കഴിഞ്ഞ ലോകകപ്പ് ഓർമയുണ്ടോ?
- ഉണ്ടോന്ന്! ഫ്രാൻസ് കപ്പ് നേടിയില്ലേ?
വേറൊന്നും ഓർമയില്ലേ?
-തീർച്ചയായും. ക്രൊയേഷ്യയുടെ തകർപ്പൻ ഫൈനൽ പ്രവേശനം.
കഴിഞ്ഞ ലോകകപ്പിൽ ഇറാൻ കളിച്ചത് ഓർമയുണ്ടോ?
-ഇറാൻ... ഇറാൻ കളിച്ചിട്ടുണ്ടോ?
ഇതാണ് ഓർമയുടെ രീതി. വിജയികളെ ഓർക്കും. പ്രശസ്തരെ അതിലേറെ ഓർക്കും. പ്രകാശംകൂടിയ നക്ഷത്രങ്ങളെയും ഓർക്കും. ബാക്കിയൊക്കെ മറവിയുടെ തമോഗർത്തത്തിൽ വീഴും. അപ്പോൾ ചോദിച്ചത് ഇറാന്റെ കളിയെക്കുറിച്ച്. നമ്മുടെ ഓർമകൾ ഒന്നുകൂടി സജീവമാക്കുക. ചില പ്രകാശങ്ങൾ, ചില ചിത്രങ്ങൾ ആ തമോഗർത്തത്തിൽനിന്ന് രക്ഷപ്പെട്ട് തിരിച്ചുവരുകയാണ്.
പക്ഷേ, അതിലും ഇറാൻ ഇല്ലല്ലോ. ഒന്നുകൂടി ഓർത്തുനോക്കൂ. 2018 ജൂൺ 15. ഗ്രൂപ് ബിയിലെ കളികൾ. ടീമുകൾ ഇറാൻ, മൊറോക്കോ, പോർചുഗൽ, സ്പെയിൻ. അതേ, അതേ! ഇപ്പോൾ ഓർമ വന്നു. സ്പെയിനിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂന്നു തകർപ്പൻ ഗോളുകൾ. സ്വപ്നതുല്യം. ക്ഷമിക്കണം. ഓർമകൾ ഇപ്പോഴും മഹാനക്ഷത്രങ്ങളോടൊപ്പംതന്നെ. ഇറാന്റെ കളി ഇപ്പോഴും നമ്മൾ ഓർക്കുന്നില്ല.
റഷ്യയിലെ സോചിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ സ്പെയിനിനെ റൊണാൾഡോ മൂന്നു ഗോളുകളടിച്ച് സമനിലയിൽ തളച്ച അതേ ദിവസംതന്നെ സെൻറ് പീറ്റേഴ്സ്ബർഗിൽ മൊറോക്കോയെ നേരിടുകയായിരുന്നു ഇറാൻ. ആഫ്രിക്കയിലെ കരുത്തരായിരുന്നു മൊറോക്കോ. മൊറോക്കോയിലെ മിക്ക കളിക്കാർക്കും ആഫ്രിക്കയിലെ മാത്രമല്ല, യൂറോപ്പിലെയും ക്ലബുകളിൽ കളിച്ചു ശീലമുണ്ട്.
ഇറാൻ ഒരു ഏഷ്യൻ ടീം മാത്രം. അവർക്കു ചുറ്റും യൂറോപ്യൻ ക്ലബുകളുടെ പ്രകാശവലയങ്ങളൊന്നുമില്ല. പക്ഷേ, കളിയിൽ അവർ പിടിച്ചുനിന്നു. മുഴുവൻ സമയവും തീരാറായി. ഇനി ഇൻഞ്ചുറി സമയം മാത്രം. അവസാന സെക്കൻഡുകളിൽ മൊറോക്കോയുടെ അസീസ് ബുഹാദോസിന്റെ കാലിൽ തട്ടിയ പന്ത് സ്വന്തം വലയിൽ എത്തുന്നു.
