അർജൻറീനയുടെ മാസ്റ്റർ ബ്രെയിൻ

ദോഹ: ലയണൽ മെസ്സിയെന്ന അച്ചുതണ്ടിനെ ചുറ്റി പതിറ്റാണ്ടിലേറെ കാലമായി കാൽപന്തിലെ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന രാജ്യത്തെ ഒരു ടീമായി മാറ്റിയെടുത്തവൻ എന്ന് ഒറ്റവാക്കിൽ ലയണൽ സ്കലോണിയെ വിശേഷിപ്പിക്കാം. കിരീടങ്ങളും വിജയങ്ങളും ഗോളുകളും എന്ന അമിതഭാരം താങ്ങാനാവാതെ ലയണൽ മെസ്സിയുടെ ബൂട്ടുകൾ തളരുമ്പോൾ വൻ വിജയങ്ങൾക്കരികിൽ അർജൻറീന വീണുപോവുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിൽ ആരാധകർ ഏറെയും കണ്ട കാഴ്ചകൾ.

എന്നാൽ, ഇന്ന് മെസ്സിയെന്ന സൂപ്പർ താരത്തിന് അതിഭാരമില്ലാത്തൊരു ഗെയിംപ്ലാൻ അർജൻറീനക്കുണ്ട്. നായകന് വേണ്ടി മരണംവരിക്കാൻ തയാറായ ഒരു കളിസംഘം ഒപ്പമുണ്ട്. ഗോൾ വലക്കുകീഴിൽ 'പത്തു'കൈകളും വീശുന്ന എമിലിയാനോ മാർട്ടിനസ് എന്ന ഗോൾകീപ്പർ. പ്രതിരോധത്തിൽ ചോരചിന്തി വലകാക്കാൻ ശരീരം സമർപ്പിച്ച നികോളസ് ഒടമെൻഡിയും ക്രിസ്റ്റ്യൻ റൊമീറോയും.

മധ്യനിരയിൽ ദ്രുതചലനങ്ങളുമായി എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, മക് അലിസ്റ്റർ എന്നിവരടങ്ങിയ പോരാളികൾ. മുന്നേറ്റത്തിൽ അർധാവസരങ്ങൾ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ഗോളാക്കാൻ യൂലിയൻ അൽവാരസ്. അവരുടെയെല്ലാം ബിഗ് ബോസായി ലയണൽ മെസ്സിയെന്ന മാന്ത്രികനും. എയ്ഞ്ചൽ ഡി മരിയയും ലതുരോ മാർട്ടിനസും പൗലോ ഡിബാലയുമെല്ലാം ഈ സംഘത്തിന്റെ ബോണസ് പോയൻറുകളാണ്.

കഴിഞ്ഞ നാലുവർഷംകൊണ്ട് ലയണൽ സ്കലോണി പാകപ്പെടുത്തിയെടുത്ത മെസ്സി ആർമിയാണ് ലോകകപ്പിൽ ഇപ്പോൾ കലാശപ്പോരാട്ടം വരെ കുതിച്ചെത്തിയത്. 2014ലും 2018ലും പന്തുതട്ടിയ അർജൻറീനയിൽ നിന്നും ഈ ടീമിനൊരു മാറ്റമുണ്ടെങ്കിൽ ടച്ച് ലൈനിന് പുറത്ത് കൈകൾ കെട്ടി ടെക്നിക്കൽ ഏരിയയുടെ രണ്ടറ്റത്തും ആഞ്ഞു നടക്കുന്ന സ്കലോണി എന്ന പരിശീലകന്റെ കൂർമബുദ്ധിയാണ്. തിരിച്ചടികളും പ്രതിസന്ധികളും മുന്നിലെത്തുമ്പോൾ കളമറിഞ്ഞ് പരിഹാരം കണ്ടെത്തുന്നതാണ് സ്കലോണിയുടെ ശൈലി. അല്ലെങ്കിൽ ഖത്തറിലെ കളി മൈതാനത്ത് ഈ മുൻ അർജൻറീന താരം എന്നേ പകച്ചുപോയേനെ.

ലയണൽ മെസ്സിയെ ചേർത്ത് ലോകകപ്പിലേക്ക് താനൊരുക്കിയ കർമപദ്ധതിയിൽ മുമ്പനായിരുന്ന ജിയോവനി ലോ സെൽസോയെന്ന താരം വിശ്വമേളക്ക് പന്തുരുളാൻ ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ പരിക്കേറ്റ് പുറത്തായപ്പോൾ ആരാധക ലോകം പകച്ചുപോയതാണ്. കോപ അമേരിക്ക കിരീട നേട്ടവും, അതിന് മുമ്പും പിന്നെയുമുള്ള വിജയ യാത്രകളുമായി മെസ്സിപ്പടയുടെ മധ്യനിരയിൽ നെടുന്തൂണായിരുന്ന ലോസെൽസോ വീണപ്പോൾ എൻസോ ഫെർണാണ്ടസിനെ അവതരിപ്പിച്ച് ആ വലിയ വീഴ്ച നികത്തി.

