അ​ർ​ജ​ന്‍റീ​നയെ നേരിടുന്ന യു.എ.ഇ ടീമിന്‍റെ പരിശീലനം

ലോകകപ്പ് സന്നാഹം; അ​ർ​ജ​ന്‍റീ​ന യു.എ.ഇ മത്സരം ഇന്ന്

അർജന്‍റീന ടീം അബുദബിയിൽ പരിശീലനത്തിൽഅബൂദബി: ലോകകപ്പിന് മൂന്നു ദിനം മാത്രം ബാക്കിനിൽക്കെ അർജന്‍റീന ടീം ബുധനാഴ്ച കളത്തിൽ. യു.എ.ഇ ദേശീയ ടീമിനെതിരെയാണ് മെസ്സിയുടെ സംഘം ഇന്ന് സന്നാഹ മത്സരത്തിനിറങ്ങുന്നത്. അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. അർജന്‍റീനയെ നേരിടാൻ യു.എ.ഇ ടീമും സർവസജ്ജമായി. മത്സരത്തിന്‍റെ ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുമ്പുതന്നെ വിറ്റഴിഞ്ഞിരുന്നു. നിരവധി മലയാളികളാണ് അർജന്‍റീനയെയും മെസ്സിയെയും നേരിൽ കാണാൻ ടിക്കറ്റ് സ്വന്തമാക്കിയത്.

അർജന്‍റീന ടീം അബുദബിയിൽ പരിശീലനത്തിൽ 

 

2019ന് ശേഷം ഒരു മത്സരംപോലും തോറ്റിട്ടില്ലാത്ത അർജന്‍റീനക്ക് തന്നെയാണ് മുൻതൂക്കം. സന്നാഹമത്സരമാണെങ്കിലും യു.എ.ഇയെ ചെറിയ എതിരാളികളായി കണ്ടായിരിക്കില്ല അർജന്‍റീന കളത്തിലിറങ്ങുക. തുടർച്ചയായ 37 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ ഇറ്റലിയുടെ റെക്കോഡ് തകർക്കാൻ അർജന്‍റീനക്ക് രണ്ടു മത്സരം കൂടി മതി. അതിനാൽ, മത്സരത്തെ ഗൗരവത്തോടെയായിരിക്കും ടീം സമീപിക്കുക. എങ്കിലും, പരിക്കിന്‍റെ പിടിയിൽപെടാതെ സൂക്ഷിച്ചായിരിക്കും ടീമിന്‍റെ ഓരോ നീക്കവും. 2019 ജൂലൈയിൽ ബ്രസീലിനോടാണ് അർജന്‍റീന അവസാനമായി തോറ്റത്. അതിനുശേഷം ബ്രസീലിനെ തോൽപിച്ച് കോപ്പ അമേരിക്ക കിരീടം നേടിയിരുന്നു.

എല്ലാ ടീം അംഗങ്ങളും അബൂദബിയിൽ എത്തിയിട്ടുണ്ട്. രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ ലയണൽ മെസ്സി, ഡി മരിയ, ഡിപോൾ അടക്കമുള്ള താരങ്ങൾ പരിശീലനം നടത്തിയിരുന്നു. ഖത്തറിലായിരുന്ന പരിശീലകൻ ലയണൽ സ്കലോണിയും ടീമിനൊപ്പമുണ്ട്. ഖത്തറിലെയും യു.എ.ഇയിലെയും കാലാവസ്ഥ സമാനമായതിനാൽ ഗൾഫിലെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരുക എന്നതാണ് യു.എ.ഇയിലെ പരിശീലന മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

യു.എ.ഇ തയാർ

ലോകത്തിലെ മികച്ച ടീമിനെ നേരിടാനുള്ള തയാറെടുപ്പിലാണ് യു.എ.ഇ ദേശീയ ടീം. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ കാണികളെ ത്രസിപ്പിക്കുന്ന നീക്കം നടത്തി പൊരുതുക എന്നതാവും യു.എ.ഇയുടെ ലക്ഷ്യം. ലോകകപ്പിന്‍റെ യോഗ്യത കടമ്പക്ക് തൊട്ടടുത്ത് വീണുപോയ യു.എ.ഇ മികച്ച നിരയുമായാണ് അർജന്‍റീനയെ നേരിടുന്നത്. ഷാർജയുടെ പ്രതിരോധനിര താരം ഷഹീൻ അബ്ദുൽ റഹ്മാൻ ടീമിൽ തിരിച്ചെത്തി. ഫെബ്രുവരി മുതൽ ടീമിനു പുറത്തായിരുന്നു ഷഹീൻ. കൂടുതൽ യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് പ്രഖ്യാപിച്ചത്.

അതേസമയം, അൽഐൻ നായകൻ ബണ്ഡാർ അൽ അഹ്ബദി, അൽ വാസൽ താരം ഉമർ അബ്ദുൽ റഹ്മാൻ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല. കസാഖ്സ്താനെതിരായ സൗഹൃദ മത്സരത്തിലും ഇതേ ടീമുമായാണ് അർജന്‍റീന ഇറങ്ങുന്നത്. 19നാണ് കസാഖ്സ്താനെതിരായ മത്സരം. ജനുവരിയിൽ നടക്കുന്ന ഗൾഫ് കപ്പിനു മുന്നോടിയായാണ് യു.എ.ഇ കൂടുതൽ മത്സരം കളിക്കുന്നത്. 

Tags:    
News Summary - Argentina UAE match today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.