ദോഹ: നവംബർ 26ലെ രാത്രി. ഗ്രൂപ് ‘സി’യിൽ മെക്സികോക്കെതിരെ അർജന്റീനയുടെ രണ്ടാം മത്സരം. കലാശപ്പോരു നടന്ന അതേ ലുസൈൽ സ്റ്റേഡിയമാണ് വേദി. തോറ്റാൽ അർജന്റീനക്ക് ആദ്യ കടമ്പ പിന്നിടാതെ നാണംകെട്ട് നാട്ടിലേക്ക് മടങ്ങാം. ഒരു മണിക്കൂറും മൂന്നുമിനിറ്റും പിന്നിട്ടിട്ടും ഗോളടിക്കാൻ കഴിഞ്ഞിട്ടില്ല. എന്തു ചെയ്യണമെന്നറിയാതെ അർജന്റീന അന്ധാളിച്ചുനിൽക്കുമ്പോൾ വലതു വിങ്ങിൽനിന്നതാ കൊള്ളിയാൻ പോലൊരു പാസ്. ബോക്സിൽ നിരന്നുനിന്ന മെക്സിക്കൻ പ്രതിരോധത്തിന് അടുത്ത ചുവട് തീരുമാനിക്കാൻ സമയമെത്തുംമുമ്പ് ലയണൽ മെസ്സി വെടിപൊട്ടിച്ചു കഴിഞ്ഞിരുന്നു. നാണംകെട്ട പടിയിറക്കത്തിന്റെ ആശങ്കകളെ ഗോൾവര കടത്തി കിരീടത്തിലേക്കുള്ള അർജന്റീനയുടെ ആദ്യ അടയാളപ്പെടുത്തലായിരുന്നു അത്.
മെസ്സിയിലേക്കുള്ള ആ പാസ് നാട്ടുകാരൻകൂടിയായ കൂട്ടുകാരന്റെ വകയായിരുന്നു. എയ്ഞ്ചൽ ഫാബിയൻ ഡി മരിയ എന്ന മഹാപ്രതിഭയിൽനിന്ന്. ലയണൽ മെസ്സിയുടെ കാലത്ത് പിറവി കൊണ്ടതുകൊണ്ടുമാത്രം രണ്ടാമനിലേക്ക് ഒതുങ്ങിപ്പോവേണ്ടിവന്ന ജീനിയസ്. പന്തടക്കത്തിലും പാസിങ്ങിലും ക്രോസിങ്ങിലും സെറ്റ്പീസുകളിലുമൊക്കെ അഗ്രഗണ്യൻ. ഇടതു, വലതു വിങ്ങറോ അറ്റാക്കിങ് മിഡ്ഫീൽഡറോ? ഏതു പൊസിഷനിലും കളിക്കാൻ റെഡി. 34ാം വയസ്സിലും വേഗവും കരുത്തും തന്ത്രങ്ങളുമൊക്കെ ഗംഭീരം. ഇടംകാലിൽ പന്തുകൊരുത്ത് എയ്ഞ്ചൽ കുതിച്ചുവരുമ്പോഴുള്ള ആ ചന്തമൊന്നുവേറെ.
അതുമാത്രമല്ല അയാളുടെ ശക്തി. സമ്മർദവേളകളെന്നു തോന്നിക്കുന്ന ഘട്ടങ്ങളിൽ ഒരു സ്വപ്നാടകനെപ്പോലെ എതിരാളികളുടെ നിയന്ത്രണഭൂവിലേക്ക് നിരന്തരം കയറിയെത്തുകയെന്നത് ഏയ്ഞ്ചലിനൊരു ഹരമാണ്. കിരീടം കാത്തിരിക്കുന്ന ഫൈനലാണെങ്കിൽ അയാൾക്കത് ഉത്സവവും. ആ കുതറിത്തെറിക്കലുകളിൽ അർജന്റീന ചാമ്പ്യൻപട്ടത്തിലേറുന്നതിന്റെ ഹാട്രിക്കാണ് ഖത്തറിൽ നടന്നത്.
