ഷൂട്ടൗട്ടിൽ നെതർലൻഡ്സിന്റെ രണ്ടു കിക്കുകൾ രക്ഷപ്പെടുത്തി അർജൻറീനയുടെ വിജയശിൽപിയായ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസിന്റെ ആഹ്ലാദം

ദോഹ: ജയിച്ച കളി കൈവിട്ടശേഷം ഷൂട്ടൗട്ടിൽ വിജയം തിരിച്ചുപിടിച്ച് അർജന്റീന ലോകകപ്പ് സെമിയിലേക്ക്. നിശ്ചിതസമയത്തും അധികസമയത്തും 2-2ന് സമനിലയിൽ തീർന്ന കളിയിലാണ് ഷൂട്ടൗട്ട് വിജയികളെ നിർണയിച്ചത്.

ഷൂട്ടൗട്ടിൽ ഡച്ചുകാരുടെ ആദ്യ രണ്ടു കിക്കുകളും തടുത്തിട്ട ഗോളി എമിലിയാനോ മാർട്ടിനെസാണ് അർജന്റീനക്ക് ജയമൊരുക്കിയത്. വിർജിൽ വാൻഡൈകിന്റെയും സ്റ്റീവൻ ബെർഗൂയിസിന്റെ കിക്കുകളാണ് എമി തടഞ്ഞത്. പിന്നീടുള്ള മൂന്നു കിക്കുകൾ ട്യൂൺ കൂപ്മെയ്നേഴ്സും വൗട്ട് വെഗോസ്റ്റും ലൂക് ഡിയോങ്ങും ലക്ഷ്യത്തിലെത്തിക്കുകയും അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തേക്ക് പോവുകയും ചെയ്തെങ്കിലും അവസാന കിക്ക് ലൗതാറോ മാർട്ടിനെസ് ലക്ഷത്തിലെത്തിച്ചതോടെ അർജന്റീന ജയത്തിലെത്തി. അർജന്റീനക്കായി ലയണൽ മെസ്സി, ലിയാൻഡ്രോ പരഡെസ്, ഗോൺസാലോ മോണ്ടിയൽ എന്നിവരും പെനാൽറ്റി ഗോളാക്കി.

നേരത്തേ, അവസാനഘട്ടം വരെ രണ്ടു ഗോളിന് മുന്നിട്ടുനിന്ന അർജന്റീനക്കെതിരെ പകരക്കാരനായി കളത്തിലെത്തിയ വൗട്ട് വെഗോസ്റ്റ് 83, 90+11 മിനിറ്റുകളിൽ നേടിയ ഗോളുകളിലാണ് ഡച്ചുപട ഒപ്പംപിടിച്ചത്. റൈറ്റ് ബാക്ക് നേഹ്വൽ മൊളീനയും (35) പെനാൽറ്റിയിൽനിന്ന് മെസ്സിയും (73) ആണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.

ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ മെസ്സിയാണ് അർജന്റീനയുടെ ലീഡ് സമ്മാനിച്ചത്. ആദ്യ ഗോളിന് മെസ്സി കളമൊരുക്കിയത് മനോഹരമായിട്ടായിരുന്നു. പന്തുമായി മുന്നേറി നാലു പ്രതിരോധനിരക്കാർക്കിടയിലുടെ മെസ്സി അളന്നുമുറിച്ചുനൽകിയ പന്ത് ഒപ്പമെത്താൻ ശ്രമിച്ച വിർജിൽ വാൻഡൈകിനെ മറികടന്ന് മൊളീന വലിലേക്ക് തിരിച്ചുവിട്ടു. മൊളീനയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ.

പന്ത് കൂടുതൽ സമയം കാൽവശം വെച്ചുകളിച്ചത് ഡച്ചുകാർ ആയിരുന്നുവെങ്കിലും കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചത് അർജന്റീനയായിരുന്നു. എന്നാൽ, മെസ്സിക്ക് അധികം പന്ത് ലഭിക്കാൻ അനുവദിക്കാതെ നെതർലൻഡ്സ് പിടിച്ചുനിന്നു. അതിൽനിന്ന് മെസ്സി കെട്ടുപൊട്ടിച്ച നിമിഷത്തിലാണ് ആദ്യ ഗോൾ പിറന്നതും.

മറുവശത്ത് ഡച്ചുകാർക്കാവട്ടെ കാര്യമായ അവസരമൊന്നും തുറന്നെടുക്കാനായില്ല. മുൻനിരയിൽ മെംഫിസ് ഡിപായിക്കും കോഡി ഗാക്പോക്കും നികോളാസ് ഒട്ടമെൻഡിയും ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടിനെസും സ്വാതന്ത്ര്യം നൽകിയതേയില്ല. മധ്യനിരയിൽ ഫ്രാങ്കി ഡിയോങ് കളി നിയന്ത്രിച്ചെങ്കിലും മുൻനിരയെ തേടി നിർണായക പാസുകളൊന്നുമെത്തിയില്ല. രണ്ടാം പകുതിയിലും തിരക്കഥക്ക് കാര്യമായ മാറ്റമുണ്ടായില്ല. എന്നാൽ 73ാം മിനിറ്റിൽ പെനാൽറ്റിയുടെ രൂപത്തിൽ അർജന്റീനയുടെ രണ്ടാം ഗോളെത്തി. പന്തുമായി മുന്നേറിയ മാർകോസ് അക്യൂനയെ ഡെൻസൽ ഡംഫ്രൈസ് പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് മെസ്സി അനായാസം ഗോളാക്കി.

അർജന്റീന ജയിച്ചെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു നെതർലൻഡ്സിന്റെ തിരിച്ചുവരവ്. 78ാം മിനിറ്റിൽ കളത്തിലെത്തിയ വെഗോസ്റ്റ് ആണ് കളി തിരിച്ചത്. 83ാം മിനിറ്റിൽ സ്റ്റീവൻ ബെർഗൂയിസിന്റെ ക്രോസിൽ വെഗോസ്റ്റ് തലവെച്ചപ്പോൾ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് നിസ്സാഹയനായി. 10 മിനിറ്റ് ഇൻജുറി സമയം ലഭിച്ചതോടെ നെതർലൻഡ്സ് നിര ഒന്നടങ്കം അർജന്റീന ബോക്സിലേക്ക് ഇരച്ചുകയറി. അതിന് അവസാനഘട്ടത്തിൽ ഫലവുമുണ്ടായി. ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്കിൽ ഡച്ചുകാരുടെ മനോഹരമായ ട്രെയിനിങ് ഗ്രൗണ്ട് വർക്കൗട്ട് ആണ് ഗോൾ സമ്മാനിച്ചത്. രണ്ടു പകരക്കാരുടെ പങ്കായിരുന്നു ഗോളിൽ.

ഫ്രീകിക്കെടുത്ത ട്യൂൺ കൂപ്മൈനേഴ്സ് നേരിട്ട് ഗോളിലേക്ക് തൊടുക്കുന്നതിനുപകരം ഉയർന്നുചാടിയ പ്രതിരോധ മതിലിനുതാഴത്തുകൂടെ പാസ് ചെയ്ത പന്ത് പിടിച്ചെടുത്ത വെഗോസ്റ്റ് ഗോളിക്ക് അവസരം നൽകാതെ സ്കോർ ചെയ്തതോടെ ഡച്ച് ആവേശം അണപൊട്ടി.

Tags:    
News Summary - Argentina defeat Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.