ദോഹ: ആഫ്രിക്കൻ സംഘമായ തുനീഷ്യക്ക് മുന്നിൽ പതറി ഡെന്മാർക്കിന്റെ യൂറോപ്യൻ കരുത്ത്. ഗ്രൂപ് ഡിയിലെ ആദ്യ കളി ഗോൾരഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിന്റെ നല്ലൊരു ഭാഗം സമയവും ഡാനിഷ് പടയെ നിലക്ക് നിർത്താൻ തുനീഷ്യക്ക് കഴിഞ്ഞെങ്കിലും സ്കോർ ചെയ്യാനായില്ല. അവസാന മിനിറ്റുകളിൽ ജീവന്മരണ പോരാട്ടം നടത്തിയ ഡെന്മാർക്കിന്റെ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ഇരു ടീമും ഓരോ പോയൻറ് പങ്കിട്ടു. രണ്ടാം മിനിറ്റിൽ ഡെന്മാർക്കിന് അനുകൂലമായി വന്ന കോർണർ കിക്കോടെയാണ് കളിയുണർന്നത്. തുനീഷ്യ അത് ക്ലിയർ ചെയ്തു. പിന്നാലെ തുനീഷ്യൻ ഗോൾകീപ്പർ ഡാഹ്മെൻ ലോങ് ബാളിലൂടെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. ഡാനിഷ് ഹാഫിലേക്ക് തൽബി പന്തെത്തിച്ചു. എംസ്കാനിയുടെ ലോങ് റേഞ്ച് ഷോട്ട് പക്ഷേ അത് വഴിതെറ്റിപ്പോയി. കാണികളുടെ നിറഞ്ഞ കൈയടിയിൽ തുനീഷ്യൻ താരങ്ങൾ വീണ്ടും ഡെന്മാർക്കിന്റെ ബോക്സിൽ. ഇത്തവണ ജെബാലിയുടെതായിരുന്നു ശ്രമം. ഒമ്പതാം മിനിറ്റിൽ ഡാനിഷ് താരം ആൻഡേഴ്സൻ നടത്തിയ ഫൗളിന്റെ ആനുകൂല്യത്തിൽ ലഭിച്ച ഫ്രീ കിക്കും ഫലം കണ്ടില്ല.
11ാം മിനിറ്റിൽ തുനീഷ്യയുടെ ആബ്ദിയിൽനിന്ന് ജെബാലിയിലേക്ക്. തുടർന്ന് ഡ്രാഗറുടെ ലോങ് റേഞ്ചർ. അത് പോസ്റ്റിലേക്കായിരുന്നെങ്കിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നേനെ. കോർണർ കിക്കുകളും അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെടുന്നതിനിടെ പന്ത് ഡാനിഷ് താരങ്ങളുടെ വരുതിയിലേക്ക്. പിന്നെയും പ്രത്യാക്രമണങ്ങളിലൂടെ തുനീഷ്യയുടെ മുന്നേറ്റം. 17ാം മിനിറ്റിൽ ലെയ്ഡൗണി മധ്യഭാഗത്ത് ഡെലാനിക്ക് നൽകിയ ത്രൂ ബാൾ ഇടുന്നു ബുള്ളറ്റ് പോലെ പോസ്റ്റിലേക്ക് ചെന്നെങ്കിലും ഗോളി ഷ്മീഷേൽ ഒരിക്കൽകൂടി ഡെന്മാർക്കിന്റെ രക്ഷകനായി. ഫ്രീ കിക്ക് ഉപയോഗപ്പെടുത്താനാവാതെ ഡാനിഷ് പട നിരാശരായിരിക്കെ 22ാം മിനിറ്റിൽ മൂന്ന് ഡിഫൻഡർമാരെയും ഗോളിയെയും വെട്ടിച്ച് ജെബാലി പന്ത് വലയിലാക്കി. തുനീഷ്യൻ ക്യാമ്പിന്റെ ആഹ്ലാദം തുടങ്ങും മുമ്പെ റഫറിയുടെ ഓഫ്സൈഡ് വിളി.