ഫ്രാൻസിനെതിരെ ഫൈനലിൽ കണ്ടതും അതുതന്നെയാണ്. ആദ്യ രണ്ടു ഗോളും പിറന്നത് ഡി മരിയ ബ്രില്യൻസിൽനിന്നായിരുന്നു. ഫൈനലിന്റെ ആദ്യ ഒരു മണിക്കൂറും മൂന്നു മിനിറ്റും 52 സെക്കൻഡും- ആ സമയങ്ങളിൽ ഏയ്ഞ്ചൽ ഡി മരിയയായിരുന്നു താരം. മെസ്സിയും ഡി മരിയയും ഒന്നിച്ചുണ്ടായിരുന്ന വേളകളെ ഫ്രഞ്ചുകാർ അത്രയധികം ഭയന്നു. ഏതുവഴിയിൽ, എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ അവർ കുഴങ്ങി. ഒടുവിൽ ഡി മരിയ തിരിച്ചുകയറിയപ്പോഴാണ് എതിരാളികൾ ശ്വാസം വിട്ടത്. ഫ്രാൻസ് കളിയിലേക്ക് തിരിച്ചുവന്നത് അതിനുശേഷം മാത്രമാണ്.
അപ്പോൾ ചിന്തകൾ 2014ലേക്ക് പറക്കും. അന്ന് ജർമനിക്കെതിരായ ഫൈനലിൽ ഏയ്ഞ്ചൽ പരിക്കേറ്റ് പുറത്തിരുന്നില്ലായിരുന്നുവെങ്കിൽ? കഥ മറ്റൊന്നായേനേ എന്ന് കരുതുന്നവരാണ് അധികവും. കാരണം, അയാൾ എല്ലാം തികഞ്ഞാരു ‘ഫൈനൽ മെറ്റീരിയലാ’ണ്. ഒളിമ്പിക് ഗെയിംസ്, കോപ അമേരിക്ക, ഇപ്പോൾ ലോകകപ്പ്. ഈ മൂന്നിലും ഫൈനലിൽ ഗോളടിച്ച് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച അസാമാന്യൻ. ഈ മൂന്നു ഫൈനലുകളിലും സ്കോർ ചെയ്ത ലോകത്തെ ഏക കളിക്കാരൻ. ഈ വർഷം ഫൈനലിസ്സിമയിൽ ഇറ്റലിക്കെതിരെയും സ്കോർ ചെയ്തു എയ്ഞ്ചൽ.
അണ്ടർ 20 തലം മുതൽ അർജന്റീനക്ക് വേണ്ടി ഒന്നിച്ചുകളിക്കുന്ന റൊസാരിയോക്കാരിൽ ആ പാരസ്പര്യം കളത്തിലും പുലരുന്നത് സ്വാഭാവികം മാത്രം. മെസ്സി ഏതുസമയത്ത്, ഏതു പൊസിഷനിലുണ്ടാകുമെന്നും അയാൾക്കെന്തൊക്കെ ചെയ്യാനാകുമെന്നും കൃത്യമായി അറിയുന്നത് എയ്ഞ്ചലിനാണ്. അർജന്റീനയിൽ മാത്രമല്ല, പി.എസ്.ജിയിലും അവരൊന്നിച്ചുണ്ടായിരുന്നു. മെക്സികോക്കെതിരെ ആ പാസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അവർ തമ്മിലൊരു ആശയവിനിമയം നടന്നിരുന്നു. ‘ആ നിമിഷത്തിനുവേണ്ടി കാത്തിരുന്നു ഞാൻ. ഒത്തുവന്നപ്പോൾ പന്ത് മെസ്സിയിലേക്ക് പാസ് ചെയ്തു. അവൻ തകർപ്പൻ ഗോളും നേടി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം കളത്തിലിറങ്ങാൻ അവസരം ലഭിച്ചയാളാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം ലിയോയാണ് എനിക്കെല്ലാം’- മെക്സികോക്കെതിരായ മത്സരശേഷം എയ്ഞ്ചൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.