ഇഷ്ട ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡുമായി പിണങ്ങിപ്പിരിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അടുത്ത തട്ടകം എവിടെയാകും? കഴിഞ്ഞ സീസൺ ആരംഭത്തിൽ വിവിധ ക്ലബുകൾ പറഞ്ഞുകേട്ടതിനൊടുവിലായിരുന്നു യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയത്. ഒരു സീസൺ നന്നായി കളിച്ച താരം ഈ സീസണിൽ നിറംമങ്ങി. അവസരം കുറച്ച് പരിശീലകൻ ടെൻ ഹാഗ് സൈഡ് ബെഞ്ചിലിരുത്തുന്നത് തുടർക്കഥയായതോടെ ലോകകപ്പ് തുടങ്ങുംമുമ്പ് കടുത്ത വിമർശനമുന്നയിച്ച് താരം പടിയിറക്കം ചോദിച്ചുവാങ്ങുകയായിരുന്നു.
താരത്തെ മാറ്റിനിർത്തുക വഴി ഏഴു മാസം കൊണ്ട് ക്ലബിന് വൻ ലാഭമുണ്ടാകും. ഏകദേശം 1.55 കോടി പൗണ്ടാണ് ഇനിയും ക്രിസ്റ്റ്യാനോക്ക് നൽകാനുണ്ടായിരുന്നത്. അതു നൽകേണ്ടിവരില്ല. ജനുവരിയിൽ ഇടക്കാല ട്രാൻസ്ഫറിൽ മറ്റാരെയെങ്കിലും എത്തിക്കുകയുമാകാം.
ക്രിസ്റ്റ്യാനോ പക്ഷേ, എവിടെ കളിക്കുമെന്നതാണ് അതിലേറെ പ്രധാനം. പ്രിമിയർ ലീഗിൽ ന്യൂകാസിൽ യുനൈറ്റഡ്, സൗദി അറേബ്യൻ ക്ലബായ അൽനസ്ർ എന്നിവയുമായി താരം ചർച്ച തുടങ്ങിയതായാണ് അഭ്യൂഹങ്ങൾ. ചെൽസിയും സാധ്യതകൾ ആരായുന്നുണ്ട്.
37കാരനായ താരത്തിന്റെ ലോകകപ്പ് പ്രകടനം അടുത്ത ജനുവരിയിലെ ക്ലബ് മാറ്റത്തിൽ നിർണായകമാകും. ദേശീയ ടീമിനൊപ്പം കളി നന്നാക്കുന്നതാണ് ഇപ്പോൾ പരമപ്രധാനമെന്ന് താരം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.