കാളികാവ്: സൈക്കിൾ സഞ്ചാരത്തിനിടെ സ്വന്തം നാടിന്‍റെ ലോകകപ്പ് പ്രകടനം കാളികാവിൽ ആസ്വദിച്ച് ബെൽജിയംകാരായ ഇമ്മാനുവലും സുഹൃത്ത് ഒറൈനും. കാളികാവ് അങ്ങാടിയിൽ ഫ്രണ്ട്സ് ക്ലബ്ബ് ഒരുക്കിയ ബിഗ് സ്ക്രീനിലാണ് ഇരുവരും മൊറോക്കോ- ബെൽജിയം പോരാട്ടം ആസ്വദിച്ചത്.
ഏകപക്ഷീയമായ രണ്ട് ഗോളിന് സ്വന്തം ടീം പരാജയപ്പെട്ടെങ്കിലും മലപ്പുറത്തിന്‍റെ ഫുട്ബാൾ ഭ്രമം ആസ്വദിക്കുന്നതിനിടെ അതെല്ലാം അവർ മറന്നു. ഡോക്ടറായ ഇമ്മാനുവലും കെമിക്കൽ എൻജിനീയറായ ഒറൈനും നവംബർ 20നാണ് കൊച്ചിയിലെത്തിയത്. മലമ്പുഴയിൽ നിന്നും ഗൂഡല്ലൂരിലേക്കുള്ള സൈക്കിൾ യാത്രയിലാണ് ഇരുവരും കാളികാവിലെത്തിയത്.
കാളികാവ് കെ.എഫ്.സി മുൻ താരമായ മുജീബ് മാസ്റ്ററാണ് ഇരുവർക്കുമുള്ള താമസസൗകര്യം ഒരുക്കിയത്. കെ.എഫ്.സി മുൻ താരം കൂടിയായ കെ.ടി അഷ്റഫ് കെ. ഷാജി ഇവർക്കൊപ്പം കളി കാണാൻ ഉണ്ടായിരുന്നു. ഇതിൽ ഷാജി ബെൽജിയം ടീമിന്‍റെ കട്ടഫാനാണെന്ന് വിവരം ഇമ്മാനുവലിനും ഒറൈനും ഏറെ സന്തോഷമായി.
മലപ്പുറത്തെ ഫുട്ബാൾ കമ്പത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും അത് നേരിൽ കണ്ടത് ഇപ്പോഴാണെന്ന് ഇരുവരും പറഞ്ഞു. യൂറോപ്പിലൊന്നും ഇതേപോലെ ബിഗ് സ്ക്രീനുകളിൽ ഫുട്ബാൾ കളി ആസ്വദിക്കുന്ന പതിവില്ലെന്ന് ഇമ്മാനുവൽ പറഞ്ഞു. കേരളത്തിന്‍റെ ഫുട്ബാൾ ഭ്രമം വല്ലാത്തതാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഞായറാഴ്ച രാത്രി കാളികാവിൽ തങ്ങിയ ഇമ്മാനുവലും ഒറൈനും തിങ്കളാഴ്ച രാവിലെയോടെ സൈക്കിൾ സവാരി പുനരാരംഭിക്കും. സഞ്ചാരത്തിനു ശേഷം ഇമ്മാനുവൽ ബെൽജിയത്തിലേക്കും ഒറൈൻ ആസ്ട്രേലിയയിലേക്കും യാത്ര തിരിക്കും. ആസ്ട്രേലിയയിൽ സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ സന്ദേശവുമായി 10,000 കിലോമീറ്റർ സൈക്കിൾ സവാരി നടത്താനാണ് ലക്ഷ്യമെന്നും ഒറൈൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.