ദോഹ: ലോകകപ്പിൽ മൊറോക്കോയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ കലിപ്പിലാണ് ബെൽജിയം ടീം അംഗങ്ങളും ആരാധകരും. കെവിൻ ഡിബ്രൂയിനും ഏഡൻ ഹസാർഡും റൊമേലു ലുകാകുവും തിബോ കുർട്ടോയുമെല്ലാം അടങ്ങിയ വമ്പൻ താരനിരയെയാണ് മൊറോക്കോ മുട്ടുകുത്തിച്ചത്. തോല്‍വിക്ക് ശേഷം ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിൽ ഫുട്ബാൾ ആരാധകർ അക്രമം അഴിച്ചുവിട്ടിരുന്നു. കളി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ബെല്‍ജിയം ഗോളി തിബോ കുർട്ടോ ഡഗൗട്ടിനോട് കലിപ്പ് തീർക്കുന്ന വിഡിയോയും പുറത്തുവന്നിരിക്കുകയാണ്. ഡഗൗട്ടിന്‍റെ കവചത്തിന് ശക്തമായി ഇടിച്ചാണ് അദ്ദേഹം നടന്നുനീങ്ങിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലോക റാങ്കിങ്ങിൽ രണ്ടാമന്മാരായ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിനാണ് അട്ടിമറിച്ചത്. രണ്ടാം പകുതിയിൽ അബ്ദുല്‍ഹമീദ് സബിരിയും സക്കറിയ അബൂഖ്‍ലാലുമാണ് ഗോളുകൾ നേടിയത്. ഇതോടെ നാല് പോയന്റോടെ പട്ടികയില്‍ രണ്ടാമതെത്താന്‍ മൊറോക്കക്കായി. ആദ്യ മത്സരത്തില്‍ അവർ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം മൂന്ന് പോയന്‍റേടെ മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.