മൊറോക്കൻ താരങ്ങളെ കുരങ്ങുകളുമായി ഉപമിച്ച് ഡെന്മാർക്ക് സർക്കാറിന്റെ ഔദ്യോഗിക ചാനൽ; വ്യാപക വിമർശനം

ലോകകപ്പിൽ ഏവരെയും അതിശയിപ്പിച്ച സംഘമാണ് മൊറോക്കോ. ഒരു പ്രതീക്ഷയുമി​ല്ലാതെയെത്തി ലോകത്തിന്റെ മു​ഴുവൻ കൈയടി നേടിയാണ് അവർ മടങ്ങിയത്, അതും നാലാം സ്ഥാനക്കാരായി. അവർക്കു മുമ്പിൽ വമ്പന്മാരായ ബെൽജിയവും പോർച്ചുഗലും സ്‌പെയിനുമെല്ലാം വീഴുന്ന കാഴ്ച അദ്ഭുതത്തോടെയാണ് കളിയാരാധകർ കണ്ടുനിന്നത്. സെമിയിൽ ഫ്രാൻസിനോട് കളിക്കും വരെ എതിർ താരങ്ങൾക്കൊന്നും വാലിദ് റെഗ്രഗുയി പരിശീലിപ്പിച്ച അവരുടെ വലയിൽ പന്തെത്തിക്കാനായിരുന്നില്ല.

കളത്തിലെ പോരാട്ടവീര്യം കൊണ്ട് മാത്രമല്ല, കളത്തിന് പുറത്തെ കാഴ്ചകൾകൊണ്ടും മൊറോക്കോ ലോകത്തിന്റെ മനം കവർന്നു. മത്സരശേഷം അമ്മമാർക്കൊപ്പം നൃത്തംവെച്ചും കെട്ടിപ്പിടിച്ചും സ്നേഹചുംബനം നൽകിയുമെല്ലാം അവരുടെ താരങ്ങൾ അപൂർവ കാഴ്ചയൊരുക്കി.

ഇതിനിടെ, മൊറോക്കോ താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന പരിപാടി സംപ്രേഷണം ചെയ്ത് വിവാദത്തിലായിരിക്കുകയാണ് ഡെന്മാർക്ക് സർക്കാരിന്റെ ഔദ്യോഗിക ടി.വി ചാനൽ. ഡെന്മാർക്ക് സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ 'ടി.വി 2 ന്യൂസ് ഡി.കെ' ചാനലാണ് മൊറോക്കോ താരങ്ങളെ കുരങ്ങുകളുമായി ഉപമിച്ച് രംഗത്തെത്തിയത്. ചാനലിലെ പ്രമുഖ അവതാരകരിൽ ഒരാളായ സോറൻ ലിപ്പേർട്ട് ആണ് അമ്മമാർക്കൊപ്പമുള്ള മൊറോക്കോ താരങ്ങളുടെ ആഘോഷത്തിനിടെ ന്യൂസ് സ്റ്റുഡിയോയിൽ ഇരുന്ന് കുരങ്ങുകൾ കെട്ടിപ്പിടിക്കുന്ന ചിത്രം ഉയർത്തിക്കാണിച്ചത്.

കുടുംബത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും നടത്തി. സംഭവത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനം ഉയർന്നതോടെ നടപടി ശരിയായില്ലെന്ന കുറ്റസമ്മതവുമായി അവതാരകൻ രംഗത്തെത്തി. ബോധപൂർവമായിരുന്നില്ലെങ്കിലും പരിപാടിക്കിടെ നടത്തിയ താരതമ്യം ശരിയായില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

ചാനലിനും അവതാരകനുമെതിരെ വ്യാപക വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. നടപടി ലജ്ജാകരമാണെന്നും ഇതേ ചാനലായിരുന്നു ഖത്തറിനെ മനുഷ്യാവകാശങ്ങൾ പഠിപ്പിച്ചിരുന്നതെന്നും രാഷ്ട്രീയ നിരീക്ഷകനും ഗവേഷകനുമായ ഡോ. ആൻഡ്രിയാസ് ക്രെയ്ഗ് പ്രതികരിച്ചു.

യൂറോപ്യൻ സമൂഹം വൻ വംശീയവാദികളാണെന്നും അവർക്ക് അത് അംഗീകരിക്കാൻ കഴിയാറില്ലെന്നും ആസ്ട്രിയൻ-അഫ്ഗാനിസ്താൻ മാധ്യമപ്രവർത്തകൻ ഇമ്രാൻ ഫിറോസ് പറഞ്ഞു. ''പാശ്ചാത്യ മാധ്യമങ്ങൾ അറബികളെ കുരങ്ങുകളുമായി താരതമ്യം ചെയ്യുന്നു, ഇതാണ് പാടിപ്പുകഴ്ത്തുന്ന പരിഷ്കൃത ലോകം'', മറ്റൊരാൾ പ്രതികരിച്ചു.

Tags:    
News Summary - Danish government's official channel compares Moroccan stars to monkeys; Widespread criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.