ക്ലൈമാക്സിൽ വെഗ്ഹോസ്റ്റിന്‍റെ ഇരട്ടപ്രഹരം; അർജന്‍റീന-നെതർലൻഡ്സ് മത്സരം അധിക സമയത്തേക്ക്

ദോഹ: ലുസൈലിൽ നടക്കുന്ന ആവേശകരമായ അർജന്‍റീന-നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ മത്സരം അധിക സമയത്തേക്ക്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.

മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ പകരക്കാരനായിറങ്ങിയ വൗട്ട് വെഗ്ഹോസ്റ്റ് നേടിയ ഇരട്ട ഗോളുകളിലൂടെയാണ് നെതർലൻഡ്സ് ആയുസ് നീട്ടിയെടുത്തത്. 83, 90+11 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. നഹുവൽ മോളിനയിലൂടെ (35ാം മിനിറ്റിൽ) അർജന്‍റീനയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. നെതർലൻഡ്സ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെസ്സി നൽകിയ ഒന്നാംതരം ക്രോസാണ് ഗോളിൽ കലാശിച്ചത്.

ഡച്ച് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഓടിക്കയറി മെസ്സി നൽകിയ ത്രൂപാസ് ബോക്സിനുള്ളിൽ മൊളീനയിലേക്ക്. പന്തുമായി ഡാലി ബ്ലിൻഡിനെ മറികടന്ന മൊളീന, ഗോൾകീപ്പർ നോപ്പർട്ടിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. 73ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് മെസ്സി ലീഡ് ഉയർത്തി. ബോക്സിനുള്ളിൽ ഡച്ച് പ്രതിരോധ താരം ഡെൻസൽ ഡുംഫ്രീസ് അക്യൂനയെ ഫൗൾ ചെയ്തതിനാണ് റഫറി അർജന്‍റീനക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത മെസ്സി ഗോളി നോപ്പർട്ടിനെ കാഴ്ചക്കാരനാക്കി അനായാസം പന്ത് വലയിലെത്തിച്ചു.

83ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗ്ഹോസറ്റിലൂടെ നെതർലൻഡ്സ് ഒരു ഗോൾ മടക്കി. സ്റ്റീവൻ ബെർഗൂയിസ് വലതുപാർശ്വത്തിൽ നിന്ന് ബോക്സിന്‍റെ മധ്യത്തിലേക്ക് ഉയർത്തി നൽകിയ ക്രോസ് ഒന്നാംതരം ഹെഡ്ഡറിലൂടെയാണ് വെഘോസ്റ്റ് വലയിലാക്കിയത്. പിന്നാലെ രണ്ടാം ഗോളും മടക്കാനുള്ള ഡച്ച് പടയുടെ മുന്നേറ്റം. നിരന്തരം അർജന്‍റീനയുടെ ഗോൾ മുഖം വിറപ്പിച്ച് നെതർലൻഡ്സ് ആക്രമണം.

പ്രതിരോധിച്ച് അർജന്‍റീനയും. ഇതിനിടെ താരങ്ങളുടെ കൈയാങ്കളിക്കും മത്സരം സാക്ഷിയായി. അർജന്‍റീന ജയത്തിലേക്കെന്ന് തോന്നിപ്പിച്ച അവസരത്തിലാണ് ബോക്സിനു പുറത്ത് ലഭിച്ച ഫ്രീകിക്ക് ഡച്ച് പട ഗോളാക്കിയത്. കിക്കെടുത്ത ട്യൂൺ കൂപ്മേനേഴ്സ് പന്ത് ബോക്സിനുള്ളിലേക്ക് തട്ടിയിട്ടു നൽകി. പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് വെഗ്ഹോസ്റ്റിന്‍റെ കാലിൽ. താരം പന്ത് വലയിലെത്തിച്ചു. പിന്നാലെ റഫറി ഫൈനൽ വിസിലും വിളിച്ചു.

ആദ്യ പത്തു മിനിറ്റുകളിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞിരുന്നില്ല. അർജന്‍റീനയുടെ മുന്നേറ്റങ്ങളെല്ലാം നെതർലൻഡ്സ് പ്രതിരോധത്തിൽ തട്ടി മടങ്ങി. 20 മിനിറ്റിനിടെ ഗോളിലേക്കെന്ന് തോന്നിക്കുന്ന നീക്കങ്ങളൊന്നും ഇരുടീമും നടത്തിയില്ല. ടാർഗറ്റിലേക്കോ, ഓഫ് ടാർഗറ്റിലേക്കോ ഒരു ഷോട്ടുപോലുമില്ല. കാഴ്ച്ചക്കാരായി ഗോൾ കീപ്പർമാർ.

22ാം മിനിറ്റിൽ പ്രതിരോധ താരങ്ങളെ കട്ട് ചെയ്ത് കയറി ബോക്സിനു മുന്നിൽനിന്ന് ലയണൽ മെസ്സി തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 24ാം മിനിറ്റിൽ ഡച്ച് മുന്നേറ്റം. സ്റ്റീവൻ ബെർഗ്വിന്‍റെ ഷോട്ട് പുറത്തേക്ക്. 40ാം മിനിറ്റിൽ മെസ്സിയുടെ ഷോട്ട് ഡച്ച് ഗോളി നോപ്പർട്ട് കൈയിലൊതുക്കി.

51ാം മിനിറ്റിൽ അർജന്‍റീനയുടെ മുന്നേറ്റം. ഡി പോൾ പ്രതിരോധ താരങ്ങൾക്കിടയിലൂടെ നൽകിയ ത്രൂപാസ് മെസ്സി ഓടി എത്തുന്നതിനു മുമ്പേ, നെതർലൻഡ്സ് ഗോൾകീപ്പർ നോപ്പർട്ട് മുന്നോട്ടു കയറിവന്ന് കൈയിലൊതുക്കി. 62ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽ നിന്നുള്ള മെസ്സിയുടെ കിടിലൻ ഫ്രീകിക്ക് ക്രോസ് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍നിന്ന് ഒരു മാറ്റവുമായാണ് അർജന്‍റീന കളത്തിലിറങ്ങിയത്. പപ്പു ഗോമസിന് പകരം പ്രതിരോധതാരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ടീമിലിടം നേടി. നെതര്‍ലന്‍ഡ്‌സിലും ഒരു മാറ്റമാണുള്ളത്. ക്ലാസന് പകരം സ്റ്റീവന്‍ ബെര്‍ഗ്വിനാണ് ആദ്യ ഇലവനിൽ കളിക്കുന്നത്.

അര്‍ജന്റീന പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയുള്ള 5-3-2 ശൈലിയിലും നെതര്‍ലന്‍ഡ്‌സ് 3-4-1-2 ഫോര്‍മേഷനിലാണ് കളിക്കുന്നത്. മത്സരത്തിൽ ജയിക്കുന്നവർ സെമിയിൽ ക്രൊയേഷ്യയെ നേരിടും.

Tags:    
News Summary - Argentina lead against the Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.