രക്ഷകനായി മാർട്ടിനെസ്; അടിച്ചുകയറി അർജന്‍റീന; നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി സെമിയിൽ

ദോഹ: നാടകീയ നിമിഷങ്ങളും പരുക്കൻ അടവുകളും കണ്ട ആവേശകരമായ പ്രീ ക്വാർട്ടർ മത്സരത്തിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്‍റെ സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് അർജന്‍റീനയുടെ ജയം.

ഡിസംബർ 13ന് ലൂസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ അർജന്‍റീന ക്രൊയേഷ്യയെ നേരിടും. ബ്രസീലിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും എക്സ്ട്രാ ടൈമിൽ ആർക്കും ഗോൾ നേടാനായില്ല. തുടർന്നാണ് ഷൂട്ടൗട്ട് വിധി നിർണയിച്ചത്. ഡച്ച് താരങ്ങളായ വിർജിൽ വാൻഡൈക്ക്, സ്റ്റീവൻ ബെർഗൂയിസ് എന്നിവരുടെ ഷോട്ടുകൾ തട്ടിയകറ്റിയ ഗോളി മാർട്ടിനെസാണ് അർജന്‍റീനയുടെ വിജയത്തിൽ നിർണായകമായത്.

മെസ്സി, ലിയാൻഡ്രോ പരേഡസ്, ഗോൺസാലോ മോണ്ടിയൽ, ലൗതാരോ മാർട്ടിനെസ് എന്നിവർ പന്ത് അനായാസം വലയിലെത്തിച്ചു. എൻസോ ഫെർണാണ്ടസിന്‍റെ ഷോട്ട് ബാറിൽ തട്ടി പുറത്തുപോയി. ഡച്ച് നിരയിൽ കൂപ്മേനേഴ്സ്, വെഗ്ഹോസ്റ്റ്, ലുക്ക് ഡി യോങ് എന്നിവർ ഗോളാക്കി. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ പകരക്കാരനായിറങ്ങിയ വൗട്ട് വെഗ്ഹോസ്റ്റ് നേടിയ ഇരട്ട ഗോളുകളിലൂടെയാണ് നെതർലൻഡ്സ് ആയുസ് നീട്ടിയെടുത്തത്.

83, 90+11 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. നഹുവൽ മോളിനയിലൂടെ (35ാം മിനിറ്റിൽ) അർജന്‍റീനയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. നെതർലൻഡ്സ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെസ്സി നൽകിയ ഒന്നാംതരം ക്രോസാണ് ഗോളിൽ കലാശിച്ചത്.

ഡച്ച് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഓടിക്കയറി മെസ്സി നൽകിയ ത്രൂപാസ് ബോക്സിനുള്ളിൽ മൊളീനയിലേക്ക്. പന്തുമായി ഡാലി ബ്ലിൻഡിനെ മറികടന്ന മൊളീന, ഗോൾകീപ്പർ നോപ്പർട്ടിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. 73ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് മെസ്സി ലീഡ് ഉയർത്തി. ബോക്സിനുള്ളിൽ ഡച്ച് പ്രതിരോധ താരം ഡെൻസൽ ഡുംഫ്രീസ് അക്യൂനയെ ഫൗൾ ചെയ്തതിനാണ് റഫറി അർജന്‍റീനക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത മെസ്സി ഗോളി നോപ്പർട്ടിനെ കാഴ്ചക്കാരനാക്കി അനായാസം പന്ത് വലയിലെത്തിച്ചു.

83ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗ്ഹോസറ്റിലൂടെ നെതർലൻഡ്സ് ഒരു ഗോൾ മടക്കി. സ്റ്റീവൻ ബെർഗൂയിസ് വലതുപാർശ്വത്തിൽ നിന്ന് ബോക്സിന്‍റെ മധ്യത്തിലേക്ക് ഉയർത്തി നൽകിയ ക്രോസ് ഒന്നാംതരം ഹെഡ്ഡറിലൂടെയാണ് വെഗ്ഹോസ്റ്റ് ലക്ഷ്യത്തിലെത്തിച്ചത്. പിന്നാലെ രണ്ടാം ഗോളും മടക്കാനുള്ള ഡച്ച് പടയുടെ മുന്നേറ്റം. നിരന്തരം അർജന്‍റീനയുടെ ഗോൾ മുഖം വിറപ്പിച്ച് നെതർലൻഡ്സ് ആക്രമണം.

പ്രതിരോധിച്ച് അർജന്‍റീനയും. ഇതിനിടെ താരങ്ങളുടെ കൈയാങ്കളിക്കും മത്സരം സാക്ഷിയായി. അർജന്‍റീന ജയത്തിലേക്കെന്ന് തോന്നിപ്പിച്ച അവസരത്തിലാണ് ബോക്സിനു പുറത്ത് ലഭിച്ച ഫ്രീകിക്ക് ഡച്ച് പട ഗോളാക്കിയത്. കിക്കെടുത്ത പകരക്കാരൻ താരം ട്യൂൺ കൂപ്മേനേഴ്സ് പന്ത് നീട്ടിയടിക്കുന്നതിനു പകരം അർജന്‍റീന താരങ്ങളുടെ പ്രതിരോധ മതിലിനിടയിൽ നിന്ന വെഗ്ഹോസ്റ്റിനു പന്ത് നൽകി. പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് വെഗ്ഹോസ്റ്റിന്‍റെ കാലിൽ. പിന്നിലേക്ക് തിരിഞ്ഞ താരം ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. സ്കോർ 2-2.

പിന്നാലെ റഫറി ഫൈനൽ വിസിലും വിളിച്ചു. അധിക സമയത്തിന്‍റെ അവസാന മിനിറ്റുകളിൽ അർജന്‍റീന തുടരെ തുടരെ ഡച്ച് ഗോൾമുഖം വിറപ്പിച്ചെങ്കിലും വിജയ ഗോൾ മാത്രം നേടാനായില്ല. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍നിന്ന് ഒരു മാറ്റവുമായാണ് അർജന്‍റീന കളത്തിലിറങ്ങിയത്. പപ്പു ഗോമസിന് പകരം പ്രതിരോധതാരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ടീമിലിടം നേടി. നെതര്‍ലന്‍ഡ്‌സിലും ഒരു മാറ്റമാണുള്ളത്. ക്ലാസന് പകരം സ്റ്റീവന്‍ ബെര്‍ഗ്വിനാണ് ആദ്യ ഇലവനിൽ കളിച്ചത്. അര്‍ജന്റീന പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയുള്ള 5-3-2 ശൈലിയിലും നെതര്‍ലന്‍ഡ്‌സ് 3-4-1-2 ഫോര്‍മേഷനിലാണ് കളിച്ചത്.

Tags:    
News Summary - Argentina beat Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.