ദോഹ: ജഴ്സിയിലേക്ക് നോക്കി വലംകൈകൊണ്ട് ക്യാപ്റ്റന്റെ ആം ബാൻഡ് നേരെയാക്കുന്ന ലയണൽ മെസ്സിയുടെ ജീവൻ തുടിക്കുന്ന ചിത്രം ഒരു തവണയെങ്കിലും കണ്ണിലുടക്കാത്ത ആരാധകരുണ്ടാവില്ല. കഴിഞ്ഞ കോപ അമേരിക്ക ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ അർജന്റീന കൊളംബിയയുമായുള്ള പോരാട്ടച്ചൂടിനിടയിലെ ആ രംഗം ഒറിജിനലിനെ വെല്ലുന്ന തിളക്കത്തോടെയാണ് അർജന്റീന ചിത്രകാരിയായ ക്ലോഡിയ പെരസ് കാൻവാസിൽ പകർത്തിയത്. ആ ചിത്രവുമായി ഇപ്പോൾ സൂഖ് വാഖിഫിലും ദോഹ കോർണഷിലും കതാറയിലുമെല്ലാമായി ക്ലോഡിയോ പെരസിനെ കാണാം. ഇതു മാത്രമല്ല, ഏഴാം നമ്പറുകാരൻ ഡി പോളിന്റെയും ലയണൽ മെസ്സിയുടെയും ഗോൾ ആഘോഷത്തിന്റെ കൂറ്റൻ പെയിന്റിങ്ങുമുണ്ട് ക്ലോഡിയോയുടെ കൈകളിൽ.
ചുരുങ്ങിയ കാലംകൊണ്ട് ഫുട്ബാൾ ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഈ അർജന്റീന കലാകാരിയുടെ സ്വപ്നമായിരുന്നു ലോകകപ്പ് വേദിയാവുന്ന മണ്ണിൽ പ്രിയ താരങ്ങളുടെ ചിത്രവുമായെത്തുകയെന്നത്. ലോകകപ്പിന് പന്തുരുളും മുമ്പേ അത് സാക്ഷാത്കരിക്കപ്പെട്ടപ്പോൾ, കാണികൾ കൂടുന്നിടത്തും കോർണിഷിലും സ്റ്റേഡിയങ്ങൾക്കരികിലുമായെല്ലാം അവർ സൂപ്പർ താര ചിത്രങ്ങളുടെ പ്രദർശനം നടത്തുകയാണ്.
കതാറ ആർട്സ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ക്ലോഡിയോ പെരസ് ദോഹയിലെത്തിയത്. തന്നെ ലോക പ്രശസ്തമാക്കിയ ചിത്രത്തെ കുറിച്ച് ഏറെ പറയാനുണ്ട് ഇവർക്ക്. 'ലോകകപ്പിലേക്ക് നാളുകൾ അടുക്കവെയാണ് മെസ്സിയുടെ ചിത്രം പൂർത്തിയാക്കിയത്. അതിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ആ രാത്രിയിൽ ഞാൻ ഉറങ്ങാൻപോയത്. അടുത്ത ദിവസം എഴുന്നേൽക്കുമ്പോഴേക്കും എല്ലാം മാറിമറിഞ്ഞിരുന്നു. ചിത്രത്തിന് 50,000ത്തിലേറെ ലൈക്കുകളും വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഫോൺ വിളികളും. അർജന്റീനയിലെ ബ്വേനസ് എയ്റിസ് പ്രവിശ്യയിൽപെട്ട അവെലനെദയിൽ നാലുമക്കളുടെ അമ്മയായി ഒതുങ്ങികൂടിയ ജീവിതം മണിക്കൂറുകൾ കൊണ്ട് മാറിമറിഞ്ഞു. മെസ്സിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. അർജന്റീനയുടെ പല കോണുകളിൽ നിന്നും ഫോൺവിളികളുമെത്തി' -ക്ലോഡിയ ആ ദിവസങ്ങൾ ഓർക്കുന്നത് ഇങ്ങനെയാണ്.
'ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഒരു ചിന്തയുമില്ലാതെയായിരുന്നു ആ ചിത്രങ്ങൾ പങ്കുവെച്ചത്. അടുത്ത ദിവസം രാവിലെ മുതൽ ഫോൺ നിർത്താതെ റിങ് ചെയ്യുന്നു. ചില ചാനലുകളിൽനിന്നും പത്രങ്ങളിൽനിന്നും വിളിവരുന്നു. ആദ്യമൊന്നും ഒരു പിടിയും കിട്ടിയില്ല. പിന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായ കഥയറിയുന്നത്' -ക്ലോഡിയ പറയുന്നു. തെക്കനമേരിക്കയും യൂറോപ്പും കടന്ന് ഏഷ്യയിലും മെസ്സി ചിത്രം തരംഗമായപ്പോഴാണ് ക്ലോഡിയയെ തേടി ഖത്തർ ആർട്സ് ഫെസ്റ്റിവലിൽനിന്നും വിളിയെത്തുന്നത്. മെസ്സി, ഡീഗോ മറഡോണ, മുഹമ്മദ് സലാഹ് ഉൾപ്പെടെ ഫുട്ബാൾ ചിത്രങ്ങളുമായി കതാറയിലെ പ്രദർശനം ആരാധകഹൃദയം കവർന്നു. 'ജീവിതത്തിൽ പലഘട്ടങ്ങളിലും ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നാൽ, ആ ദിവസത്തേത് സന്തോഷം കൊണ്ടുള്ള ആനന്ദക്കണ്ണീരായിരുന്നു. കൊർദോബ പോലൊരു കൊച്ചുഗ്രാമത്തിലേക്ക് ഖത്തറിൽനിന്നും ക്ഷണം ലഭിക്കുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ഇംഗ്ലീഷിലുള്ള ആ ക്ഷണക്കത്ത് ഒരുപാട് തവണ വായിച്ചു. ലയണൽ മെസ്സി പെയിന്റിങ് പ്രദർശനത്തിനുള്ള ഔദ്യോഗിക ക്ഷണമായിരുന്നു അത്. മറഡോണ, നെയ്മർ, റൊണാൾഡോ ഉൾപ്പെടെയുള്ള പെയിന്റിങ്ങുകളും എന്റെ കൈവശമുണ്ടായിരുന്നു' -ക്ലോഡിയോ പെരസ് ഓർക്കുന്നു.
ലയണൽ മെസ്സി ഈ ചിത്രങ്ങൾ കണ്ടതായൊന്നും ക്ലോഡിയോ അറിയില്ല. എങ്കിലും ലോകകപ്പ് കഴിയും മുമ്പേ സൂപ്പർതാരത്തിന്റെ കണ്ണിൽ ചിത്രം എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. 'ഇതിനകം സമൂഹമാധ്യമങ്ങളിലും ഒരുപാട് പേർ ചോദിക്കുന്നത് ഇതാണ്. ചിത്രം മെസ്സി കാണുമെന്ന സ്വപ്നത്തിലാണ് ഞാൻ' -ക്ലോഡിയോ പെരസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.