കോളനികാല ക്രൂരതകൾക്ക് കളത്തിൽ കണക്കുവീട്ടുമോ? ഫ്രാൻസിനെ തുറിച്ചുനോക്കി തുനീഷ്യ മത്സരം

കാൽപന്തു മൈതാനങ്ങളിൽ കരുത്തുകൂട്ടി ​പഴയ കോളനികൾ ലോകപോരാട്ട വേദികളിലെത്തുമ്പോൾ ഫ്രാൻസിനു മുന്നിൽ തുറന്നുവെച്ച് പതിറ്റാണ്ടുകൾക്കപ്പുറത്തെ കണക്കുപുസ്തകങ്ങൾ. അന്ന് രാജ്യത്തെത്തി ചെയ്തുകൂട്ടിയതിനൊക്കെ പകരം വീട്ടാൻ പഴയ കോളനികളിലെ പിൻമുറക്കാർ അവസരം ഉപയോഗപ്പെടുത്തുമോയെന്നാണ് ഫ്രഞ്ചുകാർ ഉറ്റുനോക്കുന്നത്.

അവസാനമായി ഫ്രാൻസ് ഇതുപോലൊരു ടീമുമായി മുഖാമുഖം നിന്നത് 2002ൽ. ഇത്തിരിക്കുഞ്ഞന്മാരായി എത്തി സെനഗാൾ വീറുകാട്ടിയപ്പോൾ ഫ്രഞ്ചുകാർ ഒരു ​ഗോൾ തോൽവിയുമായി പ്രാഥമിക റൗണ്ടിൽ പുറത്തായി. 1998ലെ ചാമ്പ്യന്മാരാണ് നാലു വർഷം കഴിഞ്ഞ് നോക്കൗട്ട് കാണാതെ മടങ്ങിയതെന്നോർക്കണം.

ഗ്രൂപ് ഇയിൽ തുനീഷ്യയുമായി ഫ്രഞ്ചുപട പോരിനിറങ്ങുമ്പോൾ പക്ഷേ, സമാനമായൊരു പുറത്താകലിന്റെ ആശങ്കകളില്ല. ആദ്യ രണ്ടു കളികളും ജയിച്ച് ടീം നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞു. ​എന്നാൽ, ഡെന്മാർക്ക് കൂടി ഉൾപ്പെടുന്ന ഗ്രൂപിൽ ഒരു പോയിന്റുമായി ഏറ്റവും പിറകിലുള്ള തുനീഷ്യക്ക് ഇന്ന് ജയിക്കാനായാൽ സാധ്യതകൾ ചിലതു ബാക്കിയുണ്ട് താനും.

തുനീഷ്യൻ നിരയിലെ 10 പേർ ഫ്രാൻസിൽ പിറന്നവരാണ്. നേരത്തെ ഫ്രാൻസിനുവേണ്ടി ദേശീയ ജഴ്സിയണിഞ്ഞവരുമുണ്ട് അക്കൂട്ടത്തിൽ. മറ്റു രണ്ടുപേർ ഫ്രാൻസിൽ ഏറെ കാലം കഴിഞ്ഞവർ- ഇരട്ട പൗരത്വമുള്ളവരും.

തുനീഷ്യൻ മുന്നേറ്റത്തിലെ കുന്തമുനയായ വഹ്ബി ഖസ്​രി ജനിച്ചത് ഫ്രഞ്ച് ദ്വീപായ കോർസിക്കയിലാണ്. നിലവിൽ കളിക്കുന്നത് ലിഗ് വണ്ണിലെ മോണ്ട്പെലിയർ ക്ലബിനുവേണ്ടി. ''ഫ്രാൻസുള്ള ഗ്രൂപിൽ തന്നെയാകണമെന്ന് നറുക്കെടുപ്പിന് മുന്നേ ആഗ്രഹിച്ചതാണ്. ആ സ്വപ്നമാണ് സഫലമായിരിക്കുന്നത്''- ഖസ്​രി പറഞ്ഞു.

''ഫ്രാൻസിൽ തുനീഷ്യയെ പ്രതിനിധാനം ചെയ്യാനാണ് ശ്രമിക്കാറ്. കോർസിക്കക്കു​ വേണ്ടിയും കളിക്കും. ഞാൻ ജനിച്ച മണ്ണല്ലേ. എന്റെ ചുമലിൽ ഒരുപാട് പതാകകളുള്ളത് സന്തോഷകരമാണ്. 100 ശതമാനം തുനീഷ്യനായ ഞാൻ 100 ശതമാനം ഫ്രഞ്ചുകാരനുമാണ്. 100 ശതമാനം കോർസിക്കനും''- വൈകാരികമായാണ് താരത്തിന്റെ പ്രതികരണം.

ഫ്രാൻസിൽ ഏഴു ലക്ഷം തുനീഷ്യക്കാരെങ്കിലും ഉണ്ടെന്നാണ് കണക്ക്. 2008ൽ തുനീഷ്യയുമായി ഫ്രാൻസ് സൗഹൃദ മത്സരം കളിച്ചത് വൻ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. മൈതാനത്ത് ഫ്രഞ്ച് ദേശീയ ഗാനം മുഴങ്ങിയപ്പോൾ കളിയാക്കിയ കാണികൾ തുനീഷ്യക്കാരനായ ഫ്രഞ്ചു താരം ഹാതിം ബിൻ അറഫയുടെ കാലുകളിൽ പന്തെത്തിയപ്പോൾ കൂക്കിവിളിക്കുകയും ചെയ്തു. പ്രകോപിതനായ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നികൊളാസ് സർകോസി ഇനി മേലിൽ പഴയ കോളനികൾക്കെതിരെ സൗഹൃദ മത്സരം കളിക്കരുതെന്ന് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷന് നിർദേശം നൽകി. ദേശീയ ഗാനത്തെ കളിയാക്കിയാൽ മത്സരം നിർത്തിവെക്കാനും ആവശ്യപ്പെട്ടു.

എന്നാൽ, ലോകകപ്പ് വേദിയായതിനാൽ എന്തും നടക്കാവുന്ന സാഹചര്യമാണ് ഖത്തർ മൈതാനത്ത്. പകരം ചോദിക്കാൻ ടീമും കൂട്ടുനൽകാൻ ഗാലറിയുമുണ്ടായാൽ എന്തും സംഭവിക്കാം. ഗ്രൂപിൽ ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഫലസ്തീനെ മോചിപ്പിക്കണമെന്നെഴുതിയ ബാനർ തുനീഷ്യൻ ആരാധകർ മൈതാനത്ത് പ്രദർശിപ്പിച്ചത് വാർത്തയായിരുന്നു.

Tags:    
News Summary - Colonial history adds edge to France clash with Tunisia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.