ദേശീയ ടീമിലെ മികച്ച ട്രാക്ക് റെക്കോഡുകളുമായി ലോകകപ്പിന് ബൂട്ടുകെട്ടാനെത്തിയ ലൗതാരോ മാർട്ടിനസ് ആദ്യ രണ്ട് കളിയിലും നിറം മങ്ങിയതിനു പിന്നാലെ, പകരക്കാരനായിറങ്ങിയ യൂലിയൻ അൽവാരസ് എന്ന 22കാരൻ ലോകമെങ്ങുമുള്ള ആരാധകരുടെ പ്രതീക്ഷകളായി മാറുന്നു. വിങ്ങിലൂടെ 'മറഡോണിയൻ' അസിസ്റ്റ് നീക്കവുമായി ലയണൽ മെസ്സി പന്തുമായെത്തുമ്പോൾ ബാഴ്സലോണയിൽ ഫിനിഷറുടെ കുപ്പായത്തിൽ കാത്തിരിക്കുന്ന ലൂയി സുവാരസിനെയും നെയ്മറെയും പോലെ ഏതാനും മത്സരങ്ങളുടെ പരിചയ സമ്പത്തുമായി മെസ്സിയുടെ മനസ്സറിഞ്ഞ് അൽവാരസ് പന്ത് വലയിലെത്തിക്കാനുണ്ടാവുന്നു.

ടെക്നികൽ ഏരിയയിൽ നിന്നും ലയണൽ സ്കലോണി തലയിൽ വരച്ചിടുന്ന നീക്കങ്ങൾ മെസ്സിയും ഒടമെൻഡിയും റോഡ്രിഗോ ഡി പോളും കളത്തിൽ കുറിച്ചിടുന്നുവെന്നാണ് ഈ ലോകകപ്പ് അർജൻറീന ആരാധകർക്ക് നൽകുന്ന ഏറ്റവും വലിയ സന്തോഷം.അറ്റാക്കിങ് മൈൻഡുള്ള അഞ്ച് മധ്യനിരക്കാർ മുന്നേറുമ്പോൾ മൈതാന മധ്യത്ത് ഒറ്റപ്പെടുന്ന 2010 ലോകകപ്പിലെ ഹാവിയർ മഷറാനോയിൽ നിന്നും, സ്കലോണി നാല് മധ്യനിരക്കാരുടെയും മനസ്സ് പാകപ്പെടുത്തിയത് ഡിഫൻസീവ് മൈൻഡ് ഗെയിമിലാണ്.

ഈ തന്ത്രം, ലൂക്കാ മോഡ്രിചിനെയും, ഫ്രെങ്കി ഡിയോങ്ങിനെയും, പീറ്റർ സിലിൻസ്കിയെയും പോലെ ക്രിയേറ്റിവ് മിഡ്ഫീൽഡർമാരുടെ ബൂട്ടുകൾക്ക് പൂട്ടൊരുക്കാനും സഹായിക്കുന്നു. കളിക്കളത്തിലെ ഒമ്പത് പേർ പന്തിൽ നിയന്ത്രണം സ്ഥാപിച്ച് കളിക്കുമ്പോൾ, ഗോളടിക്കാനുള്ള ചുമതല രണ്ടുപേരിലേക്ക് സമർപ്പിച്ച് കളിമെനയുന്ന സ്കലോണിയാണ് ഖത്തറിന്റെ മണ്ണിൽ അന്തിമ വിജയം സ്ഥാപിക്കുന്നത്. പ്രതിരോധാത്മക ശൈലികൊണ്ട് കിരീട പടിവാതിൽ വരെ ടീമിനെയെത്തിച്ച ഇഷ്ടക്കാരുടെ 'ലാ സ്കലോനെറ്റ' ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു.

'ട്രാഫിക് നിയന്ത്രിച്ച് പോലും പരിചയമില്ലാത്തൊരു കോച്ച്'

'സ്കലോണി നല്ല മനുഷ്യനാണ്. എന്നാൽ, ഒരു ട്രാഫിക് നിയന്ത്രിച്ചുപോലും അയാൾക്ക് പരിചയമില്ല. അങ്ങനെയൊരാളുടെ കൈകളിലേക്ക് നമ്മളെങ്ങനെയാണ് നമ്മുടെ ദേശീയ ടീമിനെ ഏൽപിക്കുക? നമ്മൾക്കെല്ലാവർക്കും ഭ്രാന്തായോ?'- 2018ൽ ജോർജ് സാംപോളിയുടെ പകരക്കാരനായി ലയണൽ സ്കലോണിയെന്ന 40കാരനെ നിയമിക്കുമ്പോൾ ഡീഗോ മറഡോണ ഉന്നയിച്ച വിമർശനമിതായിരുന്നു.

