ലോകകപ്പിൽ സെമി കാണാതെ മടങ്ങിയതിനു പിന്നാലെ രാജിനൽകിയ ബ്രസീൽ കോച്ച് ടിറ്റെയുടെ പിൻഗാമിയായി ഹെവിവെയ്റ്റ് പരിശീലകൻ സിനദിൻ സിദാൻ വരുമെന്ന് റിപ്പോർട്ട്. 1998ൽ താരമായി ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച സിദാനെ സെലികാവോ പരിശീലകനായി നിയമിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് ഫ്രഞ്ച് പത്രം ലാ എക്വിപ് ആണ് പുറത്തുവിട്ടത്. റയൽ മഡ്രിഡ് പരിശീലക പദവിയിൽ ടീമിന് ചരിത്ര വിജയങ്ങൾ സമ്മാനിച്ച സിദാൻ ലോകകപ്പിനു ശേഷം ഫ്രഞ്ച് ടീം കോച്ചാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി, ഹോസെ മൊറീഞ്ഞോ, എ.എസ് റോമയുടെ മൊറീസിയോ പൊച്ചെറ്റിനോ, തോമസ് ടുഷേൽ, റാഫേൽ ബെനിറ്റസ് എന്നിവരുടെ പേരുകളും ബ്രസീൽ ക്യാമ്പിൽ ഉയർന്നു കേൾക്കുന്നുണ്ട്.
റഷ്യയിലും പിറകെ ഖത്തറിലും ലോകപോരാട്ടത്തിൽ ക്വാർട്ടർ കടക്കാനാവാതെ മടങ്ങിയതോടെയാണ് വിദേശ കോച്ച് എന്ന പരിഗണന ബ്രസീൽ ഫുട്ബാൾ ഫെഡറേഷനു മുന്നിലുള്ളത്. ഖത്തർ തോൽവിക്കു പിറകെ ടിറ്റെ പരിശീലക പദവി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. 2002ൽ കപ്പുയർത്തിയ ശേഷം 2014ൽ സെമി കളിച്ചതാണ് ടീം സമീപകാലത്ത് എത്തിപ്പിടിച്ച വലിയ നേട്ടം. ഇത് മാറ്റുകയെന്ന വലിയ ദൗത്യമാണ് പുതിയ പരിശീലകനു മുന്നിലുള്ളത്.
2021ൽ മേയിൽ റയൽ മഡ്രിഡ് വിട്ട സിദാൻ നിലവിൽ ഒരു ടീമിനൊപ്പവുമില്ല. റയൽ മഡ്രിഡിലായിരിക്കെ തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ കിരീടങ്ങളും ടീം സ്വന്തമാക്കിയിരുന്നു. 2012 മുതൽ ഫ്രഞ്ച് ടീമിനെ പരിശീലിപ്പിക്കുന്ന ദിദിയർ ദെഷാംപ്സിന്റെ പിൻഗാമിയാകുമെന്നാണ് കണക്കുകൂട്ടൽ.
ബ്രസീൽ ഇതുവരെ ഒരിക്കൽ പോലും വിദേശി പരിശീലകനെ പരിഗണിച്ചിട്ടില്ല. അഞ്ചു ലോകകപ്പുകൾ കഴിഞ്ഞും കിരീടം അകന്നുനിൽക്കുന്ന ക്ഷീണം തീർക്കാൻ മറ്റു പോംവഴികളില്ലെന്ന ആവശ്യം ശക്തമായതോടെയാണ് യൂറോപിൽനിന്ന് കടമെടുക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
കഫു, റിവാൾഡോ, റൊണാൾഡോ, ലിയോനാർഡോ, ബെബറ്റോ, റോബർട്ടോ കാർലോസ് എന്നീ ഇതിഹാസങ്ങൾ ബ്രസീൽ നിരയിൽ ബൂട്ടുകെട്ടിയ 1998 ലോകകപ്പിൽ സിനദിൻ സിദാൻ എന്ന ഇതിഹാസത്തിന്റെ ചുമലിലേറിയായിരുന്നു ഫ്രാൻസ് കപ്പുമായി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.