ലോകകപ്പിൽ നേരത്തെ മടങ്ങിയ പോർച്ചുഗൽ ടീം നാട്ടിലെത്തിയതോടെ അതിവേഗം കളത്തിൽ തിരികെയെത്താൻ പരിശീലനം തുടങ്ങി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. പഴയ തട്ടകമായ റയൽ മഡ്രിഡിന്റെ കളിമുറ്റത്താണ് താരം പരിശീലനം ആരംഭിച്ചത്.
നിലവിലെ ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡുമായി കഴിഞ്ഞ മാസാവസാനത്തോടെ കരാർ അവസാനിപ്പിച്ച താരത്തിന് അടുത്ത മാസം ഒന്നിനു ശേഷം ഏതു ക്ലബിലും ചേരാം. വലിയ സംഖ്യക്ക് ടീമിലെത്തിക്കാൻ സൗദി ക്ലബായ അന്നസ്ർ രംഗത്തുവന്നിരുന്നുവെങ്കിലും 37കാരൻ മറ്റു ക്ലബുകളും ആലോചിക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ. റയലിന്റെ വാൾഡെബിബാസ് മൈതാനത്ത് പരിശീലനം തുടങ്ങിയ താരം പക്ഷേ, റയലിൽ തിരിച്ചെത്താൻ സാധ്യതയില്ല.
മാഞ്ചസ്റ്ററിലെ രണ്ടാം ഊഴം റൊണാൾഡോക്ക് ഒട്ടും തൃപ്തികരമായിരുന്നില്ല. കോച്ചുമായി പിണങ്ങിയ താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിക്കാതെ പോയതോടെ ലോകകപ്പിന് തൊട്ടുമുമ്പ് വിവാദ അഭിമുഖം നടത്തി ടീംവിടുകയായിരുന്നു. കോച്ച് ടെൻ ഹാഗിനോട് തെല്ലും ബഹുമാനമില്ലെന്നും താരം വെളിപ്പെടുത്തി.
ലോകകപ്പിൽ വലിയ തുടക്കം കുറിച്ച താരത്തെ പക്ഷേ, അവസാന മത്സരങ്ങളിൽ കരക്കിരുത്തിയാണ് കോച്ച് സാന്റോസ് ആദ്യ ഇലവൻ ഇറക്കിയത്. ഇതിൽ പ്രകോപിതനായി പോർച്ചുഗൽ ടീം വിട്ട് നാട്ടിലേക്ക് മടങ്ങാൻ ക്രിസ്റ്റ്യാനോ ആലോചിച്ചതായും റിപ്പോർട്ടുകൾ വന്നു. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ 6-1ന് മുക്കിയ പോർച്ചുഗൽ ക്വാർട്ടറിൽ മൊറോക്കോക്കു മുന്നിൽ വീണു മടങ്ങി.
റയലിന്റെ എക്കാലത്തെയും മികച്ച ഹീറോയായ ക്രിസ്റ്റ്യാനോ 438 കളികളിൽ 450 ഗോളുകളുമായി ടീമിന്റെ മികച്ച സ്കോററാണ്. റയലിനൊപ്പം നാലുവട്ടം ചാമ്പ്യൻസ് ലീഗും രണ്ടുവട്ടം ലാ ലിഗയും സ്വന്തമാക്കിയിട്ടുണ്ട്. 2009ലാണ് മാഞ്ചസ്റ്റർ വിട്ട് റയലിലെത്തിയിരുന്നത്. 2018 ൽ യുവന്റസിലേക്ക് കൂടുമാറിയ താരം വൈകാതെ മാഞ്ചസ്റ്ററിൽ തിരികെയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.