ആലമുലകിലെ ഫുട്ബാള്‍ ആരാധകരെ ആകാംക്ഷാഭരിതരാക്കിയ ഖത്തര്‍ ലോകകപ്പിലെ ആദ്യസെമിയില്‍ അര്‍ജന്‍റീന ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കഴിഞ്ഞതവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ പരാജയപ്പെടുത്തി. കളിതുടങ്ങും മുമ്പ് വരെ എമ്പാടുമുള്ള കളിവിചക്ഷണരുടെ കണക്കുകൂട്ടലുകളെ അക്ഷരാർഥത്തില്‍ തകിടം മറിച്ച പ്രകടനമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. തന്നിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന മെസ്സിക്ക് തുല്യമായി മറ്റാരുമില്ലെന്നത് ഒരിക്കല്‍കൂടി വെളിവാക്കപ്പെട്ട 90മിനുട്ടുകള്‍..
ബ്രസീലിനെതിരെ വിജയിച്ച പദ്ധതികളില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ക്രൊയേഷ്യ തുടങ്ങിയത്. തങ്ങളുടെ ശക്തികേന്ദ്രമായ മധ്യനിരയുടെ ക്രയശേഷിയെ നന്നായി ഉപയോഗപ്പെടുത്തുന്ന തന്ത്രങ്ങളെ പക്ഷെ, സ്കലോണിയുടെ അര്‍ജന്‍റീന മറുമരുന്ന് കൊണ്ടാണെതിരേറ്റത്.
പന്ത് കൈവശം വെച്ച് വലിയ കാലവിളംബമില്ലാതെ എതിര്‍ഗോള്‍മുഖം തുറന്നെടുക്കാറുള്ള അര്‍ജന്‍റീന ഇന്നലെ കുറേക്കൂടി ക്രൊയേഷ്യയെ ബഹുമാനിച്ച് പ്രതിരോധസുരക്ഷയില്‍ ഇളവ് വരുത്താതെയാണ് തുടങ്ങിയത്. 4-4-2 രൂപഘടനയില്‍ വലിയ സ്ഥാനവ്യതിയാനങ്ങള്‍ നടത്താതെ, ക്രൊയേഷ്യന്‍മധ്യനിരയുടെ സ്വാഭാവികനീക്കങ്ങള്‍ക്കുള്ള സാധ്യതകളെ ആദ്യമേ നുള്ളിക്കളഞ്ഞു.
ബ്രോസോയും ലൂക്കയും കൊവാചിചും കെട്ടിയിടപ്പെട്ടതോടെ കളിയുടെ നിയന്ത്രണം അര്‍ജന്‍റീന പതിയെ കൈയിലെടുത്തു. ആല്‍വാരെസും മെസ്സിയും നിരന്തരമായി ഓഫ് ദ ബാള്‍ റണ്ണുകള്‍ നടത്തിയതോടെ ക്രൊയേഷ്യന്‍ പ്രതിരോധവും ആശയക്കുഴപ്പങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പരിചയസമ്പന്നതയുള്ള ക്രൊയേഷ്യന്‍ നിര പലപ്പോഴും ക്രിയാത്മകമായി പ്രതികരിച്ചു തുടങ്ങിയതോടെ കളി ഇരുവശങ്ങളിലും ജീവന്‍ വെച്ചുതുടങ്ങി..
35ാം മിനിട്ടിലാണ് അത് വരെയുള്ള കളിഗതിയെ മാറ്റിമറിച്ച വഴിത്തിരിവുണ്ടാവുന്നത്. ഹൈലൈന്‍ അതിസമ്മര്‍ദ്ദനീക്കത്തിലേക്ക് പോയ ക്രൊയേഷ്യയുടെ മധ്യനിരയില്‍നിന്ന് തട്ടിയെടുത്ത ഒരു പന്ത് എന്‍സോ അതിമനോഹരമായി ഒരു ലോഫ്റ്റഡ് ചിപ്പിലൂടെ ഇഴപൊട്ടിനില്‍ക്കുന്ന ക്രൊയേഷ്യന്‍ പ്രതിരോധരേഖയിലുള്ള ആല്‍വാരെസിന് നല്‍കുന്നു.
കൂടെ ഓടുന്ന രണ്ട് പ്രതിരോധക്കാരെയും ഓടി തോല്‍പിച്ച ആല്‍വാരോയെ ഒരു വണ്‍ ഓണ്‍ വണ്‍ ക്ലാഷില്‍ ഗോളി വീഴ്ത്തുന്നു, പെനാല്‍റ്റി. മെസ്സി അനതിനസാധാരണമായ ശാന്തതയോടെ ഏറ്റവും കൃത്യതയോടെയും ആധികാരികതയോടെയും അത് ഗോളാക്കി മാറ്റുന്നു. വീണ്ടും അഞ്ചു മിനിറ്റിന് ശേഷം മുമ്പ് സംഭവിച്ചതിന് സമാനമായൊരു പ്രതിരോധപ്പിഴവിനെ മുതലെടുത്ത് പന്തുമായി ആല്‍വാരെസ് കുതിക്കുന്നു.