ഇറാൻ 1 - മൊറോക്കോ 0. പിന്നെ കണ്ണടച്ചു തുറക്കുംമുമ്പേ റഫറിയുടെ ലോങ് വിസിൽ മുഴങ്ങി. അങ്ങനെ ഒന്നാം ദിവസത്തെ കളി കളിയുമ്പോൾ ഇറാന് മൂന്നു പോയന്റ്. മുൻ ചാമ്പ്യന്മാരായിരുന്ന സ്പെയിനിനും റൊണാൾഡോയുടെ പോർചുഗലിനും ഓരോ പോയന്റ് മാത്രം. അഞ്ചു ദിവസത്തിനുശേഷം ഇറാന്റെ മുന്നിൽ എതിരാളികളായി വന്നത് ടിക്കി ടാക്ക ശൈലിയുടെ ആചാര്യന്മാരായ സ്പെയിൻതന്നെ.
പഠിച്ച പണി മുഴുവൻ പുറത്തെടുത്തിട്ടും ഒന്നാം പകുതിയിൽ സ്പെയിനിന് ഇറാന്റെ വല ഭേദിക്കാനായില്ല. രണ്ടാം പകുതിയിലെ 54ാം മിനിറ്റിൽ സ്പെയിനിന്റെ ഗോൾ വന്നു. ഇനിയസ്റ്റയുടെ പാസിൽനിന്ന് ഡീഗോ കോസ്റ്റ ഗോളടിച്ചു. ഒരു ഗോളിനു പിന്നിലായിട്ടും ഇറാൻ പോരാട്ടവീര്യം കുറച്ചില്ല. 60 മിനിറ്റിനുശേഷം സയീദ് എസത്തൊലാഹി സ്പാനിഷ് വല ഭേദിച്ചു. പക്ഷേ, റഫറി ഗോൾ നിരാകരിച്ചു.
കാരണം ഒരു ഇറാൻ കളിക്കാരൻ ഇഞ്ചുകൾക്ക് ഓഫ്സൈഡ് ആയിരുന്നു. ഏഴു മിനിറ്റുകൂടി കഴിഞ്ഞപ്പോൾ മെഹ്ദി തരേമിയുടെ ഗോളുറച്ച ഒരു ഹെഡർ സ്പാനിഷ് പോസ്റ്റിന് ഇഞ്ചുകൾക്കു മുകളിലൂടെ പോയി. എങ്ങനെയൊക്കെയോ സ്പെയിൻ പിടിച്ചുനിന്നു, അവർ 1-0ത്തിന് ആദ്യ ജയവും കരസ്ഥമാക്കി.
ഇറാന്റെ മൂന്നാമത്തെ കളി പോർചുഗലിനെതിരെ. അവരുടെ മുന്നിൽ അതാ ഫുട്ബാൾ ലോകം കിടിലംകൊള്ളുന്ന ഏഴാം നമ്പർ ജഴ്സി- സി.ആർ സെവൻ. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ, ഇറാൻ പതറിയില്ല. ഒന്നാം പകുതിയിൽ അവർ പിടിച്ചുനിന്നു. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം.
പോർചുഗലിന്റെ റിക്കാഡോ ക്വറേസ്മയുടെ വളഞ്ഞുതിരിഞ്ഞുള്ള ഷോട്ട് ഇറാൻ ഗോളി അലി റേസ ബീയ്രാൻവന്തിന്റെ തലക്കു മുകളിലൂടെ ഇറാന്റെ വലയുടെ മുകളിലെ ഇടത്തേ മൂലയിൽ കുരുങ്ങി. ഒരു ഗോളിനു പിന്നിൽ നിന്നിട്ടും ഇറാൻ വിട്ടുകൊടുത്തില്ല. റൊണാൾഡോയെ അനങ്ങാൻ വിട്ടില്ല അവർ. ഒടുവിൽ കളിയവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയിരിക്കെ ആ ചരിത്രമുഹൂർത്തം വന്നു.
