ചരിത്രം കുറിച്ച് ബ്രസീൽ; ലോകകപ്പ് സ്ക്വാഡിലെ മുഴുവൻ താരങ്ങളും കളത്തിൽ

ദോഹ: ലോകകപ്പ് സ്ക്വാഡിലെ മുഴുവൻ താരങ്ങളെയും കളത്തിലിറക്കി ചരിത്രം കുറിച്ച് ബ്രസീല്‍. 26 അംഗ സ്ക്വാഡിലെ എല്ലാവരും ഇതിനകം ബ്രസീലിനായി ഗ്രൗണ്ടിലിറങ്ങി. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ താരങ്ങൾക്ക് അവസരം നൽകുന്ന ടീമായി ബ്രസീൽ മാറി.

പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയക്കെതിരെ 80ാം മിനിറ്റിൽ ഒന്നാം ഗോളി അലിസൺ ബെക്കറിന് പകരം ബ്രസീലിയൻ ക്ലബായ പാൽമെരാസിന്റെ 34കാരനായ ഗോളി വെവർട്ടൺ പെരേര ഡ സിൽവയെയും കളത്തിലിറക്കിയതോടെയാണ് ചരിത്രം പിറന്നത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരെ ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീല്‍ ആദ്യ ഇലവനെ ഇറക്കിയത്.

ഇതുവരെയുള്ള ലോകകപ്പുകളിൽ 23 അംഗ സ്ക്വാഡാണ് ടീമുകൾക്ക് അനുവദിക്കപ്പെട്ടിരുന്നത്. 2014ൽ നെതർലാൻഡ്സ് അന്ന് അനുവദിക്കപ്പെട്ടിരുന്ന 23 കളിക്കാരെയും കളത്തിലിറക്കി റെക്കോഡ് കുറിച്ചിരുന്നു. അതാണ് ബ്രസീൽ തിരുത്തിയത്.

കൊറിയക്കെതിരായ മത്സരത്തിൽ 4-1ന്റെ വിജയം നേടിയതോടെ തുടര്‍ച്ചയായ എട്ടാം തവണയും ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ്. വിനീഷ്യസ്, നെയ്മർ, റിച്ചാർലിസൻ, ലൂക്കാസ് പക്വേറ്റ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ 76ാം മിനിറ്റിൽ പയ്ക് സ്യൂങ് ഹോ നേടി. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളി. ജപ്പാനെ ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയത്.

Tags:    
News Summary - Brazil makes history; All the players of the World Cup squad are on the field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.