ഡീഗോ മാത്രമല്ല, അർജൻറീന ഫുട്ബാൾ ഫെഡറേഷൻ അംഗങ്ങളും മുൻതാരങ്ങളും നാട്ടുകാരും മാധ്യമങ്ങളുമെല്ലാം അന്ന് ആ തീരുമാനത്തെ വിമർശിച്ചു. എന്നാൽ, നാലു വർഷത്തിനിപ്പുറം ദേശീയ ടീമിന്റെ കൈപിടിച്ച് ലോകകപ്പ് ഫൈനൽ മുറ്റത്തേക്ക് സ്കലോണിയെത്തുമ്പോൾ ആ നാട് ഇതുവരെ വിളിച്ചതെല്ലാം തിരുത്തുന്നു. 56 കളിയിൽ 37 ജയവും 14 സമനിലയുമായി 66.07 ശതമാനം വിജയ ശരാശരി. കോപ അമേരിക്കയിലെ കിരീട മുത്തം.. അങ്ങനെ ഒരുപിടി നേട്ടങ്ങൾ ഇതിനകം സ്കലോണിയുടെ തലപ്പാവിൽ തുന്നിച്ചേർന്നു.

റൊസാരിയോയിൽ നിന്നും 50 കിലോമീറ്ററിൽ ഏറെ അധികം ദൂരെ പുജാറ്റോയിൽ പിറന്ന താരം, ഡീഗോയുടെ ആരാധകനായി മാറി പിതാവ് എയ്ഞ്ചൽ സ്കലോണിയെന്ന മുൻകാല ഫുട്ബാളറുടെ ആവേശത്തിലായിരുന്നു കാൽപന്ത് മൈതാനത്തെത്തുന്നത്. കർഷകനായ പിതാവ് ദിവസവും ട്രക്ക് ഓടിച്ച് റൊസാരിയോയിലെ അക്കാദമിയിലെത്തിച്ച് കളിപഠിപ്പിച്ച മകൻ, കളിക്കാരനെന്നതിനേക്കാൾ പരിശീലക കുപ്പായത്തിലാണ് രാജ്യത്തിന് അഭിമാനമാവുന്നത്.

നേരത്തെ അർജൻറീന യൂത്ത് ടീമിലും, പിന്നീട് 2006 ലോകകപ്പ് ഉൾപ്പെടെ ഏഴ് സീനിയർ ടീം മാച്ചുകളിലും മാത്രമായിരുന്നു ദേശീയ ടീം കുപ്പായമണിഞ്ഞത്. ന്യൂ വെൽ ഓൾഡ് ബോയ്സ്, സ്പെയിനിലെ ഡിപോർടീവ ലാ കൊറുണ, റേസിങ്, ലാസിയോ, അറ്റ്ലാൻറ ടീമുകൾക്കൊപ്പം കളിച്ച താരം, 2018ൽ അർജൻറീന യൂത്ത് ടീം പരിശീലകനായാണ് പുതിയ വേഷമണിയുന്നത്. റഷ്യൻ ലോകകപ്പിൽ എതിരാളികളുടെ നീക്കങ്ങൾ വിലയിരുത്താനുള്ള അർജൻറീനയുടെ കോച്ചിങ് സ്റ്റാഫിൽ അംഗമായിരുന്നു.

ഈ കാമ്പില്ലാത്ത ബയോഡേറ്റയുമായാണ് ലോക ഫുട്ബാളിലെ ഏറ്റവും ശ്രദ്ധേയമായ ഉത്തരവാദിത്തങ്ങളിലൊന്നിലേക്ക് സ്കലോണി ആനയിക്കപ്പെടുന്നത്. അയാൾക്ക് വളരെ കുറച്ച് കാശു കൊടുത്താൽ മതിയെന്നതു മാത്രമാണ് അന്ന് അർജന്റീന അധികൃതർ സ്കലോണിയിൽ കണ്ട പ്രധാന 'യോഗ്യത'. പക്ഷേ, അവസരം വലിയ ലക്ഷ്യത്തിലേക്കുള്ള ഗോളാക്കിമാറ്റിയാണ് സ്കലോണി ഇന്ന് ഒരു നാടിന്റെയും ലോകത്തിന്റെയും പ്രതീക്ഷയായി മാറുന്നത്.

Tags:    
News Summary - Argentina's master brain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.