ഇത്തവണ കിരീടം അർജന്റീനക്കെന്ന് പ്രവചിച്ച് ഇ.എ സ്പോർട്സ്

ലണ്ടൻ: ഖത്തറിലെ അൽബൈത് കളിമുറ്റത്ത് നവംബർ 20ന് ലോകസോക്കർ മാമാങ്കത്തിന് കിക്കോഫ് വിസിൽ മുഴങ്ങാനിരിക്കെ ആര് കപ്പുമായി മടങ്ങുമെന്ന സാധ്യത ചർച്ചകളിലാണ് ലോകം. ആറു ഭൂഖണ്ഡങ്ങളിൽനിന്നായി 32 വമ്പന്മാരാണ് ഇത്തവണ കപ്പുംതേടി എത്തുന്നത്. എന്നാൽ, കോപ അമേരിക്ക ഫൈനലിന്റെ തനിയാവർത്തനമായി ബ്രസീലിനെ വീഴ്ത്തി അർജന്റീന 1986നു ശേഷം ആദ്യ ലോകകിരീടം മാറോടു ചേർക്കുമെന്ന് പറയുന്നു വിഡിയോ ഗെയിം നിർമാതാക്കളായ ഇ.എ സ്‍പോർട്സ്. 2010, 2014 , 2018 വർഷങ്ങളിലെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ചവരാണ് ഇ.എ സ്‍പോർട്സ്.

എന്നാൽ, നിലവിലെ ഫിക്സ്ചർ പ്രകാരം അർജന്റീനയും ബ്രസീലും കലാശപ്പോരിൽ മുഖാമുഖം വരാൻ സാധ്യതയില്ലെന്നും അത് സെമിയിൽ സംഭവിക്കാമെന്നുമുൾപ്പെടെ ഇതിന് തിരുത്ത് നിർദേശിക്കുന്നവരുമേറെ. ഇ.എ സ്‍പോർട്സ് അവതരിപ്പിക്കുന്ന നോക്കൗട്ട് സാധ്യത ഫിക്സ്ചറിൽ മൊത്തം അബദ്ധങ്ങളെന്ന് വ്യക്തമാക്കുന്നവരുമുണ്ട്.

ഏറ്റവും കരുത്തരായ ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, നെതർലൻഡ്സ്, സ്‍പെയിൻ, പോർച്ചുഗൽ തുടങ്ങി ടീമുക​​ളേറെയുള്ള ലോകകപ്പിൽ ഇത്തവണ ആര് കപ്പുയർത്തുമെന്ന് പ്രവചിക്കുക പ്രയാസമാണെന്നതാണ് വസ്തുത. ഏറ്റവും മികച്ച ഫോം സൂക്ഷിക്കുന്ന ബ്രസീലിനും ഫ്രാൻസിനും സാധ്യത കൽപിക്കുന്നവരേറെ. എന്നാൽ, അദ്ഭുതങ്ങൾ സംഭവിക്കാമെന്നും ഇത്തിരിക്കുഞ്ഞന്മാരിലാരെങ്കിലും വലിയ ഉയരങ്ങൾ പിടിക്കാമെന്നും പറയുന്നവരുമുണ്ട്.

ഇ.എ സ്‍പോർട്സ് പ്രവചന പ്രകാരം നോക്കൗട്ട് സാധ്യതങ്ങൾ ഇങ്ങനെ:

ഗ്രൂപ് ഘട്ടം

ടൂർണമെന്റ് ഫാവറിറ്റുകളായ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ജർമനി ടീമുകൾ ഗ്രൂപ് ഘട്ടത്തിലെ മൂന്നു കളികളും ജയിച്ച് പ്രീക്വാർട്ടറിലെത്തും. ഗ്രൂപ് ബിയിൽ യു.എസ് ഒന്നാമതാകുകയും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്യും.

പ്രീക്വാർട്ടർ

യൂറോപ്യൻ കരുത്തരായ ഇംഗ്ലണ്ടും നെതർലൻഡ്സും തമ്മിലാകും ഒരു മത്സരം. കളിയിൽ 3-1ന് ഡച്ചുകാർ കടക്കും. അർജന്റീന ഡെൻമാർകിനെയും ​ഫ്രാൻസ് പോളണ്ടിനെയും ബ്രസീൽ കൊറിയയെയും പോർച്ചുഗൽ സ്വിറ്റ്സർലൻഡിനെയും വീഴ്ത്തി മുന്നേറും. കൊറിയക്കെതിരെ 3-0നാകും സാംബ പ​ടയോട്ടമെങ്കിൽ പോർച്ചുഗലിന്റേത് രണ്ടു ഗോൾ ജയമാകും. യു.എസ്.എ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗാളിനെ മറികടക്കുമ്പോൾ ക്രൊയേഷ്യ കരുത്തരായ സ്‍പെയിനിനെയും വീഴ്ത്തും. ജർമനി- ബെൽജിയം ആവേശപ്പോരിൽ അവസാന ചിരി ജർമനിക്കാകും.

ക്വാർട്ടർ പോരാട്ടങ്ങൾ

അർജന്റീനക്ക് യൂറോപ്യൻ പവർഹൗസുകളായ ഡച്ചുപടയാകും അവസാന എട്ടിലെ എതിരാളികൾ. എതിരില്ലാത്ത ഒരു ഗോളിനാകും നീലക്കുപ്പായക്കാരുടെ ജയം. ഫ്രാൻസ് യു.എസ്.എയെയും പോർച്ചുഗൽ ക്രൊയേഷ്യയെയും തോൽപിക്കും. ജർമനിക്കെതിരെ 2014ലെ വൻവീഴ്ചക്ക് പ്രതികാരത്തിന് അവസരം കൈവരുന്ന ബ്രസീൽ ഏകപക്ഷീയമായ മൂന്നു ഗോളിന് വിജയിച്ച് സെമിയിലെത്തും.

സെമിഫൈനലുകൾ

2018ലെ ലോകകപ്പ് ക്വാർട്ടറിന്റെ ഓർമ പുതുക്കി അർജന്റീന- ഫ്രാൻസ് പോരാട്ടമാകും ആദ്യ സെമിയിൽ. കടുത്ത പോരാട്ടത്തിൽ ഒരു ഗോൾ ജയവുമായി ലാറ്റിൻ അമേരിക്കക്കാർ കലാശപ്പോരിലേക്ക് ടിക്കറ്റെടുക്കും. ബ്രസീൽ-​ പോർച്ചുഗൽ പോരാട്ടം എക്സ്ട്രാ ടൈമിലെത്തും. ഷൂട്ടൗട്ട് വരെ നീളുന്ന കളിയിൽ ബ്രസീൽ കടക്കും.

ഒടുവിൽ 1990നു ശേഷം ആദ്യമായി ലാറ്റിൻ അമേരിക്കൻ പോരാട്ടം കാണുന്ന ഫൈനലിൽ മെസ്സി ഗോളിൽ അർജന്റീന കപ്പുമായി മടങ്ങുമെന്നും ഇ.എ സ്‍പോർട്സ് പ്രവചനം പറയുന്നു. 

Tags:    
News Summary - EA Sports simulator predicts Messi-led Argentina to win Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.