തൊഴിലാളിയായി ജോലി നോക്കിയായിരുന്നു തുടക്കം. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന മോഹമുദിച്ചത് ഇതിനിടയിൽ. രണ്ടു പേരുമായി തുടങ്ങിയ ഒരു കൊച്ചുസംരംഭം. ഇന്ന് ലോകമറിയുന്ന കമ്പനി. 600 തൊഴിലാളികൾ. മിഡിലീസ്റ്റിനു പുറമെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വികസിക്കുന്ന ബിസിനസ് സാമ്രാജ്യം. ഖത്തറിൽ വേരുപിടിച്ച് പടർന്നു പന്തലിക്കുന്ന കോസ്റ്റൽ ഖത്തർ ഒരർഥത്തിൽ മലയാളത്തിന്റെ അഭിമാനമാണ്. എറണാകുളം നോർത്ത് പറവൂർ മന്നം സ്വദേശി നിഷാദ് അസീമാണ് കോസ്റ്റലിന്റെ സ്ഥാപകനും സി.ഇ.ഒയും.
ലോകകപ്പിൽ ഈ കഥക്കെന്തു പ്രാധാന്യമെന്നാവും അല്ലേ? ലോകകപ്പാണ് കോസ്റ്റലിന്റെയും നിഷാദിന്റെയും തലവര മാറ്റിക്കുറിക്കുന്നത്. എട്ടു വേദികളിലായാണ് ഖത്തർ ലോകകപ്പിന് അരങ്ങൊരുക്കുന്നത്. ഇതിൽ ഏഴു സ്റ്റേഡിയങ്ങളിലായി മൂന്നു ലക്ഷത്തോളം ഇരിപ്പിടങ്ങൾ നിർമിച്ച് അവ സമയബന്ധിതമായി സജ്ജീകരിച്ചത് മലയാളി നയിക്കുന്ന കോസ്റ്റൽ ഖത്തറാണ്. ലോകത്തിന്റെ വിഭിന്ന കോണുകളിൽനിന്ന് പറന്നിറങ്ങുന്ന കാണികൾക്ക് വീറുറ്റ പോരാട്ടങ്ങൾക്ക് ഇരിപ്പിടമൊരുക്കുകയെന്ന വെല്ലുവിളി മികച്ച രീതിയിൽ മറികടന്ന നിഷാദിന് ഏറെ പ്രശംസയാണ് ലഭിച്ചത്. കരാറെടുത്ത ജോലികൾ, ഒരു വർഷം മുമ്പുതന്നെ കോസ്റ്റൽ സംഘം ഭംഗിയായി പൂർത്തിയാക്കി.
വെറുതെ കുറെ കസേരകൾ ഫിറ്റ് ചെയ്യുകയായിരുന്നില്ല നിഷാദും ടീമും. ഓരോ സ്റ്റേഡിയത്തിന്റെയും തനതു രൂപകൽപനക്കനുസരിച്ച്, ആ തീമിനോട് താദാത്മ്യം പ്രാപിക്കുന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ. ഖലീഫ രാജ്യാന്തര സ്റ്റേഡിയം മുതൽ ഫൈനൽ നടക്കുന്ന ലുസൈൽ ഐകണിക് സ്റ്റേഡിയം വരെ ഓരോ സ്റ്റേഡിയത്തിലെയും ഇരിപ്പിടങ്ങൾ വേറിട്ട രീതിയിലാണ്. സീറ്റുകൾക്കു പുറമെ, ഡ്രസിങ് റൂം, ടോയ്ലറ്റ് സജ്ജീകരണങ്ങൾ തുടങ്ങിയ അനുബന്ധ നിർമാണങ്ങളിലും കോസ്റ്റൽ പങ്കാളികളായി. ലോകകപ്പ് ഒരുക്കങ്ങളിൽ പ്രാദേശിക കമ്പനികൾക്ക് പരമാവധി അവസരം നൽകണം എന്നാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ തീരുമാനം. ലോകോത്തര പ്രോജക്ട് കോസ്റ്റലിനെ തേടി വരാൻ വഴിയൊരുക്കിയത് ഇതാണ്.
