മഡ്രിഡ്: ലാ ലിഗയിൽ മെസ്സിക്കൊപ്പവും അല്ലാതെയും കാറ്റലോണിയൻ ക്ലബായ ബാഴ്സലോണ തലയിലേറ്റാത്ത നേട്ടങ്ങളില്ല. ചെന്നുതൊടാത്ത റെക്കോഡുകളും. എക്കാലത്തും യൂറോപിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ കറ്റാലന്മാർ ഇത്തവണ ഖത്തറിൽ കളിക്കാൻ വിടുന്ന താരങ്ങൾ പക്ഷേ, യൂറോപിലെ ഏതു ക്ലബിനെക്കാളും കൂടുതലാണ്- 17 പേർ. ഫിഫ ലോകകപ്പ് ചരിത്രത്തിൽ തന്നെ ഇത്രയും പേർ ഒരു ക്ലബിൽനിന്നും വിവിധ രാജ്യങ്ങളുടെ ബാനറിൽ ഇറങ്ങിയില്ലെന്നതും ശ്രദ്ധേയം.
അൽബ, എറിക് ഗാർസിയ, ബാൽഡെ, ബുസ്കെറ്റ്സ്, പെഡ്രി, ഗാവി, ഫെറാൻ, അൻസു ഫാറ്റി (എട്ടു പേരും സ്‍പെയിൻ), ടെർ സ്റ്റീഗൻ (ജർമനി, അറോയോ (ഉറുഗ്വായ്), ക്രിസ്റ്റൻസൺ (ഡെന്മാർക്ക്), കൂണ്ടെ (ഫ്രാൻസ്), ഡി ജോങ് (നെതർലൻഡ്സ്), മെംഫിസ് ഡീപെ (നെതർലൻഡ്സ്), ലെവൻഡോവ്സ്കി (പോളണ്ട്), ഡെംബലെ (ഫ്രാൻസ്), റഫീഞ്ഞ (ബ്രസീൽ) എന്നിവരാണ് ബാഴ്സയിൽനിന്ന് വരുന്നവർ. സ്ഥാനം പരിഗണിച്ചാൽ ഒരു ഗോൾകീപർ, ആറു ഡിഫെൻഡർമാർ, നാല് മിഡ്ഫീൽഡർമാർ, ആറ് സ്ട്രൈക്കർമാർ എന്നിങ്ങനെ. അർജന്റീന, ഇംഗ്ലണ്ട് എന്നീ മുൻനിരക്കാരൊഴിച്ചാൽ ഏകദേശം എല്ലാ ടീമിലുമുണ്ട് ബാഴ്സ സാന്നിധ്യം. അതിനാൽ ടീം ആർക്കൊപ്പം നിൽക്കുമെന്നതാണ് കൗതുകകരം. ടീമുള്ള സ്‍പെയിനിനു വേണ്ടി കൂടുതൽ പേർ പന്തുതട്ടുന്നു എന്നതു മാത്രമാകും വ്യത്യാസം.
16 പേർ വീതമുള്ള ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളാണ് കളിക്കാരുടെ എണ്ണത്തിൽ ബാഴ്സയോട് മത്സരിക്കാനുള്ളത്. ബാഴ്സയിലെ എട്ടുകളിക്കാർ സ്‍പെയിനിനുവേണ്ടി ബൂട്ടുകെട്ടും.
ബാഴ്സ നിരയിലെ പ്രമുഖരെല്ലാം ഖത്തറിലേക്ക് വണ്ടികയറിയതോടെ ടീം പരിശീലനം സമ്പൂർണമായി നിർത്തിവെച്ചിരിക്കുകയാണ് കോച്ച് സാവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.