ബ്രസീൽ താരം തിയാഗോ സിൽവയുടെ ഗോൾശ്രമം തടയുന്ന സെർബിയൻ ഗോൾകീപ്പർ സാവിച്ച് മിലി​ങ്കോവിച്ച്

ബ്രസീൽ; സ്കൂൾ ഓഫ് ടിറ്റെ

'മുട്ടുവിന്‍ തുറക്കപ്പെടും' എന്ന ആപ്തവാക്യത്തെ പ്രയോഗവല്‍കരിക്കുക എന്നത് മാത്രമേ ബ്രസീലിന് ചെയ്യാനുണ്ടായിരുന്നുള്ളൂ. ടിറ്റേ പഠിപ്പിച്ച് വിടുന്ന വ്യാകരണങ്ങള്‍ക്ക് തങ്ങളുടെ ഭാഷ്യം കൂടി ചമച്ച് ഉത്തരമെഴുതുന്ന അതിവിദഗ്ധരായ ആ മഞ്ഞക്കിളികൂട്ടം വിരിഞ്ഞ് നിന്ന സെര്‍ബിയന്‍ അതിര്‍ത്തിമതിലിനെ രണ്ട് തവണ തകര്‍ത്തു വീഴ്ത്തി. പ്രീമിയര്‍ലീഗില്‍ അതികണിശക്കാരനായ അന്‍റോണിയോ കോൻെറയുടെ ശിഷ്യനായ റിച്ചാർലിസണാണ് രണ്ട് തവണയും വെടിപൊട്ടിച്ചത്.

ആദ്യം എവിടെന്നോ പൊടുന്നനെ ഫ്രെയിമിലേക്ക് കേറിവന്നും രണ്ടാം തവണ 'ഞാനെന്ത് കൊണ്ട് കാനറിപക്ഷിയായി' എന്ന് മാലോകരാണ് വിളിച്ചോതുന്ന അസാമാന്യ മെയ് വഴക്കങ്ങളുടെയും, പന്തും കാലും തമ്മിലുള്ള ദൈവീക ബന്ധത്തിന്‍റെ ഉന്നതമായ പ്രദര്‍ശനപരതയാലും.

വിഭവശേഷിയെ ഏറ്റവും നല്ല രീതിയില്‍ ചൂഷണം ചെയ്യുന്ന കേളീതന്ത്രങ്ങളോടെയാണ് ടിറ്റേ ബ്രസീലിനെ കളത്തിലിറക്കിയത്. ക്ലബ് ഫുട്ബോളിലൂടെ ഏവരുടെയും പ്രിയങ്കരനായ ലൂക പക്വേറ്റയുടെ മൂവ്മെന്‍റുകളാണ് ആദ്യപകുതിയില്‍ ബ്രസീലിയന്‍ ആക്രമണങ്ങളുടെ ഡെലിവറി സോഴ്സുകളായി മാറിയത്. ആദ്യ ലോകകപ്പ് എന്നതിന്‍റെ യാതൊരു സങ്കോചങ്ങളുമില്ലാതെ സാേൻറായും കാസിയും തരുന്ന പന്തുകളെ തന്‍റെ കാല്‍മുദ്രകള്‍ നല്‍കി കൂടുതല്‍ അപകടകരമായ സ്പേസുകളിലേക്ക് അയാള്‍ ഇടതടവില്ലാതേ സപ്ലേ ചെയ്തു കൊണ്ടിരുന്നത് രസക്കാഴ്ചയായിരുന്നു.

സെര്‍ബിയന്‍ പ്രതിരോധത്തെ തൃണവല്‍ഗണിച്ചുകൊണ്ട് നെയ്മര്‍ ജൂനിയര്‍ തൻെറ നൈസര്‍ഗ്ഗിക ഡ്രിബ്ലിങ് ശേഷിയെ ഉപയോഗപ്പെടുത്തിയതിന്‍റെ അനന്തരഫലമായിരുന്നു ആദ്യഗോള്‍. ഇതരടീമുകളില്‍ നിന്നും ബ്രസീലിനെ വ്യത്യസ്തമാക്കുന്നതും ഇത്തരം കളിക്കാരുടെ എക്സിക്യൂഷണല്‍ ബ്രില്യന്‍സുകളാണ്.

എത്ര വലിയ കോട്ടക കെട്ടിയാലും തനിക്കുള്ള പാതകണ്ടെത്തി, ഓടുന്ന അതേ പാദചലനത്തില്‍ പുറംകാലാല്‍ ക്ലിനിക്കല്‍ ക്ലാരിറ്റിയില്‍ റിച്ചാലിസണിന് ഗോള്‍പാകം പന്ത് നല്‍കുന്ന വിനീഷ്യസ്, തന്നെ കടന്ന് പോയെന്ന് ഉറപ്പായ പന്തിനെ പോലും പിടിച്ച് പറിച്ച് വീണ്ടും വരുതിയാലുക്കുന്ന കാസമീറോ, യന്ത്രസമാനതയോടെ പ്രൊസസ് ചെയ്ത്കൊണ്ടേയിരിക്കുന്ന മാര്‍ക്വിനേസ്, തിയോഗോ, സാന്‍റ്രോ തുടങ്ങിയ കളിക്കാരുടെ സമ്മര്‍ദ്ദമില്ലാത്ത കളിയൊഴുക്ക് എന്നീ ഘടകങ്ങളുടെ സമ്മേളനമാണ് ഈ ടീം.

വ്യക്തിഗതമികവില്‍ യൂറോപ്യന്‍ സര്‍ക്യൂടില്‍ പെരുമയുള്ള ഒരു പറ്റം കളിക്കാരുടെ സാന്നിധ്യമാണ് സെര്‍ബിയന്‍ ടീമില്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്നത്. ആ കൂട്ടത്തെ ടീം സ്പിരിറ്റുള്ള ഒരു യൂണിറ്റായി രൂപാന്തരപ്പെടുത്താന്‍ കോച്ച് സ്റ്റോയ്കോവിചിന് സാധിച്ചിട്ടുണ്ട്. അത്രമേല്‍ ആക്രമണത്വരയുള്ള ബ്രസീലിനെതിരെ ക്ഷമയോടെ അടിസ്ഥാനപ്രതിരോധപദ്ധതികളില്‍ ആദ്യപകുതിയില്‍ നിലനിര്‍ത്താനായെങ്കിലും, പ്രത്യാക്രമണങ്ങൾ ബ്രസീല്‍മധ്യനിരയിൽ അവസാനിച്ചു.

അതിനുമേല്‍ ഇടിവെട്ടിയ പോലെയാണ് ആ രണ്ട് ഗോളുകളും സംഭവിച്ചത്. രണ്ടാം ഗോളില്‍ റിചാലിസണിന്‍റെ വ്യക്തിപ്രഭാവത്തെ ആഘോഷിക്കുമ്പോഴും , പെനാല്‍റ്റിബോക്സില്‍ അത്തരമൊരു അക്രോബാറ്റിക് കിക്കിന് അയാള്‍ക്ക് ലഭിച്ച ഫ്രീ സ്പേസും, മാര്‍കിങ് ചെയ്യപ്പെടാതെ പോയതുയെല്ലാം സെര്‍ബിയന്‍ ടാക്റ്റികല്‍ അനലിസ്റ്റുകള്‍ വിമര്‍ശനവിധേയമാക്കുമെന്നാണ് വിചാരിക്കുന്നത്.

Tags:    
News Summary - Brazil; School of Tite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.