നിഷാദ് ജനിച്ചതും വളർന്നതുമൊക്കെ കുവൈത്തിലാണ്. എൻജിനീയറിങ് പഠനം കർണാടകയിൽ. അതുകഴിഞ്ഞ് കുവൈത്തിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി. ആ സമയത്ത് കുവൈത്ത് യൂനിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് പഠനവും. 1992ൽ കുവൈത്ത് അധിനിവേശത്തെ തുടർന്ന് എല്ലാം അവതാളത്തിലായ സമയം. അവിടെ അമേരിക്കൻ പട്ടാള ബേസിൽ ജോലി ചെയ്തു. അതിനുശേഷം 2001ലാണ് ഖത്തറിലെത്തുന്നത്. ഇവിടെ ഒരു അമേരിക്കൻ ഓയിൽ കമ്പനിയിൽ ജോലി.
2005ലാണ് കമ്പനി ഏറ്റവും ചെറുതായ രീതിയിൽ തുടങ്ങുന്നത്. 'ഒരു മാനേജരും ഒരു എൻജിനീയറുമാണ് ആദ്യം ഉണ്ടായിരുന്നത്. അന്ന് ഞാൻ വേറെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പാർട്ട്ടൈമായി ഞാനുമുണ്ടാകും. ആദ്യമായി ലഭിച്ച ഓർഡർ ഒരു വിൻഡോ സെറ്റ് ചെയ്യാനായിരുന്നു. ആ ജോലിതന്നെ വളരെ ഡീറ്റെയിൽഡായി പ്രോഗ്രാം ചെയ്ത്, പ്ലാൻ ചെയ്താണ് നിർവഹിച്ചത്.' ഏഷ്യൻ ഗെയിംസിന് ദോഹ ആതിഥ്യം വഹിക്കുന്നതിനോടനുബന്ധിച്ച് കുറെ കരാറുകൾ ലഭ്യമായതോടെയാണ് കോസ്റ്റലിന്റെ മഹിമ പ്രശസ്തിയാർജിച്ചത്. സുരക്ഷ, ഗുണനിലവാരം, സമയബന്ധിതം എന്നിവക്ക് പ്രാധാന്യം നൽകിയാണ് നിർമിതികൾ. മറ്റു കമ്പനികൾ കരാർ ഏറ്റെടുത്ത് പാതിവഴിയിൽ ഉപേക്ഷിച്ച പദ്ധതികൾ ഏറ്റെടുത്ത് മികവോടെ പൂർത്തീകരിച്ചുനൽകിയതും കോസ്റ്റലിനെ അധികൃതർക്ക് സ്വീകാര്യമാക്കി.
കസേരകൾ ഇറക്കുമതി ചെയ്യുന്നതിനു പകരം അവ ഖത്തറിൽ നിർമിക്കുകയെന്ന വെല്ലുവിളിയാണ് ഏറ്റെടുത്തത്. അതിനായി ലോകനിലവാരത്തിലുള്ള മെഷിനറികൾ ലഭ്യമാക്കി. സീറ്റുകൾ ഉണ്ടാക്കാൻ മാത്രമായി മാനുഫാക്ച്വറിങ് യൂനിറ്റ് തുടങ്ങി. മുമ്പ് കൈവെക്കാത്ത മേഖലയായിട്ടും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. കഠിനാധ്വാനവും ഊർജസ്വലമായ പ്രവർത്തനവുമാണ് വിജയത്തിന്റെ അടിസ്ഥാന പാഠങ്ങളെന്ന് പുതുതലമുറക്ക് പ്രചോദനമേകുന്ന ജീവിതകഥ ചൂണ്ടിക്കാട്ടി നിഷാദ് അസീം പറയുന്നു.
കൊടുങ്ങല്ലൂർ സ്വദേശിയായ അസീമുദ്ദീനാണ് നിഷാദിന്റെ പിതാവ്. മാതാവ്: നദീറ. ഭാര്യ ഷഹനാസ് എൻജിനീയറാണ്. എൻജിനീയറായ ഹയ്യാനും പ്ലസ് ടു വിദ്യാർഥിയായ ഐഹമുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.