2018ലെ പഴയ അർജന്റീനയല്ല ഇന്നത്തേത്. പങ്കുവെപ്പിന്റെ അതിശയിക്കുന്ന പുതിയ മേഖലകളിലൂടെയാണ് അർജന്റീനയിപ്പോൾ കടന്നുപോകുന്നത്. 2014ൽ ടീം ഫൈനലിലെത്തിയപ്പോൾ പോലും അതിങ്ങനെയല്ലായിരുന്നു. മാറക്കാനയിൽ ഫൈനലിൽ ജർമനിയോട് തോൽക്കുന്ന മത്സരത്തിലടക്കം, ടീമംഗങ്ങൾ എല്ലാ പ്രശ്നങ്ങളും മെസ്സി ഒറ്റക്ക് പരിഹരിക്കുമെന്ന വിശ്വാസത്തിലായിരുന്നു.
അതിനായവർ കാത്തുനിന്നു. 2022ൽ പക്ഷേ, എല്ലാം മാറിമറിഞ്ഞിരിക്കുന്നു. ഇപ്പോൾ അവർ അയാൾക്കുവേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അയാളാകട്ടെ, തന്റെ അവസരത്തിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. മെസ്സിയെ പൂട്ടിയാൽ തന്നെ ലാൻഡ്മൈനുകൾ പോലെ നിനച്ചിരിക്കാതെ പൊട്ടിത്തെറിക്കുന്ന വെടിക്കോപ്പുകൾ പലതുണ്ടിപ്പോൾ അർജന്റീനക്ക്. ഒരുമനസ്സോടെ കളിക്കുന്ന കെട്ടുറപ്പുള്ള ടീമായത് മാറിയിരിക്കുന്നു.
പന്തിന്മേൽ വിജയം നേടുന്നതോടൊപ്പം, മുന്നോട്ടാഞ്ഞ് ഡിഫൻഡ് ചെയ്യുകയുമാണ് അജണ്ട. അതൊരു പ്രതിരോധാത്മക ആശയമായിരിക്കാം. പക്ഷേ, പ്രത്യേക സാഹചര്യങ്ങളിൽ കാര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള ചട്ടക്കൂടാണതിന്റെ സവിശേഷത. ലയണൽ സ്കലോണി ആശാനായി വന്നശേഷമുള്ള മാറ്റം. പരമ്പരാഗത പൊസഷൻ ഗെയിം വിട്ട് എതിരാളികൾക്കനുസൃതമായി ശൈലി മാറ്റാൻ കഴിയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 39 ശതമാനം സമയം മാത്രം പന്ത് കൈവശം വെച്ച് ക്രൊയേഷ്യയെ തകർത്ത വിജയം.
മൊറോക്കോക്കെതിരെ ഫ്രാൻസ് ജയിച്ചതും 39 ശതമാനം പൊസഷനുമായാണ്. തരാതരം പോലെ തന്ത്രം മാറ്റിക്കളിക്കാനറിയാവുന്ന ടീമുകളാണ് നേർക്കുനേർ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.