കോഴിക്കോട്: ഫിഫ ലോകകപ്പ് ആവേശത്തിൽ ഫുട്ബാൾ ആരാധകർ കോഴിക്കോട് പുള്ളാവൂരിലെ പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ച സംഭവത്തിൽ നടപടിയെടുക്കാൻ ജില്ല കലക്ടറുടെ നിർദേശം. കൊടുവള്ളി നഗരസഭക്കാണ് കലക്ടർ നിർദേശം നൽകിയത്. പരാതിയിൽ ആവശ്യമായ തുടർനടപടി സ്വീകരിച്ച് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോർട്ട് അയക്കണമെന്നുമാണ് നിർദേശം. അനധികൃതമായി പുഴ കൈയേറുകയും നിർമാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്തെന്നും കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി.
പുള്ളാവൂർ പുഴയിൽ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ കട്ടൗട്ടുകളുടെ ചിത്രം ലോക ശ്രദ്ധ നേടുകയും അന്തർദേശീയ ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) അടക്കം ഇത് പങ്കുവെക്കുകയും കേരളത്തിലെ ഫുട്ബാൾ ആവേശം അന്തർദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കുകയും ചെയ്തിരുന്നു. ട്വിറ്റർ വഴിയാണ് 'ഫിഫ ലോകകപ്പ് ജ്വരത്തിൽ കേരളം' എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചത്.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം നിയമം ലംഘിച്ച് സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓൺലൈനിൽ പരാതി നൽകിയതോടെ കട്ടൗട്ടുകൾ മാറ്റാൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർ ഫാൻസിന് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ പി.ടി.എ റഹീം എം.എൽ.എ അടക്കം രംഗത്തുവന്നു. കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ച അദ്ദേഹം, ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകൾ ഉയർത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും മെസ്സിക്കും നെയ്മർക്കും ഫുട്ബാൾ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണെന്നും പ്രതികരിച്ചിരുന്നു.
അതിനിടെ, കട്ടൗട്ടുകൾ നീക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഗഫൂർ രംഗത്തെത്തി. ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടൗട്ടുകൾ മാറ്റില്ലെന്ന നിലപാടിലായിരുന്നു ആരാധകർ.
പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വാദിച്ച് കൊടുവള്ളി നഗരസഭ ചെയർമാനും രംഗത്തെത്തിയിരുന്നു. ഫുട്ബാൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭക്ക് ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലും ഫുട്ബാൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂവെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടപടിയെടുക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.