ഏഷ്യൻ സിംഹങ്ങളായി എത്തി അവസാനം വരെ ഒപ്പംനിന്ന ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒറ്റയാനായി നേരിട്ട് കീഴടക്കിയ ഹീറോയാണ് ക്രൊയേഷ്യക്കാർക്ക് ഗോളി ഡൊമിനിക് ലിവാകോവിച്ച്. അൽജനൂബ് മൈതാനത്ത് നിറഞ്ഞൊഴുകിയ കാളികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച കളിയിലുടനീളം ലിവാകോവിച്ച് ഒരു പിടി സേവുകളുമായി മുന്നിൽനിന്നു. തുടക്കത്തിൽ ഹെഡറിൽ വീണ ഒരു ഗോളിന്റെ ക്ഷീണം തീർത്ത് മനോഹരമായ പ്രകടനമായിരുന്നു ഉടനീളം ബാറിനു കീഴിൽ.
2015 മുതൽ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സഗ്രബിനു വേണ്ടി ഗോൾവല കാക്കുന്ന താരം ജപ്പാന്റെ മൂന്നു വിലപ്പെട്ട ഷോട്ടുകളാണ് കൈകൾ നീട്ടിപ്പിടിച്ച് തടുത്തിട്ടത്. മുൻനിര താരങ്ങളായ കൗറു മിറ്റോമ, തകുമി മിനാമിനോ, മായ യോഷിദ എന്നിവരുടെ കിക്കുകൾ ലിവാകോവിച്ച് തടുത്തിട്ടപ്പോൾ ഒരു ഷോട്ട് മാത്രം ഗോൾവല കടന്നു. ആദ്യ രണ്ടു കിക്കുകളും ലിവാകോവിച്ചിന്റെ കൈകളിലെത്തിയതോടെ ജപ്പാൻ ക്യാമ്പിൽ നിരാശ പടർന്നിരുന്നു. തൊട്ടുപിറകെ അസാനോ വല കുലുക്കിയെങ്കിലും പിന്നെയും ലിവാകോവിച്ചിന്റെ ഭീമൻ കൈകകളുമായി ജപ്പാനെ ചിത്രത്തിനു പുറത്താക്കി. മറുവശത്ത്, ജപ്പാൻ ഗോളി പെനാൽറ്റി കിക്കുകൾക്ക് മുന്നിൽ പതറി.
2018ൽ ക്രൊയേഷ്യൻ ഗോളിയായിരുന്ന ഡാനിയൽ സുബാസിച്, 2006ൽ പോർച്ചുഗലിന്റെ റിക്കാർഡോ എന്നിവരാണ് മുമ്പ് ലോകകപ്പിൽ മൂന്നു പെനാൽറ്റികൾ സേവു ചെയ്തത്.
തന്റെ കരിയറിൽ ഇതുവരെ 14 പെനാൽറ്റികൾ സേവു ചെയ്തിട്ടുണ്ട് ലിവാകോവിച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.