പോർചുഗലിന്റെ സെഡ്റിക് സ്വന്തം പെനാൽറ്റി ഏരിയയിൽവെച്ച് പന്ത് ബോധപൂർവം തൊട്ടപ്പോൾ ഇറാന് അനുകൂലമായി പെനാൽറ്റി. കരിം അൻസാരി ഫാർദിന് പിഴച്ചില്ല. ഗോൾ! ക്യാപ്റ്റൻ റൊണാൾഡോ സ്തബ്ധനായിനിൽക്കെ ഇറാൻ സമനില നേടി. പക്ഷേ... അവിടംകൊണ്ട് എല്ലാം അവസാനിച്ചു. മൂന്നു കളികളിൽ നിന്ന് നാലു പോയന്റ് നേടിയ ഇറാൻ പുറത്തായി. മറവിയുടെ തമോഗർത്തത്തിൽ എല്ലാം തകർന്നുവീണു.
ഇറാനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഇറാന്റെ ഗോൾകീപ്പർ തടഞ്ഞതാണ്. പക്ഷേ, ലോകത്തിന്റെ ഓർമകളിൽ ഇറാന്റെ പേര് ഇല്ല. സത്യത്തിൽ, ബി ഗ്രൂപ്പിലെ കളികൾ പുരോഗമിക്കുമ്പോൾ ഫുട്ബാൾ പണ്ഡിതർ ചർച്ച ചെയ്തിരുന്നത് ഇറാൻ നോക്കൗട്ടിലെത്തിയാൽ ആര് (സ്പെയിനോ പോർചുഗലോ) പുറത്താവും എന്നായിരുന്നു. പക്ഷേ, ഇറാൻ ടൂർണമെന്റിൽനിന്ന് പുറത്തായപ്പോൾ അവർ ഓർമകളിൽനിന്നും പുറത്തുപോയി.
ഇത് ഇറാന്റെ മാത്രം കാര്യമല്ല. ലോകകപ്പിൽ കളിച്ച മിക്ക ഏഷ്യൻ ടീമുകൾക്കും പറയാനുണ്ട് വൻ ടീമുകളെ ഞെട്ടിച്ച കഥ. അല്ലെങ്കിൽ ഞെട്ടലിനടുത്തെത്തിച്ച കഥ. ആ നിമിഷങ്ങളിൽ അവർ ഒരു യൂറോപ്യൻ/ലാറ്റിനമേരിക്കൻ വമ്പന്റെയും പിറകിലൊന്നുമായിരുന്നില്ല. പക്ഷേ, വലിയ വിജയങ്ങളുടെ തൊട്ടടുത്തുവെച്ച് അവരുടെ മുന്നേറ്റം അവസാനിച്ചു.
ഇത്തരമൊരു മുത്തശ്ശിക്കഥ പറയാൻ കൊറിയക്കാർക്കുമുണ്ട്. കൊറിയ എന്നുവെച്ചാൽ രണ്ടുണ്ട്, വടക്കും തെക്കും. അവർ തമ്മിൽ രാഷ്ട്രീയത്തിൽ ഇത്തിരിയേറെ രസക്കേടുമുണ്ട്. പക്ഷേ, രണ്ടു കൊറിയക്കുമുണ്ട് എരിവുള്ള വീറിന്റെയും മധുരമുള്ള തോൽവിയുടെയും കഥ. 1966നെക്കുറിച്ചായിരിക്കും വടക്കൻ കൊറിയക്കാർക്ക് ഓർമകൾ ഉണ്ടാവേണ്ടത്.
ലോകകപ്പ് നടന്നത് ഇംഗ്ലണ്ടിൽ. ഏഷ്യൻ ടീമുകളെക്കുറിച്ച് ആരും ഒന്നും പ്രതീക്ഷിക്കാത്ത കാലം. പക്ഷേ, പ്രാരംഭഘട്ടത്തിൽ വടക്കൻ കൊറിയ സോവിയറ്റ് യൂനിയനോട് തോറ്റെങ്കിലും ലാറ്റിനമേരിക്കൻ കരുത്തരായ ചിലിയെ സമനിലയിൽ പിടിച്ചു. അവസാന മത്സരത്തിൽ എതിരാളികൾ മുമ്പ് രണ്ടു തവണ ലോകചാമ്പ്യന്മാരായ ഇറ്റലി.
