ഏഷ്യ മടങ്ങിയ ഖത്തറിൽ ഇനി ആഫ്രിക്കൻ കരുത്ത് എവിടെവരെ?

യൂറോപും ലാറ്റിൻ അമേരിക്കയും ഭരിക്കുന്ന ലോക സോക്കർ മാമാങ്കത്തിൽ ഏഷ്യക്കും ആഫ്രിക്കക്കും എന്തുണ്ട് കാര്യം എന്നായിരുന്നു ഖത്തറിൽ കളിയുണരുംവരെ ചോദ്യം? സ്വന്തം നാട്ടിൽ ദക്ഷിണ കൊറിയ സെമി കളിച്ചതായിരുന്നു ലോകകപ്പ് ചരിത്രത്തിൽ ഏഷ്യയുടെ ഏറ്റവും വലിയ വിജയം. ആഫ്രിക്കക്കും ഏറെയൊന്നും മുന്നേറാനായിട്ടില്ല. ഇത്തവണ പക്ഷേ, ഏഷ്യൻ കോൺഫെഡറേഷനിൽനിന്ന് മൂന്നു ടീമുകൾ ലോകകപ്പിനെത്തി. മൊറോക്കോ, സെനഗാൾ ടീമുകൾ ആഫ്രിക്കയിൽനിന്നും.

അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യയായിരുന്നു ഖത്തറിൽ വലിയ അട്ടിമറികൾ കാത്തിരിക്കുന്നുവെന്ന ആദ്യ വെടി മുഴക്കിയത്. അതുകഴിഞ്ഞുള്ള കളികൾ തോറ്റ് സൗദി നോക്കൗട്ട് കാണാതെ മടങ്ങി. എന്നാൽ, ജർമനിയും സ്​പെയിനും ചേർന്ന മരണഗ്രൂപിൽ പിടിച്ചുനിന്ന ജപ്പാൻ ഇരുവരെയും കടന്ന് ഗ്രൂപ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലെത്തിയത്. ഏഷ്യൻ കോൺഫെ​ഡറേഷനിൽ മത്സരിച്ച് ഖത്തറിലേക്ക് ടിക്കറ്റെടുത്ത കംഗാരുക്കൾ ഡെന്മാർക്കിന്റെ ചീട്ടുകീറി നോക്കൗട്ടിലെത്തി. എന്നാൽ, പ്രീക്വാർട്ടർ മത്സരങ്ങൾ മൂന്നുനാൾ പൂർത്തിയാകുമ്പോൾ ഏഷ്യൻ പ്രാതിനിധ്യം അസ്തമിച്ചിരിക്കുന്നു. വമ്പൻ അട്ടിമറികളുടെ തമ്പുരാന്മായി വാണവർ കളി മാറിയപ്പോൾ മുന്നേറാനാകാതെ എല്ലാം അവസാനിപ്പിച്ച് മടങ്ങി. ക്രൊയേഷ്യക്കെതിരെ ഷൂട്ടൗട്ടാണ് ജപ്പാന് വില്ലനായതെങ്കിൽ ബ്രസീലിനു മുന്നിൽ ഒന്നും ചെയ്യാനില്ലാതെയായിരുന്നു കൊറിയക്കാരുടെ തിരിച്ചുനടത്തം.. സോക്കറൂസ് അർജന്റീനക്കുമുന്നിലും സമാനമായ പ്രകടനവുമായി നിറംമങ്ങി.

ഇനി ചിത്രത്തിൽ ബാക്കിയുള്ളത് ആഫ്രിക്കയാണ്. ഫ്രാൻസിനെ ഞെട്ടിച്ച് ആവേശമായ ടുണീഷ്യയും ബ്രസീലിനെ അട്ടിമറിച്ച കാമറൂണും മടങ്ങിയെങ്കിലും സെനഗാളും മൊറോക്കോയും പ്രീക്വാർട്ടറിലെത്തിയതാണ്. എന്നാൽ, സാദിയോ മാനെ പരിക്കുമായി കാഴ്ചക്കാരനായ സെനഗാളിനെ എതിരില്ലാത്ത ​കാൽഡസൻ ഗോളുകൾക്ക് മുക്കി ഇംഗ്ലണ്ട് ചരിത്രപ്രയാണത്തിന്റെ ഒരു ഭാഗം അവസാനിപ്പിച്ചുകഴിഞ്ഞു. ആഫ്രിക്കൻ, അറബ് സ്വപ്നങ്ങൾ ഒരുപോലെ നെഞ്ചേറ്റി ഇനി കാത്തിരിക്കുന്നത് മൊറോക്കോ മാത്രം. സ്​പെയിനെതിരെ മൊറോക്കോക്ക് വിജയം പിടിക്കാനായില്ലെങ്കിൽ ക്വാർട്ടറിനു മുന്നേ രണ്ടു ഭൂഖണ്ഡങ്ങൾക്കും മടക്കം പൂർത്തിയാകും. ജപ്പാനെതിരെ കളി നയിച്ചിട്ടും തോറ്റുപോയ ക്ഷീണം തീർക്കുന്ന പ്രകടനം പുറത്തെടുക്കാനാകൂം ഇന്ന് സ്പാനിഷ് അർമഡ ഇറങ്ങുകയെന്നതിനാൽ അശ്റഫ് ഹകീമിയും ഹകീം സിയെക്കും പട നയിക്കുന്ന മൊറോക്കോക്ക് ജയം ദുഷ്‍കരമായ ദൗത്യമാകും. എന്നാൽ, 1970, 1986, 1994, 1998, 2018 ലോകകപ്പുകൾ കളിച്ച ആഫ്രിക്കൻ ടീമിന് ഇത്തവണ പദ്ധതികൾ ചിലതുണ്ടെന്ന് ടീം ഗ്രൂപ് ഘട്ടത്തിൽ തെളിയിച്ചതാണ്. അതു പുലരുമോയെന്ന് ഇന്ന് ​അറിയാം. 

Tags:    
News Summary - Asian, African March in Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.