അ​ർ​ജ​ൻ​റീ​ന റി​​ട്ടേ​ൺ ബാ​ക്ക്​

ഒരു പക്ഷെ , ഭുഗോളത്തിന്‍റെ എല്ലാ കോണുകളും ഒരൊറ്റ പ്രാര്‍ത്ഥനയാല്‍ കാത്തിരുന്ന കളിയില്‍ മെക്സിക്കോ എങ്ങനെയാവും അര്‍ജന്‍റീനക്കെതിരെ കളിയൊരുക്കുക? മെസ്സിയെന്ന ഫുട്ബോള്‍ ഉപാസനാമൂര്‍ത്തിക്ക് വേണ്ടിയും രാജ്യത്തിനായും ഏത് വിധേനയും കളി ജയിക്കുക എന്ന ലക്ഷ്യത്തിലിറങ്ങുന്ന അര്‍ജന്‍റീനയെ ഏത് കളിതന്ത്രങ്ങളും പദ്ധതികളും വെച്ചാവും മെക്സികന്‍ കോച്ച് ജെറാഡോ മര്‍ട്ടീനോ ലുസൈലില്‍ തടയിടുക?.

ഈ രണ്ട് ചോദ്യങ്ങളായിരുന്നു എന്നിലെ ഫുട്ബോള്‍ കുതുകിയുടെ കഴിഞ്ഞരാത്രിയിലെ ഫോക്കല്‍ പോയന്‍റ്. അതിനുത്തരമായിരുന്നു മെക്സിക്കോക്കെതിരെ അര്‍ജന്‍റീനയുടെ 2-0ന്‍റെ വിജയം.

പോളണ്ടിനെതിരെ സമനിലയിലായ കളിയില്‍ നിന്ന് വ്യത്യസ്തമായ, കുറേക്കൂടി സുരക്ഷിതമായി കളിക്കുകയെന്ന സമീപനമായിരുന്നു മെക്സിക്കോയുടെ കാതല്‍. അച്ചടക്കമുള്ള പ്രതിരോധരേഖയില്‍ വിള്ളലുണ്ടാക്കാന്‍ ലൗത്താരോക്ക് യാതൊരു വിടവും നല്‍കാതെ, പിടിച്ചെടുത്ത പന്തുകളെ ലൊസാനോയുടെ വേഗത്തെ മുതലെടുത്ത് അര്‍ജന്‍റൈന്‍ തേഡില്‍ ഭീഷണിപ്പെടുത്തുന്നത് പോലും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള അവരുടെ തന്ത്രമായിരിക്കണം.

ആദ്യ 10 മിനിറ്റില്‍ കളിഗതിയെ നന്നായി ന്യൂട്രലൈസ് ചെയ്ത്, അര്‍ജന്‍റീനക്കൊപ്പം വിശിഷ്യാ മധ്യനിരയില്‍ നിലനില്‍ക്കാനായത് മെക്സികോയുടെ ആത്മവിശ്വാസമേറ്റി. പലപ്പോഴും ഹൈലൈന്‍ ആയും ലോ ലൈന്‍ ആയും പ്രതിരോധത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റിപ്രതിഷ്ഠിക്കാന്‍ അവര്‍ക്കായതും മെക്സികന്‍ ടീമിന്‍റെ ക്വാളിറ്റി പ്രകടമാക്കുന്നതായിരുന്നു.

പന്തില്‍ നിയന്ത്രണം നഷ്ടപ്പെടുമ്പോഴും, ആക്രമണങ്ങളെ നേരിടുമ്പോഴും ഒരു യൂണിറ്റായി പ്രതിരോധക്രമീകരണം മെക്സികോ നടത്തുന്നത് രസക്കാഴ്ചയായിരുന്നു.

കളിയുടെ സജീവമേഖലയായ മധ്യനിരയില്‍ അത്ര ക്രിയാത്മകമായ നീക്കങ്ങളൊന്നും സംഭവിക്കാതെ ഇരു ടീമുകളും അതീവജാഗരൂകരായി കളിച്ച ആദ്യപകുതിക്ക് ശേഷം, 63ാം മിനുറ്റിലാണ് മെസ്സിയുടെ ഗോള്‍ വരുന്നത്. പ്രതിരോധിക്കാന്‍ മുമ്പില്‍ ആളുണ്ടായിരുന്നെങ്കിലും എല്ലാ തടസ്സങ്ങളെയും നിഷ്പ്രഭമാക്കി ഒരു കാര്‍പെറ്റ് ഡ്രൈവിലൂടെ അയാള്‍ തന്‍റെ പ്രതിഭയോട് നീതികാട്ടി.

പിന്നീട് നടത്തിയ ചില ടാക്റ്റിക്കല്‍ സബ്സ്റ്റിറ്റ്യൂഷനുകള്‍ ചിത്രം മാറ്റി. കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത അര്‍ജന്‍റീന കൂടുതല്‍ ആക്രമണകാരികളാവുകയും തുടരെ തുടരെ നടത്തിയ ആക്രമണങ്ങളില്‍ നിന്ന് തന്‍റെ ശരീരത്തെ ഒരു നര്‍ത്തകനെ പോലെ ചലിപ്പിച്ച് ഫെര്‍ണാണ്ടസ് മനോഹരമായി അര്‍ജന്‍റീനയുടെ രണ്ടാം ഗോളും കണ്ടെത്തി.

അര്‍ജന്‍റൈന്‍ ആരാധകര്‍ക്ക് ഫൈനല്‍ വിജയം പോലെ വിലപ്പെട്ടതാണ് ഈ ജയം. സെറ്റ് ചെയ്ത പ്ലാനില്‍ കാര്യങ്ങള്‍ മുമ്പോട്ട് പോവുമ്പോഴും, എതിരാളികളുടെ മറുപദ്ധതികള്‍ അതിനെ അതിജീവിക്കുമ്പോഴുമാണ് ചില നിമിഷങ്ങള്‍ പിറക്കുന്നത്. മെസ്സിയുടെ ഗോള്‍ നിര്‍മിച്ചതും ആ വഴിത്തിരിവാണ്.

അമാനുഷികമായൊന്നുമില്ലാത്ത, എന്നാല്‍ അയാളുടെ ഫസ്റ്റ് ടച്ചും ഗോളിലേക്കുള്ള കാഴ്ചയും, പന്തിനെ ഏറ്റവും നന്നായി പരിചരിക്കുന്ന സാങ്കേതികയും സമ്മേളിച്ച ഒരു ഗോള്‍. ഒരു പക്ഷെ അതിലും മനോഹരമായ വ്യക്തിഗതമികവുള്ളതാണ് ഫെര്‍ണാണ്ടസിന്‍റെ രണ്ടാം ഗോള്‍.

വിഭവശേഷിയുടെ പരിമിതികളെ മറികടന്ന് ഒരു ടീംയൂണിറ്റായി പ്രകടനം നടത്താന്‍ ഒരു പരിധി വരെ അര്‍ജന്‍റീനക്കാവുന്നുണ്ടെങ്കിലും ഡിമരിയ മെസ്സി എന്നതിനപ്പുറം 'എക്സ്' ഫാക്റ്ററുകള്‍ ഇല്ലാത്തതിന്‍റെ ആയാസം ടീമില്‍ സുവ്യക്തമാണ്. മുമ്പോട്ടുള്ള യാത്രയില്‍ നിര്‍വഹണ തലത്തില്‍ അര്‍ജന്‍റീന ഇനിയും മാറ്റങ്ങള്‍ക്ക് വിധേയമാവാനുണ്ട്.

Tags:    
News Summary - Argentina Return Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.