ദുബൈ: യു.എ.ഇക്കും അർജന്റീനക്കും ഇന്നലെ ആഘോഷരാവായിരുന്നു. ഫിഫ ഫാൻ ഫെസ്റ്റും ഫാൻ സോണുകളും നിറഞ്ഞു കവിഞ്ഞ രാത്രിയിൽ അർജന്റീന ഫാൻസ് ആഘോഷത്തിമിർപ്പിൽ ആറാടി. പ്രവാസി മുറികളിൽ ആരവം അലയടിച്ചു. മൂന്നര പതിറ്റാണ്ടായി നെഞ്ചിൽ തളംകെട്ടിയ ഭാരം ഇറക്കി വെച്ച് ആഘോഷിക്കുകയായിരുന്നു അർജന്റീനൻ ഫാൻസ്.
പണം നൽകിയുള്ള ഫാൻ സോണുകളിൽ ടിക്കറ്റെടുക്കാനുള്ള ഓട്ടത്തിലായിരുന്നു ഫുട്ബാൾ ഫാൻസ്. പക്ഷേ, ഭൂരിപക്ഷം ഫാൻ സോണുകളിലും ടിക്കറ്റ് നേരത്തേതന്നെ വിറ്റഴിഞ്ഞു. ദുബൈ ഹാർബറിലെ ഫാൻ ഫെസ്റ്റ്, എക്സ്പോ ഫാൻ സോൺ, മീഡിയ സിറ്റി ഫാൻ സോൺ, സ്പോർട്സ് സിറ്റി ഫാൻ സോൺ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരു ദിവസം മുമ്പേ ടിക്കറ്റുകൾ തീർന്നു. ഇതോടെ തിയറ്ററുകളിലെ ബിഗ് സ്ക്രീനിലേക്കായി എല്ലാവരുടെയും കണ്ണുകൾ. കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് ഇരട്ടി തുകയായിരുന്നു ഫൈനൽ ടിക്കറ്റിന്. വൈകുന്നേരത്തോടെ തിയറ്ററും ഹൗസ് ഫുൾ ആയി.
സൗജന്യ ഫാൻ സോണുകളിലെല്ലാം നിൽക്കാൻപോലും കഴിയാത്ത തിരക്കായിരുന്നു. നേരത്തേ എത്തിയവർ നിലത്തും മറ്റുമായി ഇടംപിടിച്ചു. ചിലർ സ്വന്തം വീട്ടിൽനിന്ന് കസേരകളുമായെത്തി.
തിരക്ക് മുൻകൂട്ടികണ്ട് മണിക്കൂറുകൾക്ക് മുമ്പേ ഇരിപ്പിടങ്ങളിൽ സ്ഥാനംപിടിച്ചിരുന്നു. ഏഴു മണിക്കായിരുന്നു മത്സരമെങ്കിലും ആറു മണിയോടെ ഫാൻസോണുകൾ നിറഞ്ഞുകവിഞ്ഞു. അവധിയായതിനാൽ പ്രവാസികളും ഇവിടേക്കെത്തി. എങ്കിലും, നല്ലൊരു ശതമാനം ആളുകളും സ്വന്തം മുറികളിൽ ഒരുമിച്ചിരുന്നാണ് കളി ആസ്വദിച്ചത്. അർജന്റീനയുടെയും ഫ്രാൻസിന്റെയും ജഴ്സി അണിഞ്ഞായിരുന്നു കളി കാണൽ. ഇഷ്ട ടീമുകൾക്കായി പന്തയം വെച്ചവരും കുറവല്ല. ട്രോളുകൾ മുൻകൂട്ടി തയാറാക്കിവെച്ച ശേഷമായിരുന്നു ടി.വിക്കു മുന്നിലിരുന്നത്.
ലോകകപ്പ് ഫൈനൽ കാണാൻ അതിർത്തി കടന്ന് ഖത്തറിലേക്ക് തിരിച്ചവരും കുറവല്ല. ഫൈനലിന് ടിക്കറ്റ് കിട്ടിയില്ലെങ്കിലും ഫൈനൽ വൈബ് ആസ്വദിക്കാൻ റോഡ് മാർഗം നിരവധി മലയാളികളാണ് ഖത്തറിൽ എത്തിയത്. അതിർത്തിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.