ദോഹ: കളിയുടെ രസച്ചരടിൽ കോർത്തുകെട്ടിയ മനുഷ്യകുലം മുഴുവൻ ലുസൈലിൽ തമ്പടിക്കുന്ന രാവ്. നാലാണ്ടിന്റെ നാഴികമണി മുഴങ്ങുകയായി. പേൾഖത്തറിൽ കളിയുടെ മുത്തുവാരിയെടുക്കുന്നത് ആരാകും? അൽബിദ പാർക്കിലെ സിദ്റ മരങ്ങളിൽ വിരിയുന്ന വസന്തംപോലെ ആരുടെ സ്വപ്നങ്ങളാവും പൂത്തുതളിർക്കുക?

തെക്കനമേരിക്കൻ കളിയഴകിന്റെ അപ്പോസ്തലന്മാരായ അർജന്റീനയോ യൂറോപ്യൻ ഫുട്ബാളിന്റെ പവർ ഗെയിം പാദങ്ങളിലാവാഹിക്കുന്ന ഫ്രാൻസോ? ഒരു മാസക്കാലം പോരിന്റെ അഗ്നിസ്ഫുലിംഗങ്ങളാൽ ലോകത്തെ ത്രസിപ്പിച്ച ഖത്തറിൽ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. മഞ്ഞക്കപ്പിനായി രണ്ട് നീലപ്പടകൾ അങ്കത്തിനിറങ്ങുന്നു. ഖത്തർ ദേശീയ ദിനത്തിൽ പച്ചപ്പട്ടണിഞ്ഞ ലുസൈലിന്റെ നടുമുറ്റത്ത് ലോകം കണ്ണിമ ചിമ്മാതെ നോക്കിനിൽക്കുന്ന രാത്രിയിൽ, പാറിപ്പറക്കുന്ന 'അൽ ഹിൽമ്' പന്തിന്റെ ഗതിവിഗതികൾ അതു നിശ്ചയിക്കും.

ലക്ഷണമൊത്ത പോരാട്ടത്തിനാണ് കാഹളമുയരുന്നത്. ലക്ഷത്തോളം പേരത് നേരിട്ട് കൺപാർക്കും. ഭൂമിയിലെ കോടാനുകോടി മനുഷ്യരുടെ കണ്ണും മനസ്സും അപ്പോൾ ആ മണ്ണിലായിരിക്കും. വിശ്വവിജയത്തിന്റെ മധുരക്കോപ്പ ചുണ്ടോടടുപ്പിക്കുന്നതാരാവും? മുൻകൂറായി ഒന്നും പറയുക സാധ്യമല്ല. കാരണം, ഈ ഫൈനൽ ലോകകപ്പിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും പ്രവചനാതീതമായ കലാശപ്പോരാട്ടങ്ങളിലൊന്നാണ്. കളിയുടെ ചരിത്രത്താളുകളിൽ ഇതിഹാസങ്ങളേറെ കുറിച്ച ലയണൽ മെസ്സിയുടെ അർജന്റീനക്കെതിരെ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച ഹ്യൂഗോ ലോറിസിന്റെ നായകത്വത്തിൽ ഫ്രഞ്ചുപട.

കളിചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസ്സി ലോകപോരാട്ടങ്ങളുടെ വിലോഭനീയ വേദിയിൽ അവസാന മത്സരം കളിച്ചുതീർക്കുന്ന രാത്രിയാണിന്ന്. ആ കനകക്കിരീടമൊഴികെ, നേടാൻ കഴിയുന്നതിന്റെ അമരത്തേക്ക് പലകുറി ഡ്രിബ്ൾ ചെയ്തു കയറിയ പ്രതിഭാധനൻ. മുമ്പ് നാലു ലോകകപ്പ് കളിച്ചിട്ടും കരഗതമാക്കാൻ കഴിയാതെപോയ ആ സുവർണമുദ്ര കരിയറിലെ ഏറ്റവും വലിയ പോരാട്ടത്തിൽ അയാൾക്കൊപ്പം നിൽക്കുമോ? അതല്ല, കിലിയൻ എംബാപ്പെയുടെ സംഹാര രൗദ്രതയിൽ തുടർകിരീടമെന്ന സ്വപ്നത്തിലേക്ക് കയറിയെത്താൻ ഫ്രാൻസിനാകുമോ?

Tags:    
News Summary - Argentina-France final today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.