29ാം മിനിറ്റിൽ തുനീഷ്യയുടെ ഗോൾമുഖത്ത് അനക്കമുണ്ടാക്കാൻ ഡെലാനി നടത്തിയ ശ്രമത്തിനിടെ പ്രതിരോധനിരയുടെ ഇടപെടൽ. 33ാം മിനിറ്റിൽ ഡ്രാഗർ ബോക്സിനകത്ത് വീണതോടെ പെനൽറ്റിക്ക് വേണ്ടിയുള്ള തുനീഷ്യൻ താരങ്ങളുടെ അപ്പീൽ റഫറി കണ്ടില്ലെന്ന് നടിച്ചു. 37ാം മിനിറ്റിൽ ഡെന്മാർക്കിന്റെ എറിക്സനും ക്രിസ്റ്റൻസനും ചേർന്നൊരു നീക്കം. ഇതിന് ഡ്രാഗറാണ് വിലങ്ങുതടിയായത്. 42ാം മിനിറ്റിൽ ഡെന്മാർക്ക് ഗോളി ഷ്മീഷേലിന്റെ അതിശയിപ്പിക്കുന്ന സേവ്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ജെബാലിയുടെ ഭാഗത്ത് നിന്നുണ്ടായ ഫൗളുകൾ പക്ഷേ, ഡെന്മാർക്കിന്റെ സ്കോർ ബോർഡിൽ ചലനമുണ്ടാക്കാനുതകുന്നതായില്ല.
തുനീഷ്യയുടെ മുന്നേറ്റത്തിലൂടെയാണ് രണ്ടാം പകുതി ചൂടുപിടിച്ചത്. ജെബാലി തുടരെത്തുടരെ ഡാനിഷ് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തിയെങ്കിലും 50 മിനിറ്റ് പിന്നിട്ടിട്ടും ഗോൾ അകന്നുനിന്നു. 55ാം മിനിറ്റിൽ മറ്റൊരു 'ഓഫ് സൈഡ് ഗോൾ'. ഇത്തവണ നിർഭാഗ്യം ഡെന്മാർക്കിന്. ബോക്സിനുള്ളിൽനിന്ന് മെഹ്ലി പന്ത് സ്വീകരിച്ച് പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തു. ഗോളി ഡാഹ്മെൻ അത് വഴിതിരിച്ചുവിടാൻ ശ്രമിച്ചു. റീബൗണ്ട് ചെയ്ത പന്ത് ഓൾസെൻ ഫിനിഷ് ചെയ്തെങ്കിലും അത് ഓഫ്സൈഡായി വിധിവന്നു. അവസാന അരമണിക്കൂറിലേക്ക് കടന്നപ്പോൾ കൊണ്ടും കൊടുത്തും ഗോൾ നേടാനുള്ള ഊർജിത നീക്കങ്ങളുമായി ഇരു ടീമും കളംനിറഞ്ഞു. 62ാം മിനിറ്റിൽ ഓൾസെനും ഡോൾബെർഗും ചേർന്നൊരു വിഫലശ്രമം.
64ാം മിനിറ്റിൽ ഡെൻമാർക്ക് ട്രിപ്ൾ സബ്. ഓൾസെൻ, ഡോൾബെർഗ്, കെജെർ എന്നിവർക്ക് പകരം ലിൻഡ്സ്ട്രോം, കൊർണേലിയസ്, ജെൻസൻ എന്നിവരെത്തി. 68ാം മിനിറ്റിൽ എറിക്സന്റെ വെടിയുണ്ട സേവ് ചെയ്തു തുനീഷ്യൻ ഗോളി. അടുത്ത മിനിറ്റിൽ ഡാനിഷ് ടീമിന് മറ്റൊരു നിർഭാഗ്യം. കോർണർ കിക്കിനൊടുവിൽ പന്ത് പോസ്റ്റിൽത്തട്ടി. തുടരെ ലഭിച്ച ഫ്രീ കിക്കുകളും കോർണർ കിക്കുകളും ലക്ഷ്യംതെറ്റിയപ്പോൾ കളി സമനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചന കണ്ടുതുടങ്ങി. അവസാന മിനിറ്റുകളിൽ പന്ത് പൂർണമായും തുനീഷ്യയുടെ ഗോൾമുഖത്ത് നിർത്താൻ ഡെന്മാർക്കിന് കഴിഞ്ഞത് മിച്ചം. അഞ്ച് മിനിറ്റ് അധിക സമയത്ത് ഡാനിഷ് ടീമിന് ലഭിച്ച മൂന്ന് കോർണർ കിക്കുകളും ലക്ഷ്യം തെറ്റി. രണ്ടാമത്തെ കോർണർ കിക്ക് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പന്ത് അബദ്ധത്തിൽ യാസീൻ മെറീഹയുടെ കൈയിൽ തട്ടിയെങ്കിലും റഫറി പെനാൽറ്റി അപ്പീൽ സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.