നാട്ടിലെത്തിയിട്ടും എംബാപ്പെയെ വിടാതെ അർജന്റീന ഗോളി മാർടിനെസ്; സ്വീകരണ യാത്രക്കിടെ കൈയിൽ കരുതി കളിപ്പാവ

കിരീടം യൂറോപിനു തന്നെയാകുമെന്ന് ലോകകപ്പ് തുടങ്ങുംമുമ്പ് മാധ്യമങ്ങൾക്കു മുന്നിൽ വീമ്പുപറഞ്ഞ് വിവാദമുണ്ടാക്കിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ​യെ കിട്ടിയ അവസരങ്ങളിലൊന്നും വിടാതെ അർജന്റീന ഗോളി എമി മാർടിനെസ്. ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി കപ്പുമായി ഡ്രസ്സിങ് റൂമിലെത്തിയ ഉടൻ ഒരു മിനിറ്റ് എംബാപ്പെക്കുവേണ്ടി മൗനം ആചരിച്ച് വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് സ്വീകരണ യാത്രക്കിടെ വീണ്ടും മാർടിനെസ് വക ട്രോളൽ.

‘‘യൂറോപിൽ നേഷൻസ് ലീഗ് പോലെ എല്ലായ്പോഴും ഏറ്റവും മികച്ച ഫുട്ബാൾ തന്നെ കളിക്കുന്നുവെന്നതാണ് ഞങ്ങളുടെ സവിശേഷത. ലോകകപ്പിനെത്തുമ്പോൾ ഞങ്ങൾ ഒരുക്കം പൂർത്തിയായവരാണ്. എന്നാൽ, ലാറ്റിൻ അമേരിക്കയിൽ അർജന്റീനക്കും ബ്രസീലിനും അതില്ല. ഫുട്ബാൾ മറ്റൊരിടത്തും യൂറോപിനെ പോലെ അത്ര മുന്നിലല്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ യൂറോപ്യൻമാർ തന്നെ വിജയം കണ്ടത്’’- എന്നായിരുന്നു കിക്കോഫിന് നാളുകൾക്ക് മുമ്പ് എംബാപ്പെ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

വെല്ലുവിളി ശരിക്കും ഏറ്റെടുത്ത അർജന്റീന സാക്ഷാൽ എംബാപ്പെ മുന്നിൽനിന്ന ഫ്രാൻസിനെ തന്നെ വീഴ്ത്തി കപ്പുമായി മടങ്ങി. ഷൂട്ടൗട്ടിൽ മാർടിനെസ് തന്നെയായിരുന്നു അർജന്റീന ഹീറോ. ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് ഒരു തവണ പോലും പെനാൽറ്റി രക്ഷിക്കാതെ വൻ പരാജയമായപ്പോൾ മാർടിനെസ് ഒന്ന് തടുത്തിട്ടു. മറ്റൊന്ന് പുറത്തേക്ക് പോകുകയും ചെയ്തു. എംബാപ്പെ എടുത്ത കിക്ക് ഗോളായിരുന്നു.


അതേ സമയം, ഖത്തർ ലോകകപ്പിൽ അവസാന നാലിലെത്തിയ രണ്ടു ടീമുകൾ യൂറോപിൽനിന്നായപ്പോൾ ഒന്ന് ആഫ്രിക്കയിൽനിന്നും മറ്റൊന്ന് ലാറ്റിൻ അമേരിക്കക്കാരായ അർജന്റീനയുമായിരുന്നു. അതിനൊടുവിലാണ് യൂറോപും ലാറ്റിൻ അമേരിക്കയും തമ്മിലെ പോരിൽ യൂറോപ് വീണത്.

ചൊവ്വാഴ്ച ബ്യൂണസ് ഐറിസിൽ സ്വീകരണ യാത്രക്കിടെ മാർടിനെസ് കൈയിൽ കരുതിയ കുഞ്ഞുകളിപ്പാവക്ക് എംബാപ്പെയുടെ മുഖമുണ്ടായിരുന്നു. തങ്ങൾക്ക് ഇവൻ കളിപ്പാവക്ക് തുല്യമാണെന്ന സന്ദേശമായിരുന്നു താരം നൽകിയത്. 

Tags:    
News Summary - Emiliano Martinez trolls Kylian Mbappe again during FIFA World Cup celebrations in Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.