ദോഹ: കളിയഴകിൻെറ പൂർണതയിൽ കാലങ്ങളെ ധന്യമാക്കിയ കരുത്തിന് പാതി വഴിയിൽ വിട. കണക്കു പുസ്തകങ്ങളിൽ കിരീടങ്ങളുടെ പെരുമയും സാധ്യതയിൽ തലപ്പൊക്കവുമായി ഖത്തറിൻെർ മണ്ണിലിറക്കിയ മഞ്ഞപ്പട അവസാന നാലിൽ പോലുമെത്താതെ പുറത്താകുന്നു. സ്പെയിനും ജർമനിയും ഇടറി വീണ കളിത്തട്ടിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ അതിശയം. ക്രൊയേഷ്യയോട് തോറ്റ് ബ്രസീലെന്ന വന്മരം വീണു. ഗോളില്ലാത്ത നിശ്ചിത സമയവും ഓരോ ഗോളടിച്ച എക്സ്ട്രാ ടൈമും പിന്നിട്ട് കളി ഷൂട്ടൗട്ടിലെത്തിയപ്പോൾ മഞ്ഞപ്പടക്ക് പിഴച്ചു. കൃത്യമായ ഗെയിംപ്ലാനിൽ ലൂക്കാ മോഡ്രിച്ചും കൂട്ടരും കരുനീക്കിയപ്പോൾ നെയ്മറും സംഘവും ആ ട്രാപ്പിൽ കുടുങ്ങി.
ഈ ലോകകപ്പിൽ കാമറൂണിനെതിരെ പകരക്കാരെ ഇറക്കി പരാജയപ്പെട്ട മത്സരം ഒഴിച്ചുനിർത്തിയാൽ ബ്രസീലിൻെറ പെരുമ വലിയ അളവിൽ പരീക്ഷിക്കപ്പെട്ട മത്സരമായിരുന്നു ആദ്യ ക്വാർട്ടർ ഫൈനൽ. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ കടലാസിൽ അത്ര കരുത്തരായിരുന്നില്ല. ലൂക്ക മോഡ്രിച്ചിനെയും ഇവാൻ പെരിസിച്ചിനെയും മുൻനിർത്തി കരുനീക്കങ്ങൾ മെനയുന്ന ക്രോട്ടുകൾ മനസ്സിൽ കണ്ട പ്രതിരോധ പദ്ധതികൾ അതേ മിടുക്കിൽ കളത്തിൽ വരച്ചുകാട്ടുകയായിരുന്നു. കളിയൊഴുക്കിലേക്കുള്ള മഞ്ഞപ്പടയുടെ കണക്ഷനുകളെ മധ്യനിരയിൽ സമർഥമായി വിച്ഛേദിച്ചതിനു പുറമെ പിൻനിരയിൽ ദെയാൻ ലോവ്റൻ, ജോസിപ്പ് ജൂറാനോവിച്ച്, ജോസ്കോ ഗ്വാർഡിയോൾ എന്നിവർ ജാഗരൂകരായി. ഇവരെയും കടന്നു കയറിയാൽ ഡൊമിനിക് ലിവാകോവിച്ചിൻെറ കരുത്തുറ്റ കരങ്ങൾ ക്രോസ്ബാറിനു കീഴിൽ ക്രൊയേഷ്യ ക്ക് കരുതലായി ഉണ്ടായിരുന്നു. ബ്രസീൽ നിരന്തരം കയറിയെത്തിയിട്ടും ഘട്ടം ഘട്ടമായുള്ള ഈ പ്രതിരോധ തന്ത്രങ്ങളാണ് ക്രോട്ടുകൾ ആയുധമാക്കിയത്.
എക്സ്ട്രാ ടൈമിൽ നെയ്മറിൻ്റെ മിന്നുന്ന ഗോളിൽ ജയത്തിനടുത്തെത്തിയിട്ടും ബ്രസീൽ കളഞ്ഞു കുളിക്കുകയായിരുന്നു. 117-ാം മിനിറ്റിലെ ബ്രൂണോ പെറ്റ്കോവിച്ചിൻ്റെ സമനില ഗോൾ അവരെ മാനസികമായി തകർത്തു. അത് ഷൂട്ടൗട്ടിലും പ്രതിഫലിക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.