ലോക​ത്തെ ഏറ്റവും വിലയേറിയ താരമായി ക്രിസ്റ്റ്യാനോ സൗദി ക്ലബിൽ; 1700 കോടിയുടെ കരാർ

ലിസ്ബൺ: ഒരു സീസണിൽ 20 കോടി യൂറോക്ക് (1700 കോടി രൂപ) ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി സൗദി ക്ലബ് അൽനാസർ. മാഞ്ചസ്റ്റർ യുനൈറ്റഡുമായി കരാർ നിലനിൽക്കെ കോച്ചിനെതിരെ പരസ്യ നിലപാടുമായി മാധ്യമങ്ങളിലെത്തി ക്ലബ് വിട്ടതിനു പിന്നാലെയാണ് താരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ് വൻതുക​ വാഗ്ദാനം ചെയ്തത്. 10 കോടി യൂറോയുടെ പ്രാഥമിക കരാറും പരസ്യമുൾപ്പെടെ മറ്റു വരുമാനങ്ങളും അടങ്ങിയതാകും കരാർ. സീസണിൽ 7.5 കോടി യൂറോ വാങ്ങുന്ന മെസ്സിയും 7 കോടി ലഭിക്കുന്ന നെയ്മറുമാണിപ്പോൾ ഏറ്റവും വിലകൂടിയ താരങ്ങൾ. അത് തന്റെ പേരിലാക്കിയാണ് പോർച്ചുഗൽ ക്യാപ്റ്റൻ യൂറോപ്യൻ ലീഗുകൾ വിട്ട് സൗദിയിലെത്തുന്നത്. രണ്ടര വർഷത്തേക്കാണ് കരാർ.

മാഞ്ചസ്റ്റർ യുനൈറ്റഡിനു പുറമെ റയൽ മാഡ്രിഡ്, യുവൻറസ് ക്ലബുകൾക്കു വേണ്ടിയും ബൂട്ടുകെട്ടിയിരുന്ന സൂപർ താരം നവംബർ 22ന് ശേഷം ഏത് ടീമിലേക്കും മാറാവുന്ന ഫ്രീ ഏജന്റായി തുടരുകയായിരുന്നു. പരസ്പര ധാരണ പ്രകാരം യുനൈറ്റഡുമായി വഴിപിരിഞ്ഞതോടെയാണ് താരത്തിന് കൂടുമാറ്റം എളുപ്പമായത്. അതേസമയം, കരാർ സംബന്ധിച്ച് അൽനാസർ ക്ലബ് പ്രതികരിച്ചിട്ടില്ല.

ബ്രിട്ടീഷ് ടെലിവിഷൻ അവതാരകൻ പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖമാണ് ക്രിസ്റ്റ്യാനോയും ക്ലബും തമ്മിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കിയത്. കോച്ച് ടെൻ ഹാഗി​നെതിരെ തുറന്നടിച്ച താരം മുൻ കോച്ച് റാൽഫ് റാങ്നിക്, ഇതിഹാസ താരം വെയ്ൻ റൂനി പോലുള്ളവർക്കെതിരെയും വിമർശനം ഉന്നയിച്ചു. ഇതോടെ മറനീക്കി പുറത്തെത്തിയ അസ്വസ്ഥത ടീം വിടുന്നതിലെത്തിച്ചു. പുതിയ പരിശീലകനു കീഴിൽ അവസരങ്ങൾ തീരെ കുറഞ്ഞതാണ് പ്രീമിയർ ലീഗിൽ താരത്തിന്റെ സാന്നിധ്യം അപ്രസക്തമാക്കി തുടങ്ങിയത്. കൗമാരം കളിക്കാനെത്തിയതോടെ വെറ്ററൻ താരത്തിന് സ്വാഭാവികമായി കളിയവസരം കുറയുകയായിരുന്നു.

പോർച്ചുഗലിനെ ലോകകപ്പ് കിരീടത്തോളം എത്തിക്കലാണ് ലക്ഷ്യമെന്ന് ക്രിസ്റ്റ്യാനോ പ്രഖ്യാപിച്ചിരുന്നു. ബ്രസീലിനെതിരെ ഗോളടിച്ച് താരമായ കാമറൂണിന്റെ വിൻസന്റ് അബൂബക്കറും സൗദിയിലെ അൽനാസർ ക്ലബിൽ സഹതാരമാണ്. ബ്രസീൽ താരം ലൂയിസ് ഗുസ്താവോ, കൊളംബിയയയുടെ ഡേവിഡ് ഓസ്പിന, സ്പാനിഷ് താരം അൽവാരോ ഗൊൺസാലസ് തുടങ്ങിയ പ്രമുഖരും അൽനാസറിനു വേണ്ടി കളിക്കുന്നുണ്ട്.

ഖത്തർ​ ലോകകപ്പിൽ മികച്ച പ്രകടനവുമായി നോക്കൗട്ടിലെത്തിയ പോർച്ചുഗലിനായി ഇതുവരെ റൊണാൾഡോ ഒരു ഗോൾ നേടിയിട്ടുണ്ട്. ഘാനക്കെതിരെ പെനാൽറ്റിയിലായിരുന്നു താരത്തിന്റെ ഗോൾ. 

Tags:    
News Summary - Cristiano Ronaldo joins Al-Nassr, agrees 200 million euros deal: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.