ലോകകപ്പ് നേരിൽകാണുക എന്നത് ഏതൊരു ഫുട്ബാൾ പ്രേമിയുടെയും സ്വപ്നമാണ്. അപ്പോൾ, ലോകകപ്പിന്റെ ഫൈനൽ കാണുന്നതോ? അങ്ങനെയൊരു സ്വപ്നത്തിലേക്ക് അപ്രതീക്ഷിതമായാണ് ഞാൻ എത്തിയത്. 2018ലെ റഷ്യൻ ലോകകപ്പിന്റെ കലാശപ്പോരിൽ ഫ്രാൻസും ക്രൊയേഷ്യയും തമ്മിലെ മത്സരം കാണാൻ ഭാഗ്യം ലഭിച്ചതിനെ സ്വപ്നതുല്യം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കേണ്ടത്.
കോസ്മോ ട്രാവൽസിന്റെ സ്പോർട്സ് ടൂറിസം പാക്കേജിൽ റഷ്യയിലേക്ക് തിരിച്ച ഫാൻ ഗ്രൂപ്പിന്റെ എസ്കോർട്ടായാണ് ഞാനും ജൂലൈ 13ന് വിമാനം കയറിയത്. സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുണ്ടായിരുന്നെങ്കിലും ഫൈനൽ കാണാൻ കഴിയുമെന്ന ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ, 15ന് നടന്ന മത്സരം കാണാൻ അപ്രതീക്ഷിതമായി അവസരം ലഭിച്ചു. കലാശപ്പോരിൽ ഏറ്റുമുട്ടിയ ഫ്രാൻസോ ക്രൊയേഷ്യയോ എന്റെ ഇഷ്ട ടീം ആയിരുന്നില്ല. ഫുട്ബാൾ പ്രേമിയെ സംബന്ധിച്ചിടത്തോളം ഇഷ്ട ടീമിനേക്കാൾ വലുതാണല്ലോ ഫുട്ബാൾ എന്ന വികാരം. ചെറിയ ടീമായതിനാൽ ക്രൊയേഷ്യയെയാണ് ഞാൻ പിന്തുണച്ചത്. ഭൂരിപക്ഷവും ഫ്രഞ്ച് ഫാൻസായിരുന്നു സ്റ്റേഡിയത്തിൽ. മലയാളികളെ വളരെക്കുറച്ച് മാത്രമാണ് കണ്ടത്. സ്വന്തം രാജ്യം ഫൈനൽ കളിക്കുമ്പോൾ നിസ്സഹായരായി ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിന് പുറത്ത് ചുറ്റിത്തിരിയുന്ന ക്രൊയേഷ്യൻ കാണികളുടെ നിസ്സഹായാവസ്ഥ സങ്കടകരമായിരുന്നു. ക്രൊയേഷ്യ ഫൈനലിൽ എത്തുമെന്ന് കരുതാത്തതിനാൽ ഇവർ ടിക്കറ്റെടുത്തിരുന്നില്ല. ബ്ലാക്ക് ടിക്കറ്റിന് 5000 ഡോളറായിരുന്നു നിരക്ക്. ജീവിതത്തിലെ സമ്പാദ്യമെല്ലാം പെറുക്കിക്കൂട്ടി ലോകകപ്പ് കാണാൻ എത്തിയ ക്രൊയേഷ്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. എന്നാൽ, അർജന്റീനയെയും ബ്രസീലിനെയുമെല്ലാം പ്രതീക്ഷിച്ച് ഫൈനലിന് ടിക്കറ്റെടുത്തവരും നിരവധിയായിരുന്നു. ഫൈനലിന്റെ വീറും വാശിയും നിറഞ്ഞതായിരുന്നു ആദ്യ പകുതി. തുടക്കത്തിൽ നന്നായി കളിച്ച ക്രൊയേഷ്യക്ക് പിന്നീട് അടിപതറി. ഫ്രാൻസിന്റെ ടീം സ്പിരിറ്റും ഒത്തിണക്കവും വേഗതയും ക്രൊയേഷ്യയെ വീഴ്ത്തി എന്നതാണ് ശരി. 4-2ന് ജയിച്ചാണ് അന്ന് ഫ്രഞ്ച് പട കപ്പുയർത്തിയത്. മത്സരം തോറ്റെങ്കിലും ക്രൊയേഷ്യൻ ഫാൻസിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് നേരിൽ കാണാൻ അവസരം ലഭിച്ചു. മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ അവർ ചുറ്റും കൂടിനിൽക്കുകയും മത്സര വിശേഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുകയും ചെയ്തു. അവരിൽ ഒരാളായി ഞാനും കുറച്ചുസമയം ക്രൊയേഷ്യക്കാരനായി മാറി.
ഗാലറിയിലെ അതേ ആവേശമായിരുന്നു ഫാൻ സോണിലും. പതിനായിരക്കണക്കിനാളുകൾ മൈതാനത്ത് തടിച്ചുകൂടി ബിഗ് സ്ക്രീനിൽ കളി കാണുന്നത് വേറിട്ട അനുഭവമായിരുന്നു. ടീമിന്റെ ഓരോ നീക്കവും അവർ ആവേശമാക്കി. ഓരോ ഗോളിനും പത്ത് മിനിറ്റോളം ആരവം നീണ്ടു. വിവിധ രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞവർ ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിനായി, ഒരുമിച്ച് നിൽക്കുന്നത് ഇന്നത്തെ കാലത്തെ മനോഹര കാഴ്ചകളിലൊന്നാണെന്ന് തോന്നി. മത്സരം കഴിഞ്ഞാലും നേരം പുലരുംവരെ ആഘോഷമായിരുന്നു.
റഷ്യയിലെത്തുമ്പോൾ മനസ്സിൽ പഴയ സോവിയറ്റ് യൂനിയന്റെ ചട്ടക്കൂടുകളുള്ള രാജ്യമായിരുന്നു. എന്നാൽ, ഇതെല്ലാം മാറ്റിയെഴുതുന്നതായിരുന്നു അവിടെയുണ്ടായ അനുഭവം. പഴയകാല നിർമിതിയാണെങ്കിലും അവിടെയുള്ള മെട്രോ സംവിധാനം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. റഷ്യയിൽ എത്തിയതിന്റെ തൊട്ടടുത്ത ദിവസം മോസ്കോ സന്ദർശിച്ചു. പൗരാണികതക്ക് ഭംഗം വരാതെയാണ് അവിടെയുള്ള ഓരോ നിർമിതിയും. സ്റ്റേഡിയത്തിലും വിമാനത്താവളത്തിലുമെല്ലാം കാണികളെ സ്വീകരിക്കാൻ വൻ സൗകര്യം ഒരുക്കിയിരുന്നു. നാട്ടുകാർ മുതൽ വളന്റിയർമാർ വരെ ഫുട്ബാൾ ഫാൻസിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ്. രണ്ടുദിവസംകൂടി റഷ്യയിൽ തങ്ങിയശേഷം 17നാണ് യു.എ.ഇയിലേക്ക് മടങ്ങിയത്.
ഫാൻ ഗ്രൂപ്പുമായി ഖത്തർ ലോകകപ്പിനും കോസ്മോ ട്രാവൽസ് എത്തുന്നുണ്ട്. വിദേശ രാജ്യത്തെ ഫാൻ ഗ്രൂപ്പിനെ ദുബൈയിൽ എത്തിച്ചശേഷമാണ് ഖത്തറിലേക്ക് തിരിക്കുന്നത്. ഇക്കുറിയും ലോകകപ്പ് ആരവങ്ങളുടെ ഭാഗമാകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.