ക്ലബിനെയും കോച്ച് ടെൻ ഹാഗിനെയും നിശിത ഭാഷയിൽ വിമർശിച്ച് പോർച്ചുഗൽ സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ വിവാദ അഭിമുഖത്തിന്റെ തുടർനടപടിയെന്നോണം താരവും മാഞ്ചസ്റ്റർ യുനൈറ്റഡും വഴിപിരിഞ്ഞു. പരസ്പര ധാരണയിൽ ക്ലബ് വിടുകയാണെന്ന് ക്രിസ്റ്റ്യാനോയും ക്ലബ് അധികൃതരും വാർത്താകുറിപ്പിൽ അറിയിച്ചു. രണ്ടു കാലയളവുകളിലായി ക്ലബിനു നൽകിയ വിലപ്പെട്ട സേവനങ്ങൾക്ക് നന്ദി പറയുന്നുവെന്നും താരത്തിനും കുടുംബത്തിനും ശുഭദിനങ്ങൾ നേരുന്നുവെന്നും ക്ലബ് പുറത്തുവിട്ട വാർത്താകുറിപ്പ് പറയുന്നു.
ലോകകപ്പിന് പിരിഞ്ഞ പ്രിമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ യുനൈറ്റഡ്. ഡിസംബർ അവസാനത്തോടെ വീണ്ടും സജീവമാകുന്ന മത്സരങ്ങളിൽ തുടർജയങ്ങളുമായി അവസാന നാലിലേക്ക് കയറുകയും ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തുകയുമാണ് ടീമിന്റെ ലക്ഷ്യം.
പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ ലോകകപ്പ് കളിക്കാൻ ടീമിനൊപ്പം ഖത്തറിലാണ്. ഗ്രൂപ് എച്ചിൽ വ്യാഴാഴ്ച ഘാനക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. ആവശ്യമായ ഘട്ടത്തിൽ ഇതേ കുറിച്ച് ബാക്കി പറയാമെന്നും ക്ലബുമായുള്ള തന്റെ തർക്കങ്ങൾ പോർച്ചുഗലിന്റെ ലോകകപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നും താരം പറഞ്ഞു.
346 തവണ യുനൈറ്റഡ് ജഴ്സിയണിഞ്ഞ റോണോ ടീമിനായി 145 ഗോളുകൾ കുറിച്ചിട്ടുണ്ട്. ഇറ്റാലിയൻ ലീഗായ യുവന്റസിനൊപ്പം കളിക്കുന്നതിനിടെയാണ് വീണ്ടും പ്രിമിയർ ലീഗിലെത്തിയത്. ആഴ്ചയിൽ അഞ്ചു ലക്ഷം പൗണ്ട് (അഞ്ചു കോടിയോളം രൂപ) പ്രതിഫലം നിരക്കിൽ ഏഴു മാസം കൂടി യുനൈറ്റഡിൽ താരത്തിന് കാലാവധിയുണ്ടായിരുന്നു. ഇത് അവസാനിപ്പിച്ചാണ് കരാർ റദ്ദാക്കിയത്. ഇതോടെ വീണ്ടും ട്രാൻസ്ഫർ ജാലകം തുറക്കുന്ന ജനുവരിയിൽ പ്രിമിയർ ലീഗിലുൾപ്പെടെ മറ്റു ക്ലബുകളിലേക്ക് ചേക്കേറാൻ താരത്തിനാകും. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനവുമായി നിറഞ്ഞുനിന്ന താരം ഈ സീസണിൽ യുനൈറ്റഡ് ജഴ്സിയിൽ നിറംമങ്ങിയിരുന്നു. 16 കളികളിലായി മൂന്നു ഗോളുകൾ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും അല്ലാതെയും മാറ്റിനിർത്തിയത് കോച്ചുമായി റോണോക്ക് പിണക്കം കൂട്ടി.
അതിനിടെ, മാഞ്ചസ്റ്റർ സിറ്റിയുമായി കഴിഞ്ഞ സീസൺ ആരംഭത്തിൽ കരാറുറപ്പിക്കാനിരുന്നതാണെന്നും അവസാന നിമിഷം മുടങ്ങുകയായിരുന്നുവെന്നും റൊണാൾഡോ പറഞ്ഞു. സൗദിയിലെ ഒരു ക്ലബുമായി റെക്കോഡ് തുകക്ക് കരാറിന് ശ്രമം നടന്നതായും കൂട്ടിച്ചേർത്തു.
അഭിമുഖം പുറത്തുവരികയും ക്ലബും കോച്ചും കടുത്ത ആരോപണങ്ങളുടെ നിഴലിലാകുകയും ചെയ്തതോടെ ക്രിസ്റ്റ്യാനോയുമായി ക്ലബ് വഴിപിരിയുമെന്ന് ഉറപ്പായിരുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി കഴിഞ്ഞ ദിവസം ക്ലബ് വാർത്ത കുറിപ്പിൽ അറിയിക്കുകയും ചെയ്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.