തടയാനുള്ളവരുടെ സകല അധ്വാനങ്ങളെയും കാറ്റില്‍ പറത്തി ഭാഗ്യത്തിന്‍റെ കൂടി അകമ്പടിയോടെ അയാള്‍ അത് വലയിലേക്ക് തഴുകിയിടുന്നു. ആദ്യപകുതിയില്‍ തന്നെ ആദ്യ സെമിയുടെ ചിത്രം വ്യക്തമാവുന്നു. പിന്നീട് അര്‍ജന്‍റീന പൂർണമായും കളിയുടെ നിയന്ത്രണം ഏറ്റെടുത്ത കാഴ്ചയായിരുന്നു കാണാനായത്.
രണ്ടാം പകുതിയിലും കാര്യങ്ങള്‍ വ്യത്യസ്തമായില്ല. മെസ്സിയുടെ മാസ്മരിക ശാരീരികചലനങ്ങളോട് സംവദിക്കാനാവാതെ വീണ ടൂര്‍ണമെന്‍റിലെ കണ്ടെത്തല്‍കൂടിയായ ഗ്വാര്‍ഡിയോളയെ മറികടന്ന് നല്‍കിയ കട്ബാക് ബാളിനെ ഏറ്റവും മികച്ച പൊസിഷണല്‍ സെന്‍സിലൂടെ ഒരു തൂവല്‍സ്പര്‍ശം നല്‍കി ആല്‍വാരോസ് ഗോളിലേക്ക് വഴിതിരിച്ച് വിട്ട് പട്ടിക പൂര്‍ത്തിയാക്കി.
സമ്പൂർണതയുള്ള വിജയത്തില്‍ നിര്‍വഹണതലത്തില്‍ ഓരോ കളിക്കാരന്‍റെയും പ്രാതിനിധ്യം മുഴച്ച് നില്‍ക്കുമ്പോള്‍ തന്നെ കോച്ച് സ്കലോണി തീര്‍ച്ചയായും വലിയൊരു ശതമാനം ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. ബ്രസീലിനെതിരെ തങ്ങളുടെ പദ്ധതികള്‍ മനോഹരമായി നടപ്പിലാക്കിയ വിഭവശേഷിയില്‍ വമ്പരേറെയുള്ള ക്രൊയേഷ്യക്കെതിരെ എങ്ങനെ തന്ത്രങ്ങളൊരുക്കും എന്നൊരു കൗതുകമുണ്ടായിരുന്നു.
ആ പ്രതീക്ഷകളെ കവച്ചു വെക്കുന്ന കൃത്യതയുള്ള പ്ലാനുകളായിരുന്നു അര്‍ജന്‍റീന ഇന്നലെ കളത്തില്‍ കാഴ്ച വെച്ചത്. ക്രൊയേഷ്യയുടെ ക്രിയാത്മകമധ്യനിരയുടെ സ്വാഭാവികനീക്കങ്ങളെ ഇല്ലാതാക്കിയതാണ് നിർണായകമായത്. പിന്നീട് നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകളും കളിയെ വരുതിയിലാക്കാന്‍ സഹായകമായി.
ഏറ്റവും മികച്ച ഫോമിലുള്ള , ഏത് സന്ദര്‍ഭത്തോടും സജീവമായും സൃഷ്ടിപരമായും പ്രതികരിക്കുന്ന പരിചയസമ്പത്തുള്ള ക്രൊയേഷ്യ കളിക്ക് മുമ്പ് കടലാസില്‍ ചെറിയൊരു മുന്‍തൂക്കം കാണിച്ചിരുന്നു. ആ ബലത്തിലാണവര്‍ കളിയൊരുക്കം നടത്തിയതെന്നും അവരുടെ നീക്കങ്ങള്‍ സൂചന നല്‍കിയിരുന്നു.
പാര്‍ശ്വങ്ങളിലേക്കുള്ള പന്തൊഴുക്കിനെ മധ്യനിരയില്‍ വെച്ച് തന്നെ അസാധുവാക്കാന്‍ അര്‍ജന്‍റീനക്ക് കഴിഞ്ഞതും നിരന്തരമായി ഓഫ് ദ ബാള്‍ നീക്കങ്ങളിലൂടെ പ്രതിരോധത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനായതുമാണ് ക്രൊയേഷ്യക്ക് വിനയായത്. ഇത് വരെയുള്ള ക്രൊയേഷ്യയുടെ ടീം രീതികൾക്ക് വിപരീതമായി സംഭവിച്ച രണ്ടോ മൂന്നോ പ്രതിരോധപ്പിഴവുകളും, കൂട്ടുത്തരവാദിത്തപ്പിഴവുകളും, ഏകാഗ്രതക്കുറവുമാണ് അവരുടെ വിധിയെഴുതിയത്.
ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെ ആധികാരികമായി പരാജയപ്പെടുത്തിയ അര്‍ജന്‍റീന ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാവും ഫൈനലിനെ സമീപിക്കുക എന്നത് നിസ്തര്‍ക്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.