസിനെ പിൻവലിച്ച് ലിസാൻഡ്രോ മാർട്ടിനെസിനെ കളത്തിലിറക്കി. 51ാം മിനിറ്റിൽ അർജന്‍റീനൻ മുന്നേറ്റത്തിനൊടുവിൽ പന്ത് ബോക്സിനുള്ളിലുണ്ടായിരുന്ന മെസ്സിയുടെ കാലിൽ. താരത്തിന്‍റെ ദുർബല ഷോട്ട് ആസ്ട്രേലിയൻ ഗോളി കൈയിലൊതുക്കി.

64ാം മിനിറ്റിൽ മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് ആസ്ട്രേലിയൻ താരങ്ങളെ ഡ്രിബ്ൾ ചെയ്ത് മെസ്സിയുടെ മനോഹര മുന്നേറ്റം. ബോക്സിനുള്ളിൽ പന്ത് മെസ്സിയിലേക്ക് കൈമാറിയെങ്കിലും ഓസീസ് പ്രതിരോധിച്ചു. തുടരെ തുടരെ ആസ്ട്രേലിയൻ ഗോൾമുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ട് മെസ്സിയും സംഘവും. 66ാം മിനിറ്റിൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. 72ാം മിനിറ്റിൽ അക്യൂനക്ക് പകരം ടാഗ്ലിയാഫിക്കോയും അൽവാരസിന് പകരം ലൗട്ടാറോ മാർട്ടിനസ്സും കളത്തിൽ.

81ാം മിനിറ്റിൽ പ്രതിരോധ താരങ്ങളെ ഡ്രിബ്ൾ ചെയ്ത് ഇടതു പാർശ്വത്തിലൂടെ പോസ്റ്റിലേക്ക് കയറി വന്ന അസീസ് ബെഹിൻസ് അപകടം വിതച്ചെങ്കിലും ലിസാൻഡ്രോ മാർട്ടിനെസ് കൃത്യസമയത്ത് ഇടപെട്ട് ഒഴിവാക്കി. പ്ലെയിങ് ഇലവനിൽ പരിക്കേറ്റ എഞ്ചൽ ഡി മരിയക്കു പകരം അലസാൻഡ്രോ ഗോമസ് ആദ്യ ഇലവനിൽ ഇടംനേടി. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ആസ്ട്രേലിയ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടില്ല.

പ്രീ ക്വാർട്ടറിൽ ഇതു രണ്ടാം തവണയാണ് പരാജയപ്പെടുന്നത്. അർജന്‍റീന 4-3-3 ശൈലിയിലും ആസ്ട്രേലിയ 4-4-2 ഫോർമാറ്റിലുമാണ് കളിച്ചത്. 

Tags:    
News Summary - Argentina beat Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.