വെയിൽസ് പിടിച്ച് ഇംഗ്ലീഷ് പട പ്രീക്വാർട്ടറിൽ

അയൽയുദ്ധത്തിന്റെ നിറവും മണവും ആവോളം നൽകിക്കൊണ്ടേയിരുന്ന രണ്ടു രാജ്യങ്ങൾ തമ്മിലെ സോക്കർ പോരു ജയിച്ച് ഇംഗ്ലീഷ് പട. യു.എസിനെതിരെ കഴിഞ്ഞ ദിവസം ഒരു ഗോൾ പോലുമടിക്കാതെ സമനിലയുമായി മടങ്ങിയ സംഘത്തെ അടിമുടി മാറ്റി കോച്ച് ​സൗത്ഗേറ്റ് ഇറക്കിയ ഇലവന്റെ കരുത്തിലാണ് 3-0 ന്റെ ആധികാരിക ജയം പിടിച്ചത്. ഇതോടെ ഗ്രൂപ് ബി ചാമ്പ്യൻമാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിലെത്തി. നോക്കൗട്ടിൽ ഗ്രൂപ് എ രണ്ടാമന്മാരായ സെനഗാളാണ് ഇംഗ്ലണ്ടിന് എതിരാളികൾ.

കഴിഞ്ഞ ദിവസം ഇറങ്ങിയ സംഘത്തിലെ കീറൻ ട്രിപ്പർ, ബുകായോ സാക, സ്റ്റെർലിങ്, മാസൺ മൗണ്ട് എന്നിവരെ പിൻവലിച്ച് ആദ്യ ഇലവനിൽ കൈൽ വാക്കർ, ഫിൽ ഫോഡൻ, മാർകസ് റാഷ്ഫോഡ്, ഹെൻഡേഴ്സൺ എന്നിവർക്ക് അവസരം നൽകിയായിരുന്നു സൗത്​​ഗേറ്റ് ടീമിനെ ഇറക്കിയത്. 10ാം നമ്പറുകാരൻ ആരോൺ രാംസെ, ജൂഡ് ബെല്ലിങ്ങാം എന്നിവരും എത്തി.

ആദ്യ വിസിൽ മുതൽ ഇംഗ്ലണ്ടി​ന്റെ ആധിപത്യമായിരുന്നു മൈതാനത്ത്. അവസരങ്ങൾ സൃഷ്ടിച്ചും എതിരാളികളെ പിടിച്ചുകെട്ടിയും ഇംഗ്ലീഷ് നിര കളി കടുപ്പിച്ചു. 10ാം മിനിറ്റിൽ ഹാരി കെയ്ൻ നൽകിയ പാസിൽ റാഷ്ഫോഡ് ഗോളിനരികെ എത്തിയെങ്കിലും വെയിൽസ് ഗോളി വാർഡ് രക്ഷകനായി. പിന്നെയും മൈതാനം നിറഞ്ഞ് ഇംഗ്ലീഷ് പടയോട്ടം തുടർന്നെങ്കിലും ഗോളിനരികെ മുന്നേറ്റങ്ങൾ അവസാനിച്ചു. ആക്രമണത്തിനു പകരം പ്രതിരോധമാണ് വഴിയെന്ന തിരിച്ചറിവിൽ വെയിൽസ് കോട്ട കാത്തതോടെ പലപ്പോഴും പേരുകേട്ട ഇംഗ്ലീഷ് മുന്നേറ്റം എതിർഗോൾവലക്കു ​മുന്നിൽ ആയുധംമറന്നു.

​ലോകമാദരിക്കുന്ന ഗാരെത് ബെയിലും റാംസെയും നയിച്ച വെയിൽസ് മുന്നേറ്റത്തിനാകട്ടെ, സ്വന്തം പകുതിക്കപ്പുറത്തേക്ക് പന്തെത്തിക്കാൻ പോലും അപൂർവമായേ എതിരാളികൾ അവസരം നൽകിയുള്ളൂ.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം ശരിക്കും ഇംഗ്ലീഷ് പട പുനരവതരിക്കുന്നതാണ് മൈതാനം കണ്ടത്. താളപ്പിഴകൾ മറന്ന് അതിവേഗവുമായി കുതിച്ച റാഷ്ഫോഡും ഫോഡനും സംഘവും തുടർച്ചയായി വെയിൽസ് മുഖത്ത് ഇരമ്പിയാർത്തു. 50ാം മിനിറ്റിൽ റാഷ്ഫോർഡ് എടുത്ത ഫ്രീകിക്ക് വെയിൽസ് നിരക്ക് അവസരമേതും നൽകാതെ പോസ്റ്റിന്റെ വലതു മോന്തായത്തിൽ പതിച്ചു. തൊട്ടടുത്ത മിനിറ്റിൽ ഫോഡനും ലക്ഷ്യം കണ്ടു. ഇതോടെ തളർന്നുപോയ അയൽക്കാരുടെ നെഞ്ചിൽ ആനന്ദ നൃത്തം ചവിട്ടി മുന്നേറിയ ഇംഗ്ലീഷുകാർക്കായി റാഷ്ഫോഡ് തന്നെ വീണ്ടും വല കുലുക്കി. അനായാസമായി പന്ത് വലയിലെത്തിക്കുന്നതിലായിരുന്നു റാഷ്ഫോഡിന്റെ മിടുക്ക്. ​ഇതോടെ താരത്തിന് ഖത്തർ ലോകകപ്പിൽ മൂന്നു ഗോളുകളായി.

മൂന്നുവട്ടം ഗോൾ വീണിട്ടും തിരിച്ചടിക്കാൻ മറന്ന് ഉഴറിയ വെയിൽസിനെതിരെ കൂടുതൽ ഗോളവസരങ്ങൾ തുറന്ന് ഇംഗ്ലണ്ട് തന്നെയായിരുന്നു ആദ്യാവസാനം കളിയിലെ നായകന്മാർ. ആദ്യ കളിയിൽ ഇറാനെ 6-2ന്റെ ജയം പിടിച്ച പ്രകടനത്തോളമായില്ലെങ്കിലും യു.എസിനെതിരെ കളിച്ചതിനെക്കാൾ ടീം ഏറെ മെച്ചപ്പെട്ടു. വെയിൽസിനാകട്ടെ, എണ്ണം പറഞ്ഞ അവസരങ്ങളൊന്നും സൃഷ്ടിക്കാനുമായില്ല. 

Tags:    
News Summary - England beat Wales to enter World Cup PreQuarter Finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.