ഫാച്ചെറ്റിയും മെസ്സോളയും അവർക്കുവേണ്ടി കളത്തിലിറങ്ങുമ്പോൾ ആയുധംവെച്ച് കീഴടങ്ങൽ മാത്രമായിരുന്നു വടക്കൻ കൊറിയക്ക് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. പാക് ഡൂയിക്കിന്റെ 42ാം മിനിറ്റ് ഗോളിന് വടക്കൻ കൊറിയ ഇറ്റലിയെ ഞെട്ടിച്ചു. ഗോൾ മടക്കാൻ ഇറ്റലി പഠിച്ച പണി പതിനെട്ടും പുറത്തെടുത്തു. രണ്ടാം പകുതിയിൽ മൈതാനത്തെ കളിക്കാരെ മാറ്റി സബ്സ്റ്റിറ്റ്യൂട്ടുകളെ കളിപ്പിച്ചു.
ഒരടവും ഫലപ്രദമായില്ല. യൂറോപ്യൻ സൂപ്പർ ടീമിനെ തോൽപിച്ച് ഏഷ്യൻ ടീമായ വടക്കൻ കൊറിയ നോക്കൗട്ട് ഘട്ടത്തിൽ. എതിരാളികളായി മുന്നിൽ വരുന്നത് പോർചുഗൽ. അങ്ങനെ പറഞ്ഞാൽ ഒന്നുമാവില്ല. യൂസേബിയോ കളിക്കുന്ന പോർചുഗൽ എന്നു പറഞ്ഞാലേ പൂർത്തിയാവൂ. കരിമ്പുലി എന്നാണ് അയാളെ ലോകം വിളിക്കുന്നത്. പെലെയുടെ കാലത്ത് പെലെയേക്കാൾ കേമനായി അറിയപ്പെട്ട കളിക്കാരൻ. ലിവർപൂളിലെ ഗൂഡിസൻ പാർക്കിലായിരുന്നു കളി. കളി തുടങ്ങി ഒന്നാം മിനിറ്റിൽ വടക്കൻ കൊറിയ ഗോളടിച്ചു. സേവൂങ് സിൻ ആയിരുന്നു ഗോൾ സ്കോറർ.
പിന്നാലെ ലീ ഡോങ് സൂൺ, യാങ് സുങ് കൂക്. കണ്ണടച്ചുതുറക്കുംമുമ്പേ വടക്കൻ കൊറിയ 3-0ത്തിന് മുന്നിൽ. അവിടെവെച്ച് വടക്കൻ കൊറിയക്ക് അതിന്റെ ചരിത്രപരമായ മണ്ടത്തംപറ്റി. ഇനി ഗോളടിക്കാൻ ശ്രമിക്കാതെ സ്വന്തം വലക്കു മുന്നിൽ കോട്ടകെട്ടി നിന്നാൽ അവർക്ക് പോർചുഗലിനെ ഗോളടിക്കുന്നതിൽനിന്ന് തടയാമായിരുന്നു. അവർ അത് ചെയ്യാതെ സ്വന്തം വല തുറന്നുവെച്ച് ആക്രമിച്ചു. ആ മണ്ടത്തം കൊറിയ കാണിച്ചപ്പോൾ യൂസേബിയോ താൻ യഥാർഥത്തിൽ ആരാണെന്നു കാണിച്ചുകൊടുത്തു.
ഗോൾമഴയിലൂടെ അവർ വടക്കൻ കൊറിയയെ തോൽപിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും ശക്തമായ കൊളോണിയൽ ആധിപത്യം നമ്മുടെ ഓർമകളിലാണ്. 1966ലെ ലോകകപ്പിൽ നമ്മൾ ഓർക്കുന്നത് ബോബി മൂറിന്റെ ഇംഗ്ലണ്ട് കിരീടം നേടിയതു മാത്രം. വടക്കൻ കൊറിയയുടെ ഗോൾ നേടിയ കളിക്കാരെ മാത്രമല്ല യൂസേബിയോയെപ്പോലും നമ്മൾ മറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.