അർജന്‍റീനയുടെയും ജർമനിയുടെയും തോൽവി പ്രവചിച്ചിരുന്നുദുബൈ: ലോകകപ്പ് തുടങ്ങിയത് മുതൽ ദുബൈയിലെ താരമാണ് ടോബി എന്ന പെൻഗ്വിൻ. അർജന്‍റീനയെ സൗദി അട്ടിമറിക്കുമെന്നോ ജർമനിയെ ജപ്പാൻ വീഴ്ത്തുമെന്നോ ഫുട്ബാൾ ലോകം സ്വപ്നത്തിൽ പോലും ചിന്തിക്കുന്നതിന് മുൻപേ ടോബി ഇത് ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു. ഇതോടെ ഇത്തവണത്തെ 'പ്രവചന സിംഹം' ടോബിയാണെന്ന് ലോകം വിലയിരുത്തി. എന്നാൽ, ടോബിയുടെ പ്രവചനം ബ്രസീലിന് മുൻപിൽ വിലപ്പോയില്ല. സെർബിയക്ക് മുന്നിൽ ബ്രസീലിന് അടിതെറ്റുമെന്ന് പ്രവചിച്ച ടോബിയുടെ പ്രവചനം വെള്ളത്തിലാക്കി ബ്രസീൽ രണ്ട് ഗോളിന് ജയിച്ചുകയറി. ഇതോടെ ടോബിയിലുള്ള വിശ്വാസം പലർക്കും നഷ്ടമായിരിക്കുകയാണ്.
സ്കൈ ദുബൈയിലാണ് 13 വയസുള്ള ടോബിയുടെ താവളം. അഞ്ച് മത്സരങ്ങൾ കൃത്യമായി പ്രവചിച്ച ടോബിക്ക് പക്ഷെ നേരത്തെയും ചില മത്സരങ്ങളിൽ അടിപതറിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇറാൻ വിജയിക്കുമെന്ന് പ്രവചിച്ചത് വമ്പൻ പാളിച്ചയായി. രണ്ടിനെതിരെ ആറ് ഗോളിനാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെതിരെ ഖത്തറിന്‍റെ വിജയവും പ്രവചിച്ച് പാളി.
യു.എസ്-വെയ്ൽസ് മത്സരം യു.എസിന് അനുകൂലമായി വിധിച്ചെങ്കിലും കളി സമനിലയിലായി. ഇന്നലെ നടന്ന ഇറാൻ-വെയ്ൽസ് മത്സരത്തിൽ വെയ്ൽസിനായിരുന്നു ടോബി സാധ്യത കൽപിച്ചതെങ്കിലും അവസാന മിനിറ്റിൽ ഇറാൻ ജയിച്ചു. എന്നാൽ, സ്പെയിൻ -കോസ്റ്റാറിക്ക മത്സരം കൃത്യമായി പ്രവചിച്ചു. ഈ മത്സരത്തിൽ 7-0നാണ് സ്പെയിൻ ജയിച്ചത്. സ്വിറ്റ്സർലാൻഡ്-കമാറൂൺ, ബെൽജിയം-കാനഡ മത്സരത്തിലും പ്രവചനം ഫലിച്ചു. എന്നാൽ, നെതർലാൻഡിനെ സെനഗൽ തോൽപിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.