ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ ഇറാന്‍റെ വല നിറച്ച് ഇംഗ്ലീഷ് ആക്രമണം. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറാനെതിരെ ഇംഗ്ലണ്ട് 6-2ന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. ജൂഡ് ബെല്ലിങ്ഹാം (35), ബുകായോ സാക (43, 62), റഹീം സ്റ്റെർലിങ് (45+1), മാർക്കസ് റാഷ്ഫോർഡ് (72), ജാക്ക് ഗ്രീലിഷ് (90) എന്നിവരാണ് ഇംഗ്ലണ്ടിനായി വല കുലുക്കിയത്.
മെഹ്ദി തരേമിയാണ് ഇറാന്‍റെ രണ്ടു ഗോളുകളും നേടിയത്. 65, 90+13 (പെനാൽറ്റി) മിനിറ്റുകളിലായിരുന്നു ഗോളുകൾ. പന്തടക്കത്തിലൂടെയും പാസ്സിങ് ഗെയിമിലൂടെയും ആദ്യ പകുതിയിൽ ഇംഗ്ലണ്ട് സമ്പൂർണ മേധാവിത്തം പുലർത്തി. കൃത്യമായ ഇടവേളകളിൽ ഇറാൻ ഗോൾ മുഖം ഇംഗ്ലീഷ് താരങ്ങൾ വിറപ്പിച്ചു. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ പരിക്കേറ്റ ഇറാന്‍ ഗോള്‍കീപ്പര്‍ അലിരേസ ബെയ്‌റാന്‍വാന്‍ഡയെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് തിരിച്ചടിയായി.
ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയില്‍ പ്രതിരോധതാരം മജീദ് ഹൊസൈനിയുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാല്‍ നിമിഷങ്ങൾക്കകം ഗോള്‍കീപ്പര്‍ ബെയ്‌റാന്‍വാന്‍ഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. അതോടെ താരത്തെ പിന്‍വലിച്ചു. പകരം ഗോള്‍കീപ്പറായി ഹൊസൈൻ ഹൊസൈനിയെ കളത്തിലിറക്കി. 23ാം മിനിറ്റിൽ ഇംഗ്ലണ്ടിന് സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
ബുക്കയോ സാക്ക വലതു വിങ്ങിൽനിന്ന് ഗോൾ പോസ്റ്റിനു സമാന്തരമായി നൽകിയ ഗ്രൗണ്ട് ഷോട്ട് മേസൺ മൗണ്ട് അടിച്ചെങ്കിലും പോസ്റ്റിനു പുറത്തേക്ക്. 32ാം മിനിറ്റിൽ മഗ്വയറിന്‍റെ ഹെഡർ ബാറിൽതട്ടി തെറിച്ചു. 35ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡ് നേടി. ഇടതുവിങ്ങിൽനിന്ന് ലൂക് ഷോ പോസ്റ്റിലേക്ക് ഉയർത്തി നൽകിയ പന്ത് ജൂഡ് ബെല്ലിങ്ഹാം ഹെഡറിലൂടെ വലയിലെത്തിച്ചു. ഇറാൻ ഗോൾകീപ്പർ ഹൊസൈനി നിസ്സഹായനായിരുന്നു.
ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ബെല്ലിങ്ഹാം. 19 വയസ്സ്. മൈക്കൽ ഓവനാണ് ഒന്നാമതുള്ളത്. 18 വയസ്സും 190 ദിവസവും. 43-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി. യുവതാരം സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. കോര്‍ണര്‍ കിക്കില്‍നിന്ന് വന്ന പന്ത് പ്രതിരോധതാരം ഹാരി മഗ്വയര്‍ സാകക്ക് മറിച്ചുനല്‍കി. പിന്നാലെ സാക്കയുടെ വെടിച്ചില്ല് ഷോട്ട് വലകുലുക്കി. ഗോളിന്റെ ആരവം കെട്ടടങ്ങും മുമ്പെ മൂന്നാം ഗോളുമെത്തി. ഹാരി കെയ്‌നിന്റെ പാസില്‍നിന്ന് സ്റ്റെര്‍ലിങ്ങാണ് വലകുലുക്കിയത്.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. 62ാം മിനിറ്റിൽ ബോക്സിനു മുന്നിൽനിന്ന് ഇറാൻ പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി സാക തൊടുത്ത ഷോട്ട് വലയിലെത്തി. 65ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സിനു മുന്നിൽ ഇറാൻ താരങ്ങൾ നടത്തിയ മികച്ചൊരു മുന്നേറ്റം ഗോളിൽ കലാശിച്ചു. പകരക്കാരനായി ഇറങ്ങിയ ഗോലിസാദെ നൽകിയ പന്താണ് തരേമി വലയിലെത്തിച്ചത്. പിന്നാലെ പകരക്കാരനായി ഇറങ്ങിയ റാഷ്ഫോർഡിലൂടെ ഇംഗ്ലണ്ട് വീണ്ടും ലീഡ് ഉയർത്തി.
90ാം മിനിറ്റിൽ പകരക്കാരാനായെത്തിയ ഗ്രീലിഷ് ഇംഗ്ലണ്ടിന്‍റെ ഗോൾ പട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി തരേമി അനായാസം വലയിലാക്കി. ബെല്ലിങ്ഹാം, ബുകായോ സാക എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പരിശീകലൻ ടീമിന്‍റെ കളത്തിലിറക്കിയത്. ഫിൽ ഫോഡനെ സൈഡ് ബെഞ്ചിലിരുത്തി.
ഇംഗ്ലണ്ട് ടീം: ജോർദാൻ പിക്ക്ഫോർഡ്, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയർ, കീറൻ ട്രിപ്പിയർ, ഡെക്‍ലാൻ റൈസ്, ജൂഡ് ബെല്ലിങ്ഹാം, മേസൺ മൗണ്ട്, ലൂക് ഷോ, ബുക്കയോ സാക്ക, ഹാരി കെയ്ൻ, റഹീം സ്റ്റെർലിങ്.
ഇറാന്‍ ടീം: അലിരേസ ബെയ്‌റൻവന്ദ്, സദേഗ് മൊഹറമി, എഹ്‌സാൻ ഹജ്‌സഫി, മിലാദ് മുഹമ്മദി, അലിരേസ ജഹാൻബക്ഷ്, മൊർട്ടെസ പൗരലിഗഞ്ചി, മെഹ്ദി തരേമി, റൂസ്‌ബെ ചെഷ്മി, അലി കരീമി, മാജിദ് ഹൊസൈനി, അഹ്മദ് നൂറുല്ലാഹി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.