യൂസുഫ് അന്നസീരി നേടിയ ഏക ഗോളിൽ പറങ്കിപ്പടയെ മുക്കി മൊറോക്കോ ലോകപോരാട്ടത്തിന്റെ അവസാന നാലിലെത്തുമ്പോൾ എതിർടീം നായകൻ മൈതാനത്തുനിന്ന് നേരത്തെ മടങ്ങിയിരുന്നു. കണ്ണീരുമായി തിരിച്ചുനടന്ന ക്രിസ്റ്റ്യാനോ ആയിരുന്നു ശരിക്കും ദുരന്ത നായകൻ. മുമ്പ് ലോക രണ്ടാം നമ്പറുകാരെ അട്ടിമറിച്ച് തുടക്കമിട്ട മൊറോക്കോ പിന്നാലെ ക്വാർട്ടറിൽ സ്പെയിനിനും നാട്ടിലേക്ക് മടക്ക ടിക്കറ്റ് നൽകി. കരുത്തുറച്ച പറങ്കികൾക്ക് മുന്നിൽ ടീം കീഴടങ്ങുമെന്നു തന്നെയായിരുന്നു പ്രവചനക്കാരിലേറെയും കട്ടായം പറഞ്ഞത്. എന്നാൽ, അതിവേഗ റെയ്ഡുകളുമായി പോർച്ചുഗൽ നിരയെ മുനയിൽ നിർത്തിയ മൊറോക്കോ ആഫ്രിക്കൻ വൻകരക്ക് അദ്ഭുത നേട്ടം സമ്മാനിച്ച് കളി ജയിച്ചു മടങ്ങി.
അടക്കാനാവാത്ത ആധിയുമായി മൈതാനത്തുനിന്ന സഹതാരങ്ങളെ വിട്ട് നായകൻ ക്രിസ്റ്റ്യാനോ നേരത്തെ മടങ്ങുമ്പോൾ താരത്തിനൊപ്പം ചരിത്രവും പിറകോട്ടു നടക്കുകയായിരുന്നു. അഞ്ചു തവണ ലോകകപ്പ് കളിക്കുകയും എല്ലാ തവണയും ഗോൾ നേടുകയും ചെയ്തിട്ടും കിരീടമില്ലാതെ മടങ്ങുകയെന്ന ഇരട്ടി ദുഃഖമാണ് താരത്തെ വേട്ടയാടുക. മൊറോക്കോക്കെതിരായ കളിയുടെ അവസാന നിമിഷങ്ങളിൽ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകൾ ക്രിസ്റ്റ്യാനോയുടെ ബൂട്ടുകളിൽനിന്ന് പറന്നെങ്കിലും അവ എതിർഗോളി യാസീൻ ബോനോയുടെ കൈകളിൽ തട്ടി മടങ്ങുകയായിരുന്നു. അവസാന വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഒന്നിനും നിൽക്കാതെ കണ്ണീർ തുടച്ച് താരം തിരിച്ചുനടന്നത്.
ആദ്യ ഇലവനിൽ ഇടമില്ലാതെ ബെഞ്ചിലിരുന്ന താരം രണ്ടാം പകുതി ആറു മിനിറ്റ് പിന്നിട്ട ശേഷമായിരുന്നു മൈതാനത്തെത്തിയത്. തുടക്കത്തിൽ പന്തുകിട്ടാൻ വിഷമിച്ച താരം പിന്നീട് താളം പിടിക്കുകയും ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തെങ്കിലും നിർഭാഗ്യം വഴിമുടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.