ദോഹ: സൗദി അറേബ്യക്കെതിരെ ജയിച്ചു കയറിയിട്ടും പ്രീക്വാർട്ടറിലേക്കുള്ള വഴിയടഞ്ഞ് മെക്സിക്കോ. അവസാന പതിനാറിൽ കടക്കാൻ വിജയം അനിവാര്യമായിരുന്ന അവർ ഒന്നിനെതിരെ രണ്ടു ഗോളിന് ഏഷ്യക്കാരെ കീഴടക്കിയെങ്കിലും ആവശ്യമായ ഗോൾശരാശരിയില്ലാതെ പുറത്താവുകയായിരുന്നു. ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ പോളണ്ടിനെ മറികടന്ന് മെക്‌സിക്കോക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാമായിരുന്നു. വലയിലെത്തിച്ച രണ്ട് ഗോളുകള്‍ ഓഫ് സൈഡായതും അവർക്ക് തിരിച്ചടിയായി. 1978ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോ പുറത്താവുന്നത്. ഹെൻറി മാർട്ടിൻ (47), ലൂയിസ് ഷാവേസ് (52) എന്നിവരാണ് മെക്സിക്കോയ്ക്കായി ഗോൾ നേടിയത്. സൗദിയുടെ സമനില ഗോൾ ഇഞ്ചുറി ടൈമിൽ സലേം അൽ ദവാസാരിയുടെ വകയായിരുന്നു.
ഗ്രൂപ്പ് സിയിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോളണ്ടിനെ തോൽപിച്ച അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്തി. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി പോളണ്ടും മുന്നേറി. ഡിസംബർ മൂന്നിന് നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. പിറ്റേന്ന് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോളണ്ട് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം അഞ്ച് മിനിറ്റിന്റെ ഇടവേളയിലാണ് മെക്സിക്കോ സൗദി വല രണ്ടുതവണ കുലുക്കിയത്. 47ാം മിനിറ്റിൽ മെക്സിക്കോക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്നാണ് ഹെൻറി മാർട്ടിൻ ആദ്യ ഗോൾ നേടിയത്. പിന്നാലെ 52ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് ലൂയിസ് ഷാവേസ് ലീഡ് വർധിപ്പിച്ചു. ആദ്യപകുതിയിൽ മെക്സിക്കോ ഒട്ടേറെ സുവർണാവസരങ്ങൾ പാഴാക്കിയിരുന്നു. മത്സരത്തിൽ 61 ശതമാനവും പന്ത് കൈവശം വെച്ചത് മെക്സിക്കോയായിരുന്നു. 26 ഷോട്ടുകൾ അവർ ഗോൾ ലക്ഷ്യമാക്കി പായിച്ചപ്പോൾ സൗദിയുടേത് പത്തിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.