ആരാധകലക്ഷങ്ങളാൽ വീർപുമുട്ടി ബ്വേനസ് ഐറിസ്; നഗരം ചുറ്റിയ മെസ്സിപ്പട ബസ് മാറി ഹെലികോപ്റ്ററിൽ


ബ്വേനസ് ഐറിസ്: മൂന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ സ്വന്തം രാജ്യം ലോകകിരീടവുമായി മടങ്ങിയെത്തുമ്പോൾ അർധരാത്രിയും ഉറക്കൊഴിഞ്ഞ് കാത്തിരിപ്പിലായിരുന്നു അർജന്റീനയിലെ ദശലക്ഷങ്ങൾ. തലസ്ഥാന നഗരമായ ബ്വേനസ് ഐറിസിലേക്ക് ഒഴുകിയ ആരാധകർ കപ്പുമായി ​താരപ്പട പുറത്തിറങ്ങുന്നതും പ്രതീക്ഷിച്ചിരുന്നു. എല്ലാവർക്കും അവസര​മൊരുക്കി ചൊവ്വാഴ്ച തുറന്ന വാഹനത്തിൽ ടീമിനെ വഹിച്ച് വൻ സ്വീകരണമാണ് പ്രഖ്യാപിച്ചിരുന്നത്.

ഇതറിഞ്ഞ് എത്തിയവരുടെ എണ്ണം എല്ലാ കണക്കുകളും തെറ്റിച്ച് ഉയർന്നതോടെ തുറന്ന ബസിൽ ആരാധകരെയും വഹിച്ചുള്ള യാത്ര കഴിയില്ലെന്നായി. 40 ലക്ഷത്തിലേറെ പേർ എത്തിയതോടെ വഴികൾ അടഞ്ഞു. വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

എന്നിട്ടും, കപ്പുയർത്തി നിൽക്കുന്ന ടീമിനെയും വഹിച്ച് ബസ് പുറപ്പെട്ടെങ്കിലും താരങ്ങൾക്കു മുകളിലേക്ക് ചാടിക്കയറി ആരാധകർ ആവേശം കാട്ടിയതോടെ സുരക്ഷ പ്രശ്നത്തിലായി. ഒരു പാലത്തിനടിയിലൂടെ വാഹനം നീങ്ങുന്നതിനിടെയായിരുന്നു മുകളിൽനിന്ന് ആരാധകർ താ​ഴേക്ക് ചാടി വീണത്.

ഇതോടെ, താരങ്ങളെ ബസിൽനിന്നിറക്കി ​ഹെലികോപ്റ്ററിലേക്ക് മാറ്റി. തുടർന്ന്, ഹെലികോപ്റ്റർ ഏറെനേരം നഗരം ചുറ്റി. താരപ്പട നഗരം മുഴുക്കെ ഹെലികോപ്റ്ററിലെത്തുമെന്നും ഇതല്ലാതെ മറ്റു വഴിയില്ലെന്നും അർജന്റീന പ്രസിഡന്റിന്റെ വക്താവ് ഗബ്രിയേല സെറുറ്റി ട്വിറ്ററിൽ കുറിച്ചു.

എണ്ണമറ്റയാളുകളാണ് രാജ്യത്തെ ആഹ്ലാദത്തിൽ മുക്കിയ മുഹൂർത്തത്തിന്റെ ഭാഗമാകാൻ ബ്വേനസ് ഐറിസിലെത്തിയത്. ഇതോടെ, മിക്ക റോഡുകളിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ലയണൽ മെസ്സിയുടെയും ഡീഗോ മറഡോണയുടെയും ബാനറുകൾ വഹിച്ച സംഘങ്ങൾ വൈദ്യുതി പോസ്റ്റുകൾക്ക് മുകളിൽ കയറിയും ബസ് സ്റ്റോപ്പുകളിലിരുന്നും സംഗീത ഉപകരണങ്ങൾ വായിച്ചു.

ഏറെകഴിഞ്ഞ് ഹെലികോപ്റ്ററുകളിൽ കളിക്കാർ ആകാശയാത്ര നടത്തിയ ശേഷമായിരുന്നു ജനം പിരിഞ്ഞുപോയി തുടങ്ങിയത്.

ഞയറാഴ്ച രാത്രി ഖത്തറിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ലോകകിരീടത്തിൽ മുത്തമിട്ടതു മുതൽ ബ്വേനസ് ഐറിസ് ആഘോഷത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു. 1986ൽ മറഡോണക്കു കീഴിൽ കപ്പുയർത്തിയ ശേഷം ആദ്യമായാണ് അർജന്റീന സോക്കർ ലോക കിരീടം നാട്ടിലെത്തിക്കുന്നത്. വിജയം ആഘോഷിക്കാൻ ചൊവ്വാഴ്ച അർജന്റീനയിൽ ദേശീയ അവധി പ്രഖ്യാപിച്ചു.

Tags:    
News Summary - Argentina's World Cup heroes airlifted in helicopters as street party overflows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.