ദോഹ: അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിയെ ചൊല്ലി ട്വിറ്ററിൽ പ്രമുഖരുടെ വാക്‌പോര്. മുന്‍ ഇംഗ്ലീഷ് താരം ഗാരി ലിനേക്കറും പ്രശസ്ത ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകൻ പിയേഴ്‌സ് മോര്‍ഗനും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രീ ക്വാര്‍ട്ടറില്‍ ആസ്‌ട്രേലിയക്കെതിരെ അര്‍ജന്റീനയുടെ ജയത്തിന് പിന്നാലെയാണ് പോര് തുടങ്ങിയത്. മത്സരത്തില്‍ മെസ്സി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയും കളിയിലെ താരമാകുകയും ചെയ്തിരുന്നു.
പിന്നാലെ കടുത്ത റൊണാള്‍ഡോ ആരാധകനായ പിയേഴ്‌സ് മോര്‍ഗന്‍ മെസ്സിയെ പുകഴ്ത്തി രംഗത്തെത്തി. റോണോ ക്യാമ്പിന്റെ പോലും പ്രശംസ കിട്ടിയതോടെ മെസ്സി ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. വൈകാതെ, മോര്‍ഗന്‍ ബി.ബി.സിയുടെ മെസ്സി സ്തുതി അതിരുകടക്കുന്നെന്നും ഇത് അസഹനീയമാണെന്നും ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയുമായാണ് ബി.ബി.സി പാനലിലുള്ള മുന്‍ ഇംഗ്ലീഷ് താരം ഗാരി ലിനേക്കര്‍ രംഗത്തെത്തിയത്.
റോണാള്‍ഡോ ഭ്രമത്തില്‍നിന്ന് പുറത്തുവന്ന് നിലപാട് വ്യക്തമാക്കുന്നത് നല്ല കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നാലെ ലിനേക്കറുടെ ബ്രോഡ്കാസ്റ്റിങ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാണിച്ച് മോര്‍ഗൻ വിമര്‍ശനവുമായെത്തി. അതിനും ലിനേക്കർ മറുപടിയുമായെത്തി. മെസ്സിയെ ചൊല്ലി രണ്ട് ഇംഗ്ലീഷുകാര്‍ ഏറ്റുമുട്ടുന്നത് കൗതുകത്തോടെ വീക്ഷിക്കുകയാണ് ഫുട്ബാൾ ആരാധകരും സമൂഹ മാധ്യമങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.